അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കുന്നതിന് മുമ്പായി പാലക്കാട് നഗരസഭയില്‍ കൗൺസിലറുടെ രാജി
കൽപ്പാത്തിയിൽ നിന്നുള്ള കൗൺസിലർ ശരവണനാണ് രാജി വച്ചത്.
കോൺഗ്രസ് കൗൺസിലർ രാജി വച്ചതോടെ പാലക്കാട് നഗരസഭയിൽ യുഡിഎഫിൻ്റെ അവിശ്വാസ നീക്കം പാളി. ഇടതുപക്ഷം അനുകൂലിച്ച് വോട്ട് ചെയ്തെങ്കിലും നഗരസഭാദ്ധ്യക്ഷനെതിരെയുള്ള അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ ഏക നഗരസഭാ ഭരണം ബി ജെ പി നിലനിർത്തി.
നഗരസഭാധ്യക്ഷക്കും ഉപാധ്യക്ഷനുമെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് കോൺഗ്രസ് അംഗവും കൽപാത്തി വാർഡ് കൗൺസിലറുമായ ശരവണൻ മുന്നണിയെ പ്രതിസന്ധിയിലാക്കി രാജിവച്ചത്. 52 അംഗ കൗൺസിലിൽ പ്രമേയം പാസാവാൻ ചുരുങ്ങിയത് 27 വോട്ട് വേണമെന്നിരിക്കെ ശരവണന്റെ രാജിയോടെ പ്രമേയത്തെ അനുകൂലിച്ചവരുടെ എണ്ണം 26 ലേക്ക് ചുരുങ്ങി. കുതിരക്കച്ചവടമാണ് ബി.ജെ.പി നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.
സി.പി.എമ്മും വെൽഫെയർ പാർട്ടിയും പ്രമേയത്തെ അനുകൂലിച്ചെങ്കിലും കോൺഗ്രസിന്റെ ആത്മാർത്ഥയെ ചോദ്യം ചെയ്ത് രംഗത്തു വന്നു. അവിശുദ്ധ കുട്ടുകെട്ടിൽ വിശ്വാസമില്ലാത്തതിനാലാണ് കോൺഗ്രസ് അംഗം പിന്മാറിയതെന്ന് ബി.ജെ.പി അവകാശപ്പെട്ടു. ആറു മാസം കഴിഞ്ഞ് വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ലക്ഷ്യമിടുന്ന പ്രതിപക്ഷത്തിന് കൽപാത്തി വാർഡിലെ ഉപതെരഞ്ഞെടുപ്പാണ് ഇനി വലിയ വെല്ലുവിളി.
Adjust Story Font
16