ഗജ ചുഴലിക്കാറ്റ്: കേരളത്തിലും ശക്തമായ മഴക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദേശം
കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
തമിഴ്നാട് തീരത്ത് വീശിയ ഗജ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മധ്യകേരളത്തിലൂടെ അറബിക്കടലിലേക്ക് സഞ്ചരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. വൈകുന്നേരത്തോടെ കേരളത്തിലെത്തുന്ന ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം മിക്ക ജില്ലകളിലും ഇന്നലെ രാത്രി മുതല്‍ കനത്ത മഴയുണ്ട്. രണ്ട് ദിവസത്തേക്കാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. പത്തനംതിട്ട ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
ശക്തമായ കാറ്റിനെ തുടർന്ന് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. അതിനാല്‍ മൽസ്യത്തൊഴിലാളികൾ ഇന്ന് മുതൽ ഈ മാസം 20 വരെ അറബിക്കടലിലും കേരള തീരത്തും, ലക്ഷദ്വീപ് ഭാഗത്തും, കന്യാകുമാരി ഭാഗത്തും ഗൾഫ് ഓഫ് മാന്നാറിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ പോയവരോട് എത്രയും വേഗം സുരക്ഷിത തീരത്തേക്ക് മാറാന്‍ ആവശ്യപ്പെട്ടു.
ശക്തമായ കാറ്റിന്‍റെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ മരങ്ങളുടെ കീഴില്‍ പാര്‍ക്ക് ചെയ്യരുതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോരമേഖലകളിലേക്കുള്ള സഞ്ചാരം ഒഴിവാക്കണം. ബീച്ചുകളിലേക്കുള്ള വിനോദസഞ്ചാരവും വിലക്കി. നദീതീരങ്ങളില്‍ താമസിക്കുന്നവരും നേരത്തെ വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരും എമര്‍ജന്‍സി കിറ്റ് തയ്യാറാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
Adjust Story Font
16