Quantcast

2018ല്‍ ലോകത്തെ സ്വാധീനിച്ച വനിതകള്‍: ബി.ബി.സിയുടെ പട്ടികയില്‍‌ പെണ്‍കൂട്ടിന്റെ വിജിയും

തുണിക്കടകളില്‍ സ്ത്രീകള്‍ക്ക് ഇരിക്കാനുള്ള അവകാശം നേടിക്കൊടുത്ത സമര നായികയെന്ന പേരിലാണ് ബി.ബി.സി തയ്യാറാക്കിയ പട്ടികയില്‍ 73-മതായി കോഴിക്കോട്ടുകാരി വിജി ഇടം പിടിച്ചത്. 

MediaOne Logo

Web Desk

  • Published:

    20 Nov 2018 4:34 AM GMT

2018ല്‍ ലോകത്തെ സ്വാധീനിച്ച വനിതകള്‍: ബി.ബി.സിയുടെ പട്ടികയില്‍‌ പെണ്‍കൂട്ടിന്റെ വിജിയും
X

2018-ല്‍ ലോകത്തെ സ്വാധീനിച്ച 100 വനിതകളുടെ പട്ടികയില്‍ കോഴിക്കോട്ടെ വിജിയും. തുണിക്കടകളില്‍ സ്ത്രീകള്‍ക്ക് ഇരിക്കാനുള്ള അവകാശം നേടിക്കൊടുത്ത സമര നായികയെന്ന പേരിലാണ് ബി.ബി.സി തയ്യാറാക്കിയ പട്ടികയില്‍ 73-മതായി വിജി ഇടം പിടിച്ചത്. മറ്റ് രണ്ട് ഇന്ത്യക്കാരും ബിബിസി പട്ടികയിലുണ്ട്.

2010-ല്‍ കോഴിക്കോട് കേന്ദ്രീകരിച്ച് രൂപം കൊണ്ട പെണ്‍കൂട്ടിന്റെ അമരക്കാരില്‍ പ്രധാനിയാണ് പി. വിജി. കടകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മൂത്രപ്പുര വേണമെന്നാവശ്യപ്പെട്ടായിരുന്നു ആദ്യ സമരം. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിന്റെ വീട്ടില്‍ പോയി നിരാഹാരം വരെയിരുന്നു അന്ന്. ഇ-ടോയ്‌ലെറ്റുകള്‍ തുറന്നത് സമരത്തിന്റെ വിജയം.

കോഴിക്കോട്ടെ കൂപ്പണ്‍മാള്‍ പൂട്ടുന്നതിനെതിരെ 2013-ല്‍ വീണ്ടും സമരത്തിനിറങ്ങി. പിന്നെയും പെണ്ണുങ്ങള്‍ക്ക് വേണ്ടി പല പല സമരങ്ങള്‍. തുണിക്കടയില്‍ സ്ത്രീകള്‍ക്ക് ഇരിക്കാനുള്ള അവകാശം നേടിയെടുത്തതാണ് വിജിയെ പ്രശസ്തയാക്കിയതും, ലോകത്തെ സ്വാധീനിച്ച 100 വനിതകളുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ കാരണമായതും.

കൊല്‍ക്കത്തിയിലെ സുന്ദര്‍ബന്‍സ് തുരുത്തില്‍ ഇഷ്ടിക ഉപയോഗിച്ച് റോഡുണ്ടാക്കാന്‍ മുന്നിട്ടിറങ്ങിയ വ്യവസായി മീന ഗയാന്‍ 33-മതായി പട്ടികയിലുണ്ട്. മഹാരാഷ്ട്രയിലെ സീഡ് മദറെന്ന വിശേഷണമുള്ള റഹീബി സോമ പൊപ്പേരയാണ് പട്ടികയിലുള്ള മറ്റൊരു ഇന്ത്യക്കാരി. നാടന്‍ വിത്തുകളെ സംരക്ഷിച്ച് കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിച്ചതിനാണ് 76-ആം സ്ഥാനം ബി.ബി.സി റഹീബി സോമക്ക് നല്‍കിയത്.

TAGS :

Next Story