Quantcast

നിയന്ത്രണം കുറച്ച് നിരീക്ഷണം കൂട്ടി; ശബരിമലയില്‍ തിരക്കേറുന്നു

ശബരിമലയിൽ സംഘർഷാവസ്ഥയാണെന്ന പ്രചാരണത്താലാണ്​ തീർഥാടകർ വരാൻ മടിച്ചത്. എന്നാൽ, കുഴപ്പങ്ങളില്ലെന്നും മുൻകാലങ്ങളിലേതിനേക്കാൾ ഭംഗിയായി ദർശന സൗകര്യമുണ്ടെന്നും വ്യക്തമായതോടെയാണ്​ മാറ്റം വന്നുതുടങ്ങിയത്.

MediaOne Logo

Web Desk

  • Published:

    24 Nov 2018 2:35 AM GMT

നിയന്ത്രണം കുറച്ച് നിരീക്ഷണം കൂട്ടി; ശബരിമലയില്‍ തിരക്കേറുന്നു
X

ശബരിമലയിലെത്തുന്ന തീര്‍ഥാടകരുടെ എണ്ണം കൂടിവരികയാണ്. നിരോധനാജ്ഞ ലംഘിച്ചുള്ള ശരണം വിളി ഇപ്പോഴും തുടരുന്നുണ്ട്. അവധി ദിനങ്ങളായതിനാല്‍ ഇന്നും നാളെയും കൂടുതല്‍ തീര്‍ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷ. എരുമേലിയിലെ നിരോധനാജ്ഞ ഇന്നലെ വൈകീട്ട് പിന്‍വലിച്ചിരുന്നു.

ഇതോടെ മണ്ഡലകാലത്തിന് നട തുറന്നതുമുതൽ നിലനിന്ന അനിശ്ചിതത്വവും ആശങ്കളും നീങ്ങി ശബരിമല സാധാരണ നിലയിലേക്ക് നീങ്ങിയിരിക്കുകയാണ്. വ്യാഴാഴ്ച മുതൽ തന്നെ ദർശനത്തിന് എത്തുന്നവരുടെ എണ്ണം ഉയർന്നി തുടങ്ങിയിരുന്നു. ഇന്നലെ വൻതോതിൽ തീർഥാടകരെത്തി. ദിനേന ശരാശരി 30,000 പേർ എത്തിയിരുന്ന സ്ഥാനത്ത് വെള്ളിയാഴ്ച അരലക്ഷത്തോളം പേർ വന്നു. ഇതര സംസ്ഥാനക്കാരാണ് ഏറെയും. മലയാളികളുടെ എണ്ണം ഇപ്പോഴും കുറവാണ്.

ശബരിമലയിൽ സംഘർഷാവസ്ഥയാണെന്ന പ്രചാരണം വ്യാപകമായതാണ് തീർഥാടകർ വരാൻ മടിച്ചത്. എന്നാൽ, കുഴപ്പങ്ങളില്ലെന്നും മുൻകാലങ്ങളിലേതിനേക്കാൾ ഭംഗിയായി ദർശന സൗകര്യമുണ്ടെന്നും വ്യക്തമായതോടെയാണ് മാറ്റം വന്നുതുടങ്ങിയത്. ക്രമസമാധാന പാലനത്തിന് പൊലീസ് സ്വീകരിച്ച നടപടികളുടെ വിജയമാണ് ഇതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലക്കൽ മുതൽ സന്നിധാനം വരെ പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തിരക്ക് കുറക്കാനും എത്തുന്നവർക്ക് സുഖദർശനം സാധ്യമാക്കാനും ഉപകരിച്ചു.

തുലാമാസ പൂജ, ചിത്തിര ആട്ടവിശേഷം ദിവസങ്ങളിൽ നിലക്കൽ മുതൽ സന്നിധാനം വരെ പൂർണമായും ആക്രമികളുടെ പിടിയിലായിരുന്നു. എന്നാൽ, ഇപ്പോൾ പൂർണമായും പൊലീസ് നിയന്ത്രണത്തിലാണ്. രാത്രി നട അടക്കാറാകുമ്പോൾ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ സംഘടിച്ച് കൂട്ട നാമജപം സംഘടിപ്പിക്കുന്നത് മാത്രമാണ് ഇപ്പോൾ ശബരിമലയിലെ ഏക പ്രതിഷേധം. തുടക്കത്തിൽ കിട്ടിയിരുന്ന ആളുകളെ ഇപ്പോൾ ഇതിന് കിട്ടുന്നുമില്ല.

ദർശനത്തിന് വന്ന 50 വയസ്സിനു മുകളിലുള്ള സ്ത്രീകളെപ്പോലും വളഞ്ഞിട്ട് ആക്രമിക്കുന്ന അവസ്ഥ ഉണ്ടായിരുന്നു. മണ്ഡലകാലം തുടങ്ങിയതിന്റെ രണ്ടാംദിവസമായ കഴിഞ്ഞ ഞായറാഴ്ച നടപ്പന്തൽ കേന്ദ്രീകരിച്ച് കൂട്ട നാമജപം നടത്തിയ 69 പേരെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സമരക്കാരുടെ പിടി അയഞ്ഞത്. തിങ്കളാഴ്ച രാത്രി വീണ്ടും നാമജപത്തിന് ശ്രമം നടന്നെങ്കിലും കൂടിയത് 10 പേർ മാത്രമായതിനാൽ ഏതാനും നിമിഷങ്ങൾക്കകം അവർ തനിയെ നാമജപം നിർത്തി. വ്യാഴാഴ് ച നാമജപം നടത്തിയ ആറുപേർ ക്രിമിനലുകളാണെന്ന് കണ്ടെത്തി പൊലീസ് കേസെടുത്തു. നടപ്പന്തലാണ് പ്രതിഷേധക്കാർ താവളമാക്കുന്നത്. അതിനാലാണ് അവിടെ ആളുകൾ തമ്പടിക്കാൻ പൊലീസ് അനുവദിക്കാത്തത്. നടപ്പന്തലിൽ ആളുകൾക്ക് തങ്ങാനാവില്ലെന്ന് വന്നതോടെ പ്രതിഷേധമുയർത്തലും സ്ത്രീകളെ പരിശോധിക്കലും നടക്കാതെയുമായി.

TAGS :

Next Story