ശബരിമല മണ്ഡല മകരവിളക്ക്; പ്രളയത്തിൽ തകർന്ന പമ്പയുടെ പുനരുദ്ധാരണം പാതിവഴിയിൽ
ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ഒരാഴ്ച അവശേഷിക്കുമ്പോൾ പ്രളയത്തിൽ തകർന്ന പമ്പയുടെ പുനരുദ്ധാരണം പാതിവഴിയിൽ. ബേസ് ക്യാമ്പായ നിലക്കലിൽ അധിക സൗകര്യമൊരുക്കുന്നതിനുള്ള ശ്രമങ്ങളും പൂർത്തിയായിട്ടില്ല.
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് 16 ന് വൈകിട്ട് നട തുറക്കാനിരിക്കെ 13ന് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ദേവസ്വം ബോർഡ് ലക്ഷൃമിട്ടത്. എന്നാൽ നിർമ്മാണ പുരോഗതി ഇപ്പോഴും മന്ദഗതിയിലാണ്.
പ്രളയത്തിൽ പമ്പ തീരത്തടിഞ്ഞ മണ്ണ് ഇതുവരെ പൂർണമായി നീക്കിയിട്ടില്ല. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ സുരക്ഷാ ഭീഷണിയായി ഇപ്പോഴുമുണ്ട്. മണൽചാക്ക് നിരത്തി പമ്പയുടെ തീരം ബലപ്പെടുത്തിയെങ്കിലും ശക്തമായ മഴയെ അതിജീവിക്കാനാകുന്നില്ല. കുടിവെള്ള വിതരണം ശുചി മുറികൾ എന്നിവ ഇനിയും സജ്ജമാകാനുണ്ട്. വഴി വിളക്കുകളുടെയും നടപ്പാതയുടെയും സജ്ജീകരണം പുരോഗമിക്കുന്നു. പമ്പയിൽ വിരിവെക്കുന്നതിനും താമസിക്കുന്നതിനും സൗകര്യമുണ്ടാവില്ല. പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന ടാറ്റ പ്രൊജക്ട്സ് രാപ്പകൽ അധ്വാനിക്കുന്നുണ്ടെങ്കിലും പര്യാപ്തമല്ല. ബേസ് ക്യാമ്പായ നിലക്കലിൽ 20000 തീർത്ഥാടകർക്ക് വിരിവെക്കുന്നതിനടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനായിരുന്നു തീരുമാനം. പക്ഷേ ഇവിടെയും പ്രവർത്തനങ്ങൾ പാതി വഴിയിലാണ്.
Adjust Story Font
16