Quantcast

പൊലീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് സംഘപരിവാറിന്റെ പ്രതിഷേധം 

അപ്രതീക്ഷിത നീക്കം തുടക്കത്തില്‍ പൊലീസിനെയും ഞെട്ടിച്ചു.വിരി വെക്കാനും ശരണം വിളിക്കാനും അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് പെരുമ്പാവൂരിലെ രാജേഷിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 

MediaOne Logo

Web Desk

  • Published:

    19 Nov 2018 8:12 AM GMT

പൊലീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് സംഘപരിവാറിന്റെ പ്രതിഷേധം 
X

പൊലീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് ഇന്നലെ രാത്രി സന്നിധാനത്ത് സംഘപരിവാര്‍ പ്രതിഷേധമുയര്‍ത്തിയത്. അപ്രതീക്ഷിത നീക്കം തുടക്കത്തില്‍ പൊലീസിനെയും ഞെട്ടിച്ചു. വിരി വെക്കാനും ശരണം വിളിക്കാനും അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് പെരുമ്പാവൂരിലെ ആർ.എസ്.എസ് നേതാവ് ആർ. രാജേഷിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സമവായത്തിന് പൊലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ വഴങ്ങിയില്ല. ഇതോടെ സമരക്കാരെ കൂട്ടമായി അറസ്റ്റ് ചെയ്ത് നീക്കി.

അയ്യപ്പ വേഷത്തിലെത്തിയ ശേഷം സന്നിധാനത്ത് സംഘടിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രാത്രി പത്തരയോടെയാണ് പ്രതിഷേധം ആരംഭിച്ചത്. വിരി വെക്കുന്നതിലും രാത്രി തങ്ങുന്നതിലും സന്നിധാനത്ത് നിലനില്‍ക്കുന്ന പൊലീസ് നിയന്ത്രണം ലംഘിക്കാനായിരുന്ന് ആര്‍. എസ്.എസ് പ്രവര്‍ത്തകരുടെ ശ്രമം. മാളികപ്പുറത്തിനടുത്ത് വിരിവെക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വലിയ നടപ്പന്തലിലായിരുന്നു പ്രതിഷേധം.

പെരുമ്പാവൂരിലെ ആർ.എസ്.എസ് നേതാവ് ആർ.രാജേഷിന്റെ നേതൃത്വത്തില്‍ ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അപ്രതീക്ഷിത നീക്കത്തില്‍ തുടക്കത്തില്‍ പൊലീസിനെയും ഞെട്ടിച്ചു. സമവായത്തിനും ഒത്തുതീര്‍പ്പിനും പൊലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ വഴങ്ങിയില്ല. രണ്ടുവട്ടം നട്ടതിയ ചര്‍ച്ചയും പരാജയമായി. ആദ്യം അറസ്റ്റിന് സമ്മതിച്ച ശേഷം പിന്നീട് നെയ്യഭിഷേകം നടത്തണമെന്ന നിലപാടിലേക്ക് മാറി. മറ്റ് വഴികള്‍ ഇല്ലാതായതോടെ എസ്.പി പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ്‌ ചെയ്ത് നീക്കി. 69 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സന്നിധാനത്ത് നിന്ന് നടന്ന് ഒരു മണിയോടെ കാല്‍നടയായി പമ്പയിലെത്തിച്ച ഇവരെ പിന്നീട് മണിയാര്‍ പൊലീസ് ക്യാമ്പിലേക്ക് മാറ്റി. സന്നിധാനത്തെയാകെ അഞ്ച് മണിക്കൂറോളം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നാടകീയ നീക്കങ്ങള്‍ക്കാണ് ഇതോടെ അറുതിയായത്.

TAGS :

Next Story