ഉറങ്ങീയെണീറ്റിറങ്ങിയപ്പോള്‍ ഒരു ഹര്‍ത്താല്‍; രോഗികളടക്കം പെരുവഴിയില്‍
ശബരിമലയിലെത്തേണ്ട അയ്യപ്പ ഭക്തരും അപ്രതീക്ഷിത ഹര്‍ത്താലില്‍ കുടുങ്ങി
കെ.പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനം വലഞ്ഞു. പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞു. ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ശബരിമലയിലെത്തേണ്ട അയ്യപ്പ ഭക്തരും അപ്രതീക്ഷിത ഹര്‍ത്താലില്‍ കുടുങ്ങി.
അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ജനം വലഞ്ഞു. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തിയില്ല. നിരത്തിലിറങ്ങിയ ആംബുലന്‍സും സ്വകാര്യ വാഹനങ്ങളും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. ശബരിമലയിലേക്ക് പോകാനെത്തിയ അയപ്പഭക്തരും ഹര്‍ത്താലില്‍ കുടുങ്ങി. പലയിടത്തും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു.
തിരുവനന്തപുരം കാട്ടാക്കടയില്‍ ഹൃദ്രോഗിയായ വൃദ്ധന്റെ ചായകട ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചു തകര്‍ത്തു. കൊല്ലത്ത് ആംബുലന്‍സുകള്‍ വരെ തടഞ്ഞു.
പുലര്‍ച്ചെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ അറിയാതെ നൂറുകണക്കിന് ആളുകളാണ് രാവിലെ തിരുവനന്തപുരത്ത് വന്നിറങ്ങിയത്. ചികിത്സക്കെത്തിയ രോഗികള്‍ അടക്കം നിരവധി പേര്‍ അക്ഷരാര്‍ഥത്തില്‍ പെരുവഴിയിലായി. പോലീസും സ്വകാര്യ വ്യക്തികളും നല്‍കിയ സഹായം മാത്രമാണ് ഇവര്‍ക്ക് തുണയായത്. യാത്രയിൽ ഉറങ്ങിയെണീറ്റിറങ്ങിയപ്പോഴാണ് കേരളം ഹർത്താലിലാണെന്ന് പലരും അറിഞ്ഞത് തന്നെ. ആവശ്യങ്ങൾ തേടി എത്തിയ രോഗികൾ അടക്കം എല്ലാവരും വലഞ്ഞു. ഹർത്താലിൽ കുടുങ്ങിയവരെ സഹായിക്കാനെത്തിയവരും സമരത്തിന്റെ ചൂടറിഞ്ഞു. ദീർഘദൂരം നടന്ന് വിശന്ന് വലഞ്ഞ് എത്തിയവർക്ക് മാറ്റിവെച്ച സ്കൂൾ ശാസ്ത്രമേളയിലെ ആഹാരം ആശ്വാസമായി. ആകെ പെട്ട് നട്ടം തിരിഞ്ഞവർ ഹർത്താൽ പ്രഖ്യാപിച്ചവരെ പഴിച്ച് മടങ്ങി.
മധ്യകേരളത്തില്‍ ഹര്‍ത്താല്‍ ഭാഗികമായിരുന്നു. എറണാകുളത്ത് പ്രീപെയ്ഡ് ടാക്സികളിൽ 70 ശതമാനവും നിരത്തിലിറങ്ങി. തൃശൂര്‍ ചാലക്കുടിയിലും പേരാമംഗലത്തും കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മലബാര്‍ മേഖലയില്‍ പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി. മലപ്പുറം കോട്ടപ്പടിയിലും കുന്നുമ്മലിലും ഹർത്താൽ അനുകൂലികൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധക്കാരും നാട്ടുകാരും തമ്മിൽ നേരിയ സംഘർഷമുണ്ടായി. പൊലീസ് സംരക്ഷണത്തിലെത്തിയ കെ.എസ്.ആര്‍.ടി.സി ബസുകളും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു.
Adjust Story Font
16