Quantcast

ബി.ജെ.പി സംസ്ഥാന വ്യാപകമായി റോഡ് ഉപരോധിച്ചു

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം കാസര്‍ഗോഡ് ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു.

MediaOne Logo

Web Desk

  • Published:

    18 Nov 2018 9:14 AM GMT

ബി.ജെ.പി സംസ്ഥാന വ്യാപകമായി റോഡ് ഉപരോധിച്ചു
X

ശബരിമലയിലെ പൊലീസ് വിലക്ക് ലംഘിച്ച നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ദേശീയപാതകള്‍ ഉപരോധിച്ചു. പലയിടങ്ങളിലായി മണിക്കൂറുകള്‍ ഗതാഗതം തടസപ്പെട്ടു.

കെ സുരേന്ദ്രനെ നിലയ്ക്കലില്‍ നിന്ന് ഇന്നലെ രാത്രിയിലാണ് കസ്റ്റഡിയിലെടുത്തത്. ഇതിനെ തുടര്‍ന്നായിരുന്നു ബി.ജെ.പിയുടെ ദേശീയ പാതയിലെ ഉപരോധ സമരം. തിരുവനന്തപുരം ജില്ലയില്‍ ഓവര്‍ ബ്രിഡ്ജ്, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, വെഞ്ഞാറമൂട്, കട്ടാക്കട എന്നിവടങ്ങളിലാണ് ബി.ജെ.പിയുടെ വാഹനം തടയല്‍ പ്രതിഷേധം നടന്നത്.

ശരണംവിളികളും മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചത്. ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ് കുമാര്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ശബരിമലയില്‍ പൊലീസ് രാജാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമരം നീണ്ടതോടെ പൊലീസ് വാഹനങ്ങള്‍ വഴി തിരിച്ച് വിട്ടു

എറണാകുളം ജില്ലയില്‍ അങ്കമാലി, വൈറ്റില, മൂവാറ്റുപുഴ എന്നിവിടങ്ങളിലായിരുന്നു ഉപരോധം. വൈറ്റിലയില്‍ ദേശീയ പാതയില്‍ ഒരു വശത്തേക്കുള്ള ഗതാഗതം തടസപ്പെടുത്തിയായിരുന്നു ഉപരോധം. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ശബരിമലയില്‍ പോകുന്നവരാരും പാസ് എടുക്കരുതെന്ന് എ.എന്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. പൊലീസ് വഴി തിരിച്ചു വിട്ട വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.

മുവാറ്റുപുഴയില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പത്തനംതിട്ട തിരുവല്ലയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പ്രധാന പാതയായ ചങ്ങനാശ്ശേരി എം.സി റോഡിലാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ ശരണം വിളികളുമായി ഒരുമണിക്കൂറോളം കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം പ്രതാപ് ചന്ദ്ര വര്‍മ്മ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ആറിടങ്ങളിലായായിരുന്നു സമരം. വടകര, കൊയിലാണ്ടി, ബാലുശ്ശേരി, താമരശ്ശേരി, കുന്ദമംഗലം, പാളയം എന്നിവിടങ്ങളില്‍ ഒരു മണിക്കൂറോളം പാത ഉപരോധിച്ചു. താമരശേരിയില്‍ ദേശീയപാത ഉപരോധത്തിനിടെ സമരക്കാര്‍ ബൈക്ക് യാത്രികനെ മര്‍ദ്ദിച്ചു. പോലീസ് ഇടപെട്ട് യാത്രക്കാരനെ രക്ഷപ്പെടുത്തി.

കണ്ണൂരില്‍ രണ്ടിടത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. തലശ്ശേരി താലൂക്ക് ഓഫീസ് പരിസരത്തും കാള്‍ടെക്‌സ് ജംങ്ഷനിലുമാണ് ഉപരോധം നടന്നത്. തലശ്ശേരിയില്‍ നടന്ന ഉപരോധത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. തലശ്ശേരിയില്‍ ജില്ലാ സെക്രട്ടറി വി.പി സുരേന്ദ്രനും കാള്‍ടെക്‌സില്‍ ബി.ജെ.പി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ. രഞ്ജിത്തും പരിപാടി ഉദ്ഘാടനം ചെയ്തു.

TAGS :

Next Story