Quantcast

ശബരിമലയിലെ പൊലീസ് നടപടി: ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി

രാജ്ഭവനില്‍ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ട് നിന്നു. ശബരിലയിലെ നിരോധനാജ്ഞ പിന്‍വലിക്കുന്നതിന്റെ സാധ്യതകളും ഇരുവരും തമ്മിലുള്ള ചര്‍ച്ചയില്‍ വിഷയമായി.

MediaOne Logo

Web Desk

  • Published:

    22 Nov 2018 3:56 PM GMT

ശബരിമലയിലെ പൊലീസ് നടപടി: ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി
X

ശബരിമലയിലെ പൊലീസിനെതിരായ പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെ വിളിച്ച് വരുത്തി. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍റെ പരാതിയും, ശബരിമലയിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയായെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. പരാതികള്‍ പരിശോധിച്ച് ഉചിതമായി നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ശബരിമല കര്‍മ്മസമിതി, കേരള കോണ്‍ഗ്രസ് എം എന്നിവര്‍ ശബരിമലയിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരിന്നു. ഇതേ തുടര്‍ന്നാണ് ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെ രാജ്ഭവനിലേക്ക് ക്ഷണിച്ച് വരുത്തിയത്. ഉച്ചക്ക് 12.30 ആരംഭിച്ച് കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ട് നിന്നു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളിലെ കുറവ്, കുടിവെള്ള പ്രശ്‌നം എന്നിവ ചര്‍ച്ച ചെയ്തതായി ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.

നിലയ്ക്കലും പമ്പയിലും ഗതാഗത സൌകര്യം മെച്ചപ്പെടുത്തുന്ന കാര്യവും ചര്‍ച്ചയായി. ശബരിലയിലെ നിരോധനാജ്ഞയും പൊലീസ് നടപടിയും, നിരോധനാജ്ഞ പിന്‍വലിക്കുന്നതിന്റെ സാധ്യതകളും ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നു. പൊലീസിനെതിരായ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ പരാതിയും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. വിഷയങ്ങള്‍ പരിശോധിച്ച് ഉചിതമായി നടപടി വേഗത്തില്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും ഗവര്‍ണറുടെ ഓഫീസ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. അതിനിടെ 4.30ന് മുഖ്യമന്ത്രിയുടെ വാര്‍ത്തസമ്മേളനം തീരിമാനിച്ചരുന്നെങ്കിലും ഗവര്‍ണറുടെ വാര്‍ത്തക്കുറിപ്പ് വന്നതിന് പിന്നാലെ അത് ഉപേക്ഷിച്ചു.

TAGS :

Next Story