Quantcast

ബന്ധുവിനെ രാജിവെപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കണ്ട: മന്ത്രി കെ.ടി ജലീലിന്റെ രാജി വീണ്ടുമുയര്‍ത്തി യൂത്ത് ലീഗ്

കെ.ടി അദീബിന്റെ രാജികൊണ്ട് പ്രശ്നങ്ങള്‍ തിരില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ

MediaOne Logo

Web Desk

  • Published:

    12 Nov 2018 6:50 AM GMT

ബന്ധുവിനെ രാജിവെപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കണ്ട: മന്ത്രി കെ.ടി ജലീലിന്റെ രാജി വീണ്ടുമുയര്‍ത്തി യൂത്ത് ലീഗ്
X

ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിനെ തള്ളി യൂത്ത് ലീഗ്. സൗത്ത് ഇന്ത്യൻ ബാങ്ക് സ്റ്റാറ്റ്യൂട്ടറി ബോഡിയാണെന്ന ജലീലിന്റെ വാദം സുപ്രീംകോടതി വിധിക്കെതിരാണെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. ബന്ധു നിയമനത്തിന് സഹായകരമാകും വിധം മറ്റ് അപേക്ഷകര്‍ക്ക് ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ നിയമനം നല്‍കിയതായും ഫിറോസ് ആരോപിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം നടത്തിയവരെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

സൌത്ത് ഇന്ത്യന്‍ ബാങ്ക് സ്റ്റാറ്റ്യൂട്ടറി ബോഡിയാണെന്നും സ്റ്റാറ്റ്യൂട്ടറി ബോഡികളിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥ പ്രകാരം നിയമിക്കാമെന്ന ചട്ടമനുസരിച്ചാണ് ബന്ധുവായ കെ.ടി അദീബിനെ നിയമിച്ചതെന്നായിരുന്നു മന്ത്രി കെ.ടി ജലീലിന്റെ വാദം. ഫെഡറല്‍ ബാങ്കുമായി ബന്ധപ്പെട്ട 2003 സെപ്റ്റംബറിലെ സുപ്രീം കോടതി ഉത്തരവ് ഈ വാദത്തെ തള്ളുന്നുവെന്ന് ഫിറോസ് പറഞ്ഞു

നിയമന അപേക്ഷ സര്‍ക്കാരിലേക്ക് പോയതിന് ശേഷമാണ് അദീബ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ എന്‍.ഒ.സി ഹാജരാക്കിയത്. രാജിവെക്കുന്നതിന് മുമ്പു തന്നെ 56000 രൂപ ശമ്പളമായി അദീബ് കൈപ്പറ്റിയിട്ടുണ്ട്. അദീബിന്‍റെ നിയമനത്തെ ന്യായീകരിച്ച് രംഗത്തെത്തിയ മോഹനനെന്നയാളുടെ നിയമനത്തിലും ക്രമക്കേടുണ്ടെന്നും ഫിറോസ് പറഞ്ഞു. ജലീലല്ല പിണറായിയോ കോടിയേരിയോ വന്നാലും സംവാദത്തിന് തയാറാണ്. അദീബിന്‍റെ രാജിയില്‍ സമരം തീരില്ല. ജലീലിന്റെ രാജിവരെ രാഷ്ട്രീയ നിയമപോരാട്ടം തുടരുമെന്നും ഫിറോസ് പറഞ്ഞു.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരം ചെയ്തവരെ പൊലീസ് മര്‍ദിച്ചെന്നാരോപിച്ച് യു.ഡി.എഫ് മലപ്പുറം ചങ്ങരംകുളത്ത്‌ നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. വി.ടി ബല്‍റാം എം.എല്‍.എ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

കെ.ടി അദീബിന്റെ രാജികൊണ്ട് പ്രശ്നങ്ങള്‍ തിരില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും പറഞ്ഞു. മന്ത്രി ജലീല്‍ രാജിവെയ്ക്കും വരെ പ്രതിപക്ഷം പ്രക്ഷോഭം തുടരുമെന്നും മജീദ് കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story