Quantcast

‘ഇത് ചരിത്രത്തോടുള്ള അവഹേളനം’; വാഗണ്‍ ട്രാജഡി ചുമര്‍ ചിത്രം മായ്ച്ചു കളഞ്ഞതിനെതിരെ മുഖ്യമന്ത്രി

‘ഇന്ത്യൻ സമര ചരിത്രത്തിൽ എവിടെയും സ്ഥാനമില്ലാത്ത സംഘ്പരിവാർ ശക്തികളുടെ പ്രതിഷേധത്തെ തുടർന്ന് ചുമർ ചിത്രം മായ്ച്ചു കളഞ്ഞത് നീതീകരിക്കാനാവാത്തതാണ്’

MediaOne Logo

Web Desk

  • Published:

    7 Nov 2018 1:38 PM GMT

‘ഇത് ചരിത്രത്തോടുള്ള അവഹേളനം’; വാഗണ്‍ ട്രാജഡി ചുമര്‍ ചിത്രം മായ്ച്ചു കളഞ്ഞതിനെതിരെ മുഖ്യമന്ത്രി
X

തിരൂർ റെയിൽവേ സ്റ്റേഷനിലെ വാഗൺ ട്രാജഡിയെ ചിത്രീകരിച്ച ചുമർചിത്രം മായ്ച്ചു കളഞ്ഞതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര സമരത്തേയും, അതിന്റെ ചരിത്രത്തേയും അവഹേളിക്കുന്നതാണ് റെയിൽവേയുടെ നടപടിയെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇത് തിരുത്താൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടതായും അറിയിച്ചു.

റെയില്‍വെ സ്റ്റേഷനുകള്‍ ഭംഗിയാക്കാന്‍ ഇന്ത്യന്‍ റെയില്‍വെ ദേശീയതലത്തില്‍ നടപ്പാക്കുന്ന പരിപാടിയുടെ ഭാഗമായാണ് വാഗൺ ട്രാജഡി സംഭവം ചിത്രീകരിക്കാൻ തീരുമാനമുണ്ടായത്. ഇന്ത്യൻ സ്വാതന്ത്ര സമരത്തിലെ നിഷേധിക്കാനാവാത്ത ഏടാണ് 1921ലെ മലബാർ വിപ്ലവത്തെ തുടർന്നുണ്ടായ വാഗൺ ട്രാജഡി സംഭവം. എന്നാൽ ഇന്ത്യൻ സമര ചരിത്രത്തിൽ എവിടെയും സ്ഥാനമില്ലാത്ത സംഘ്പരിവാർ ശക്തികളുടെ പ്രതിഷേധത്തെ തുടർന്ന് ആ ചുമർ ചിത്രം മായ്ച്ചു കളഞ്ഞത് നീതീകരിക്കാനാവാത്തതാണ്.

സംഘ ശക്തികൾ, കേന്ദ്രത്തേയും അവരുടെ സംസ്ഥാനങ്ങളിലെയും അധികാരമുപയോഗിച്ച് ഇന്ത്യൻ ചരിത്രം വികൃതമാക്കികൊണ്ടിരിക്കുന്ന ഇൗ സന്ദർഭത്തിൽ എല്ലാവരും ഒന്നിച്ച് നിന്ന് ഇതിനെ പ്രതിരോധിക്കേണ്ടതുണ്ട്. റെയിൽവേ പോലുള്ള പൊതുസ്ഥാപനങ്ങൾ ഇത്തരം ദേശദ്രോഹ പ്രവർത്തനങ്ങളുടെ ചട്ടുകമായി പ്രവർത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരൂരിലെ ചുമർ ചിത്രം മായ്ച്ചു കളഞ്ഞതിൽ വ്യാപകമായ പ്രതിഷേധ പരിപാടികളാണ് നാടൊട്ടുക്കും നടന്നു കൊണ്ടിരിക്കുന്നത്

TAGS :

Next Story