അഴീക്കോട് മ്യൂസിയത്തില്‍ മോഷണം
ടെലിവിഷനും കമ്പ്യൂട്ടറും സൌരയൂഥത്തിന്റെ മാതൃകയുംമോഷ്ടാക്കള്‍ കവര്‍ന്നു
സംസ്ഥാന ശാസ്ത്ര സാങ്കേതിക കൌണ്‍സിലിന്റെ കീഴില്‍ തൃശൂര്‍ അഴീക്കോട് പ്രവര്‍ത്തിക്കുന്ന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ മോഷണം. ടെലിവിഷനും കമ്പ്യൂട്ടറും സൌരയൂഥത്തിന്റെ മാതൃകയും മോഷ്ടാക്കള്‍ കവര്‍ന്നു. ജീവനക്കാരില്ലാത്തതിനാല്‍ മാസങ്ങളായി അനാഥമായി കിടക്കുകയാണ് കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച മ്യൂസിയം.
കഴിഞ്ഞ കുറെ മാസങ്ങളായി പൂട്ടി കിടക്കുകയാണ് മ്യൂസിയം. ഭരണ കൂടത്തിനാണ് ജീവനക്കാരെ നിയമിക്കേണ്ട ചുമതല. ഫണ്ടില്ല എന്നതാണ് ജീവനക്കാരെ നിയമിക്കാത്തതിന് കാരണമായി പറയുന്നത്. അഴീക്കോട് സര്‍ക്കാര്‍ യു.പി സ്കൂളിലെ പ്രധാന അധ്യാപികക്കാണ് സ്ഥാപനത്തിന്റെ ചുമതല. കഴിഞ്ഞ ദിവസം അവര്‍ മ്യൂസിയം തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മ്യൂസിയത്തിന്റെ പൂട്ട് പൊളിച്ച് മറ്റൊരു പൂട്ടിട്ട് പൂട്ടിയ നിലയിലായിരുന്നുവെന്ന് പ്രധാനാധ്യാപിക പ്രമീള പറഞ്ഞു
2013ലാണ് അഴീക്കോട് മ്യൂസിയം ആരംഭിച്ചത്. സ്കൂള്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് പഠനത്തിന് ഏറെ സഹായകരമായിരുന്നു സ്ഥാപനം. എന്നാല്‍ പിന്നീട് ജീവനക്കാരില്ലാത്തതിനാല്‍ ആവശ്യമുള്ളപ്പോള്‍ മാത്രം തുറക്കുന്ന രീതിയായി മാറി. സ്ഥാപനം നാഥനില്ലാ കളരിയായതാണ് മോഷ്ടാക്കള്‍ക്ക് തുണയായത്.
Adjust Story Font
16