കരിപ്പൂര്‍ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിച്ചേക്കും
17,000 ചതുരശ്ര മീറ്ററിൽ രണ്ട് നിലയിലാണ് ടെർമിനൽ പൂർത്തിയായിരിക്കുന്നത്
കരിപ്പൂര്‍ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ ഡിസംബര്‍ രണ്ടാം വാരം പ്രവര്‍ത്തനമാരംഭിച്ചേക്കും. ഡിസംബര്‍ ഒന്‍പതിന് കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യാനെത്തുന്ന കേന്ദ്ര മന്ത്രിയുടെ സൌകര്യം പരിഗണിച്ച് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യാനാണ് അധികൃതര്‍ ആലോചിക്കുന്നത്.
കരിപ്പൂരിന്‍റെ വികസനക്കുതിപ്പിന് മുതല്‍കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനസജ്ജമായതായും കേന്ദ്രമന്ത്രിയുടെ സൌകര്യം പരിഗണിച്ച് ഡിസംബറില്‍ തന്നെ ടെര്‍മിനല്‍ തുറന്നു കൊടുക്കുമെന്നും ടി.വി ഇബ്രാഹിം എം.എല്‍.എ പറഞ്ഞു.
17,000 ചതുരശ്ര മീറ്ററിൽ രണ്ട് നിലയിലാണ് ടെർമിനൽ പൂർത്തിയായിരിക്കുന്നത്. നിലവിൽ 916 യാത്രക്കാരാണ് ഒരേ സമയം ടെർമിനലിൽ ഉൾക്കൊളളാൻ കഴിയുക. പുതിയ ടെർമിനലിൽ അന്താരാഷ്ട്ര മാനദണ്ഡപ്രകാരം ഒരു മണിക്കൂറിൽ 1527 യാത്രക്കാരെ ഉൾകൊളളാൻ കഴിയും. കരിപ്പൂരില്‍ ആദ്യമായി വി.ഐ.പി ലോഞ്ചും പുതിയ ടെര്‍മിനലില്‍ ഒരുക്കിയിട്ടുണ്ട്.
കൂടാത 44 ചെക്ക് ഇൻ കൗണ്ടർ, 48 എമിഗ്രേഷൻ കൗണ്ടർ, 20 കസ്റ്റംസ് കൗണ്ടർ, അഞ്ച് കൺവെയർ ബെൽറ്റുകൾ, അഞ്ച് എക്സ്റേ മെഷീനുകൾ എന്നിവയും ടെര്‍മിനലില്‍ ഉണ്ട്. ഇതിനോടൊപ്പം രണ്ട് എയ്റോബ്രിഡ്ജുകളും നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. സ്പെയിനിൽ നിന്നും ഇറക്കുമതി ചെയ്ത എയ്റോബ്രിഡ്ജുകളാണ് കരിപ്പൂരിൽ നിർമ്മിച്ചിരിക്കുന്നത്. ഇതോടെ കരിപ്പൂരിൽ എയ്റോബ്രിഡ്ജുകളുടെ എണ്ണം അഞ്ചായി. ഭാവിയില്‍ ഒരു എയ്റോ ബ്രിഡ്ജ് കൂടി നിർമ്മിക്കും.
Adjust Story Font
16