Quantcast

ബ്രുവറി ഇടപാട്: മന്ത്രിക്കെതിരെ നടപടി തേടിയുള്ള ആവശ്യം ഗവര്‍ണര്‍ തള്ളി

അഴിമതി നിരോധന നിയമത്തിലെ 17 A ഭേദഗതി പ്രകാരം മന്ത്രിമാർ എം.എൽ.എമാർ എന്നിവർക്കെതിരായ അഴിമതി അന്വേഷിക്കുന്നതിന് സർക്കാരിന്‍റെ അനുമതി വേണം. 

MediaOne Logo

Web Desk

  • Published:

    7 Nov 2018 11:22 AM GMT

ബ്രുവറി ഇടപാട്: മന്ത്രിക്കെതിരെ നടപടി തേടിയുള്ള ആവശ്യം ഗവര്‍ണര്‍ തള്ളി
X

ബ്രുവറി ഇടപാടിൽ എക്സൈസ് മന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ അനുമതി തേടിയുള്ള പ്രതിപക്ഷനേതാവിന്‍റെ ആവശ്യം ഗവർണർ ജസ്റ്റിസ് പി സദാശിവം തള്ളി. മുഖ്യമന്ത്രിയുടെ വിശദീകരണവും ഹൈക്കോടതി വിധിയും പരിഗണിച്ചാണ് ഗവർണറുടെ തീരുമാനം. നാല് തവണയാണ് ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗവർണർക്ക് കത്ത് നൽകിയത്.

അഴിമതി നിരോധന നിയമത്തിലെ 17 A ഭേദഗതി പ്രകാരം മന്ത്രിമാർ എം.എൽ.എമാർ എന്നിവർക്കെതിരായ അഴിമതി അന്വേഷിക്കുന്നതിന് സർക്കാരിന്‍റെ അനുമതി വേണം. ബ്രുവറി ഇടപാടിൽ എക്സൈസ് മന്ത്രിക്കെതിരായ അന്വേഷണത്തിന് സർക്കാരിൻറെ തലവനെന്ന നിലയിൽ ഗവർണറുടെ അനുമതി തേടിയാണ് പ്രതിപക്ഷനേതാവ് അപേക്ഷ നൽകിയത്. ഒക്ടോബർ 1, 4 ,10 ,25 എന്നീ തീയതികളിലായി നാലുതവണ സമാനമായ ആവശ്യമുന്നയിച്ച് രമേശ് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകിയിരുന്നു. തുടര്‍ന്ന് ഗവർണർ മുഖ്യമന്ത്രിയുടെ നിലപാട് തേടി. ഇടപാടിൽ ക്രമക്കേട് ഉണ്ടായിട്ടില്ലെന്നും വിവാദം ഉണ്ടായ സാഹചര്യത്തിൽ ഇടപാടുകൾ റദ്ദാക്കി എന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രളയാനന്തര സംസ്ഥാനം ഒരുമിച്ച് നിൽക്കുന്ന വേളയിൽ വിവാദങ്ങൾക്ക് ഇട നൽകേണ്ടതില്ല എന്നതിനാലാണ് ഇടപാടുകൾ റദ്ദാക്കിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി ഹൈക്കോടതിയും കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതു രണ്ടും പരിഗണിച്ചാണ് അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവിനെ ആവശ്യം ഗവർണർ തള്ളിയത്. ഇക്കാര്യം പ്രതിപക്ഷനേതാവിനെ രേഖാമൂലം അറിയിക്കുകയും ചെയ്തു. സംസ്ഥാനത്ത് പുതുതായി മൂന്ന് ബ്രുവറിക്കും ഒരു ഡിസ്റ്റിലറിക്കും അനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്നും അതിനാല്‍ മന്ത്രി ടി.പി രാമകൃഷ്ണനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു പ്രതിപക്ഷനേതാവിനെ ആവശ്യം. പ്രതിപക്ഷം സർക്കാരിനെതിരായ പ്രധാന ആയുധമായി ഉയർത്തിക്കൊണ്ടുവന്ന ബ്രുവറി ഇടപാട് ക്രമക്കേടിൽ ഗവർണറുടെ നിലപാട് പ്രതിപക്ഷത്തിന് തിരിച്ചടിയാണ്. നിയമപരമായ കൂടിയാലോചന ശേഷം പ്രതിപക്ഷം തുടർനടപടികൾ തീരുമാനിക്കും.

TAGS :

Next Story