നീതിക്കു വേണ്ടി ഏത് അറ്റം വരെയും പോകുമെന്ന് സനലിന്റെ അമ്മ
പ്രതിയെ പിടി കൂടണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
നീതിക്കു വേണ്ടി ഏത് അറ്റം വരെയും പോകുമെന്ന് നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ അമ്മ രമണി. വേണ്ടി വന്നാൽ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുമെന്നും രമണി പറഞ്ഞു. പ്രതിയെ പിടി കൂടണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
സനലിന്റെ കൊലപാതകം നടന്ന് അഞ്ച് ദിവസമായിട്ടും കേസിലെ പ്രതി ഡി.വൈ.എസ്.പി ബി. ഹരികുമാറിനെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. ഒരു തെറ്റും ചെയ്യാത്ത തന്റെ മകനെയാണ് കൊന്നതെന്നും കേസ് ഉന്നത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അമ്മ രമണി പറഞ്ഞു.
അഞ്ചാം ദിവസവും അറസ്റ്റ് ഉണ്ടാവാത്തതിനാൽ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. സനലിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര പെലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി . നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനിൽ വിശ്വാസമില്ലാത്തതിനാൽ അവരുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ആക്ഷൻ സമിതി. ധനസഹായം ഉൾപ്പടെയുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാനും ആക്ഷൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.
Adjust Story Font
16