Quantcast

ശബരിമലയില്‍ സര്‍ക്കാരിന് കീറാമുട്ടിയായി യുവതീ പ്രവേശന വിധിയിലെ അനിശ്ചിതത്വം

അതേസമയം കർശന സുരക്ഷയിൽ വിട്ടുവീഴ്ച വരുത്താതെയുള്ള ക്രമീകരണങ്ങളാണ് നിലയ്ക്കൽ മുതൽ സന്നിധാനം വരെ പൊലീസ് ഒരുക്കുന്നത്

MediaOne Logo

Web Desk

  • Published:

    15 Nov 2018 3:10 AM GMT

ശബരിമലയില്‍ സര്‍ക്കാരിന് കീറാമുട്ടിയായി യുവതീ പ്രവേശന വിധിയിലെ അനിശ്ചിതത്വം
X

പ്രളയം വിതച്ച ദുരിതത്തിൽ നിന്നും പൂർണമായി കര കയാറാതെയാണ് മണ്ഡല മകരവിളക്ക് പൂജകൾക്കായി ശബരിമല നട നാളെ തുറക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതക്ക് പുറമെ യുവതീ പ്രവേശന വിധിയിലെ അനിശ്ചിതത്വവും സർക്കാരിന് കീറാമുട്ടിയാണ്. അതേസമയം കർശന സുരക്ഷയിൽ വിട്ടുവീഴ്ച വരുത്താതെയുള്ള ക്രമീകരണങ്ങളാണ് നിലയ്ക്കൽ മുതൽ സന്നിധാനം വരെ പൊലീസ് ഒരുക്കുന്നത്.

തുലാമാസ പൂജകൾക്കും ചിത്തിര ആട്ടവിശേഷ പൂജകൾക്കും ശബരിമലയിലെത്തിയ ഭക്തരെക്കാൾ 10 ഇരട്ടിയാളുകളാകും മണ്ഡലകാലത്ത് ദിവസേന ശബരിമലയിലെത്തുക. യുവതീ പ്രവേശന വിധിക്ക് ശേഷം 2 തവണ നട തുറന്നപ്പോഴും ശബരിമല സംഘർഷ ഭൂമിയായിരുന്നു. സമാന സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ സുരക്ഷാകാര്യങ്ങളിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ഉന്നത പൊലീസ് യോഗത്തിന് ശേഷമാകും ഇക്കാര്യത്തിൽ അന്തിമതീരുമാനം കൈക്കൊള്ളുക. വനിതാവകാശ പ്രവർത്തക തൃപ്തി ദേശായി മല ചവിട്ടാനെത്തുമെന്നറിയിച്ചതിനെ തുടർന്ന് പൊലീസ് കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ട്.

യുവതീ പ്രവേശന വിധിയിൽ തിരുവനന്തപുരത്ത് ഇന്ന് നടക്കുന്ന സർവകക്ഷിയോഗത്തിനും സമവായ ചർച്ചകൾക്കും ശേഷമാകും ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ. നാളെ രാവിലെ 11 മണിക്ക് ശേഷം തീർഥാടകരെ നിലക്കലിലേക്ക് പ്രവേശിപ്പിക്കും. 12 മണിയോടെ കെ.എസ്.ആർ.ടി.സി ബസിൽ ഇവർക്ക് പമ്പയിലേക്ക് പോകാം.

സ്വകാര്യ വാഹനങ്ങൾക്ക് പമ്പയിലേക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പയിലും പരിസര പ്രദേശങ്ങളിലുമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തീർഥാടകരെ വലച്ചേക്കും.മതിയായ കുടിവെള്ള സംവിധാനങ്ങളോ ടോയ്‌ലറ്റ് സൗകര്യങ്ങളോ ഇതുവരെയും ഒരുക്കാനായിട്ടില്ല.

TAGS :

Next Story