Quantcast

ശബരിമല: കോടതിയലക്ഷ്യ അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതില്‍ നിന്ന് എ.ജി പിന്‍മാറി

അപേക്ഷ പരിഗണിക്കാന്‍ അഡീ. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ ചുമതലപ്പെടുത്തി.

MediaOne Logo

Web Desk

  • Published:

    3 Nov 2018 3:32 PM GMT

ശബരിമല: കോടതിയലക്ഷ്യ അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതില്‍ നിന്ന് എ.ജി പിന്‍മാറി
X

ശബരിമല വിധി നടപ്പാക്കുന്നത് തടഞ്ഞവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള അപേക്ഷകളില്‍‌ തീരുമാനം എടുക്കുന്നതില്‍ നിന്ന് അറ്റോര്‍‌ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പിന്‍മാറി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ പകരം ചുമതലപ്പെടുത്തി.

ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നത് തടഞ്ഞ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള, തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജ കുടുംബാംഗം രാമ വർമ, നടന്‍ കൊല്ലം തുളസി അടക്കമുള്ളവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അഭിഭാഷകരായ ഗീനാകുമാരി, എ വി വർഷ എന്നിവരാണ് അറ്റോര്‍‌ണി ജനറലിന് അപേക്ഷ സമര്‍പ്പിച്ചത്.

1971 ലെ ക്രിമനല്‍ കോടതിയലക്ഷ്യ നിയമപ്രകാരവും സുപ്രീം കോടതി ചട്ടപ്രകാരവും ഇത്തരം അപേക്ഷകള്‍ക്ക് ആദ്യം അറ്റോര്‍ണി ജനറലിന്റെ അനുമതി അനിവാര്യമാണ്. എന്നാല്‍ ഈ അപേക്ഷയില്‍ നിന്ന് പിന്‍മാറിയ എ.ജി കെ.കെ വേണുഗോപാല്‍ പകരം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ തീരുമാനമെടുക്കന്‍ ചുമതലപ്പെടുത്തുകയായിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍‌ തീരുമാനമുണ്ടാകുമെന്ന് തുഷാര്‍മേത്ത വ്യക്തമാക്കി.

കാരണം വെളിപ്പെടുത്താതെയാണ് എ.ജി യുടെ പിന്മാറ്റം. ശബരിമല കേസില്‍ നേരത്തെ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകനാണ് കെ.കെ വേണുഗോപാല്‍. മാത്രമല്ല, ശബരിമല യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധിയെ പരസ്യമായി വിമർശിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story