Quantcast

ശബരിമലയില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

കർശന സുരക്ഷാ നിർദേശങ്ങൾ അടങ്ങിയ നോട്ടീസ് പൊലീസ് നൽകിയെങ്കിലും ഇതംഗീകരിക്കാൻ ബി.ജെ.പി നേതാക്കൾ തയ്യാറായില്ല. ഇതേതുടർന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തുനീക്കിയത്.

MediaOne Logo

Web Desk

  • Published:

    25 Nov 2018 2:02 PM GMT

ശബരിമലയില്‍  നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍
X

ശബരിമലയിലെത്തിയ ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ സജീവനെയും സഹപ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. കർശന സുരക്ഷാ നിർദേശങ്ങൾ അടങ്ങിയ നോട്ടീസ് പൊലീസ് നൽകിയെങ്കിലും ഇതംഗീകരിക്കാൻ ബി.ജെ.പി നേതാക്കൾ തയ്യാറായില്ല. ഇതേതുടർന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തുനീക്കിയത്.

ഉച്ചയ്ക്ക് പന്ത്രണ്ടര മണിയോടെയാണ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ സജീവനും സഹപ്രവർത്തകരും ഇലവുങ്കലിൽ എത്തിയത്. നിരോധനാജ്ഞ ലംഘിക്കുമെന്ന നേതാക്കളുടെ പ്രസ്താവനകളെ തുടർന്ന് പൊലീസ് വൻസുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ഇലവുങ്കലിൽ എത്തിയ വി.കെ സജീവനേയും സഹപ്രവർത്തകരെയും പൊലീസ് തടയുകയും കൃത്യമായ നിർദ്ദേശങ്ങൾ നൽകി നിലക്കലിലേക്ക് അയക്കുകയും ചെയ്തു. പിന്നീട് നിലക്കലിൽ എത്തിയ ഇവരെ അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിൽ തടഞ്ഞു.

പ്രതിഷേധ പരിപാടികളും മറ്റും പാടില്ലെന്ന കർശന സുരക്ഷാ നിർദ്ദേശങ്ങളടങ്ങിയ നോട്ടീസ് നൽകുകയും ഇതനുസരിച്ചാണെങ്കിൽ ദർശനത്തിന് അനുമതി നൽകാമെന്നും പൊലീസ് അറിയിച്ചു. എന്നാൽ ഇതംഗീകരിക്കാൻ ബി.ജെ.പി നേതാക്കൾ തയ്യാറായില്ല. പൊലീസ് നിലപാടിനെതിരെ പ്രതിഷേധിക്കുകയും പൊലീസുമായി ഇവർ വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. പിന്നീട് വാഹനത്തിൽ നിന്ന് പുറത്തിറങ്ങി ശരണംവിളിച്ച് മുന്നോട്ടുപോകാൻ ശ്രമിച്ചതോടെയാണ്‌ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

രാവിലെ മുതൽ തന്നെ വൻ സുരക്ഷയൊരുക്കിയ പൊലീസ്, വാഹനങ്ങൾ ഉൾപ്പടെ കർശന പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. പൊലീസ് നിർദ്ദേശം മറികടന്ന് നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്ത് നീക്കിയ വി.കെ സജീവനെയും എട്ടോളം സഹപ്രവർത്തകരെയും പെരിനാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

TAGS :

Next Story