Quantcast

രാജ്യത്തിന്റെ അഭിമാനമായ അത്‌ലറ്റ് ഉപജീവനത്തിനായി പുസ്തകവില്‍പന ശാല നടത്തുന്നു

പുസ്തകവില്‍പനയിലൂടെ കണ്ടെത്തുന്ന വരുമാനത്തിന്റെ ഒരു ഭാഗം മാറ്റിവെച്ച് എഴുപതോളം കുട്ടികളെ അത്‌ലറ്റിക്‌സ് പരിശീലിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് രാജേഷ്.

MediaOne Logo

Web Desk

  • Published:

    10 Nov 2018 2:30 PM GMT

രാജ്യത്തിന്റെ അഭിമാനമായ അത്‌ലറ്റ് ഉപജീവനത്തിനായി പുസ്തകവില്‍പന ശാല നടത്തുന്നു
X

രാജ്യാന്തര മീറ്റുകളില്‍ മെഡലുകള്‍ വാരിക്കൂട്ടി രാജ്യത്തിന്റെ അഭിമാനമായ അത്‌ലറ്റ് ഉപജീവനത്തിനായി പുസ്തകവില്‍പന ശാല നടത്തുന്നു. പാലക്കാട് കഞ്ചിക്കോട് സ്വദേശിയും ഏഷ്യന്‍ മാസ്‌റ്റേഴ്‌സ് മീറ്റിലെ മെഡല്‍ ജേതാവുമായ രാജേഷ് ബാലനാണ് ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ സ്ഥിര വരുമാനമുള്ള ഒരു ജോലി നല്‍കാന്‍ പോലും അധികൃതര്‍ തയ്യാറാവാത്തത്. ഇക്കഴിഞ്ഞ സപ്തംബറില്‍ സ്‌പെയിനില്‍ നടന്ന ലോക മാസ്റ്റേഴ്‌സ് മീറ്റില്‍ രാജേഷ് പങ്കെടുത്തത് സ്വന്തം കയ്യില്‍ നിന്ന് പണം ചെലവഴിച്ചാണ്.

കഞ്ചിക്കോട്ടെ സ്‌കൂള്‍ ഗ്രൗണ്ടിലും പാലക്കാട് മെഡിക്കല്‍ കോളേജിന്റെ സിന്തറ്റിക് ട്രാക്കിലുമൊക്കെ പരിശീലിച്ചാണ് രാജേഷ് നേട്ടങ്ങള്‍ സ്വന്തമാക്കിയത്. മൂന്നു വര്‍ഷമായി മാസ്റ്റേഴ്‌സ് മീറ്റില്‍ തുടര്‍ച്ചയായി മത്സരിച്ച് മെഡല്‍ നേടിയ ഈ ഇന്ത്യന്‍ താരം ഇത്തവണ ചൈനയില്‍ നടന്ന ഏഷ്യന്‍ മീറ്റില്‍ 4 x 100 മീറ്റര്‍ റിലേയില്‍ വെള്ളിയും ലോംഗ് ജംപില്‍ ലോക മീറ്റിനുള്ള യോഗ്യതയും നേടി. കൂടെ മത്സരിക്കുന്ന താരങ്ങളെല്ലാം ഉയര്‍ന്ന ഔദ്യോഗിക സ്ഥാനങ്ങളില്‍ ഉള്ളവരായിരിക്കുമ്പോഴാണ് പുസ്തകം വിറ്റ് ജീവിക്കുന്ന താരത്തിന്റെ ഈ നേട്ടം.

മെഡലുകള്‍ നേടി തിരികെയെത്തുമ്പോള്‍ അധികാരികളും ജനപ്രതിനിധികളുമെല്ലാം മുന്നില്‍ നിന്ന് സ്വീകരണങ്ങള്‍ നല്‍കുമെങ്കിലും രാജ്യത്തിന്റെ തന്നെ അഭിമാനമായ ഈ താരത്തിന് സ്ഥിര വരുമാനമുള്ള ഒരു ജോലി നല്‍കാന്‍ ആരും തയ്യാറായില്ല. നാല്‍പതു വയസ്സായതിനാല്‍ റെയില്‍വേ പോലുള്ള സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുമെന്ന് ഇനി പ്രതീക്ഷയുമില്ല.

കായികമേഖലയെ പരിപോഷിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വമുള്ള സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഗൗനിച്ചിട്ടില്ലെങ്കിലും പുസ്തകവില്‍പനയിലൂടെ കണ്ടെത്തുന്ന വരുമാനത്തിന്റെ ഒരു ഭാഗം മാറ്റിവെച്ച് എഴുപതോളം കുട്ടികളെ അത്‌ലറ്റിക്‌സ് പരിശീലിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് രാജേഷ്.

TAGS :

Next Story