ശബരിമലയില്‍ തീര്‍ഥാടകയെ അക്രമിച്ച സംഭവം: കെ. സുരേന്ദ്രനടക്കം ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കള്‍ക്കെതിരെ വീണ്ടും കേസ്
ചിത്തിര ആട്ട വിശേഷ സമയത്ത് 52 വയസുകാരിയെ സന്നിധാനത്ത് തടഞ്ഞതില്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. വത്സന്‍ തില്ലങ്കേരി, ആര്‍. രാജേഷ്. വി.വി രാജേഷ്, പ്രകാശ് ബാബു എന്നിവരെയും പ്രതി ചേര്‍ത്തു
ചിത്തിരയാട്ട പൂജാസമയത്ത് ശബരിമല സന്നിധാനത്ത് തീര്‍ഥാടകയെ ആക്രമിച്ച കേസില്‍ കൂടുതല്‍ സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കെ സുരേന്ദ്രനെതിരെ ഗൂഢാലോചനാ കുറ്റം ചുമത്തി നേരത്തേ കേസെടുത്തിരുന്നു. വത്സന്‍ തില്ലങ്കേരി,ആര്‍ രാജേഷ്,വിവി രാജേഷ് ,പ്രകാശ് ബാബു എന്നിവരെയാണ് പൊലീസ് പുതുതായി പ്രതി ചേര്‍ത്തത്.
നിരോധനാജ്ഞ ലംഘിച്ച കേസില്‍ ജാമ്യം ലഭിച്ച കെ.സുരേന്ദ്രന് കണ്ണൂർ മജിസ്ട്രേറ്റ് കോടതിയുടെ വാറണ്ട് കാരണം പുറത്തിങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ചിത്തിര ആട്ട വിശേഷ ദിവസം ശബരിമല ദർശനത്തിന് എത്തിയ 52 വയസുള്ള ഭക്തയെ ആക്രമിച്ച കേസിലാണ് ഇപ്പോള്‍ ഗൂഢാലോചനാക്കുറ്റം ചുമത്തി സുരേന്ദ്രനെ പ്രതിയാക്കിയത്.
സംഭവത്തിൽ അറസ്റ്റിലായ സൂരജ് ഇലന്തൂര്‍ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. സുരേന്ദ്രനെ കൂടാതെ ബി.ജെ.പി നേതാവ് വി.വി രാജേഷ്, യുവമോർച്ച നേതാവ് പ്രകാശ് ബാബു, ആർ.എസ്.എസ് നേതാക്കളായ വത്സൻ തില്ലങ്കേരി, ആർ രാജേഷ് എന്നിവരും കേസില്‍ പ്രതികളാണ്. കെ സുരേന്ദ്രനെതിരെ ആസൂത്രിത ഗൂഢാലോചന നടക്കുന്നു എന്നാണ് ബി.ജെ.പി പറയുന്നത്.
നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ കണ്ണൂരില്‍ അക്രമ പ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ വാറണ്ടുള്ള സുരേന്ദ്രന്‍ ഇപ്പോഴും ജയിലിലാണുള്ളത്. ഈ കേസിൽ കൂടി ജാമ്യം നേടിയാൽ മാത്രമേ കെ സുരേന്ദ്രന് ഇനി പുറത്തിറങ്ങാൻ കഴിയൂ. നിരോധനാജ്ഞ ലംഘിച്ച കേസിൽ ശബരിമല ഉൾപ്പെടുന്ന റാന്നി താലൂക്കിൽ പ്രവേശിക്കുന്നതിന് രണ്ട് മാസത്തെ വിലക്കുണ്ട്.
Adjust Story Font
16