Quantcast

ശബരിമല യുവതീ പ്രവേശനം: പൊലീസ് സുപ്രീംകോടതിയിലേക്ക്

വിധിയില്‍ കൃത്യമായ മാര്‍ഗനിര്‍ദേശം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നല്‍കുക. പൊലീസ് നടപടിക്കെതിരെ ഉണ്ടാകുന്ന ഹരജികളും പരാമര്‍ശങ്ങളും ജോലി തടസ്സപ്പെടുത്തുന്നുവെന്നും കോടതിയെ അറിയിക്കും.

MediaOne Logo

Web Desk

  • Published:

    25 Nov 2018 1:51 PM GMT

ശബരിമല യുവതീ പ്രവേശനം: പൊലീസ് സുപ്രീംകോടതിയിലേക്ക്
X

ശബരിമലയിലെ യുവതീപ്രവേശന വിധി നടപ്പാക്കാൻ കൃത്യമായ മാർഗനിർദേശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് കേരളാ പൊലീസ് സുപ്രീംകോടതിയിലേക്ക്. വിധി നടപ്പാക്കാൻ സ്വീകരിച്ച നടപടികള്‍ അടക്കം വിശദീകരിച്ച് പൊലീസ് അടുത്ത ദിവസങ്ങളില്‍ ഹർജി നല്‍കും. ഹൈക്കോടതികളില്‍ നിന്നടക്കം വരുന്ന പരാമര്‍ശങ്ങള്‍ ജോലിയെ ബാധിക്കുന്നത് ചൂണ്ടിക്കാട്ടാനാണ് പൊലീസ് തീരുമാനം.

ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങൾക്കെതിരെ ഹര്‍ജികള്‍ വരുകയും ഹൈക്കോടതി ഇക്കാര്യത്തില്‍ കടുത്ത പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പൊലീസിന്‍റ പുതിയ നീക്കം. സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധി നടപ്പാക്കാനാനാണ് പൊലീസ് ശ്രമിച്ചിട്ടുള്ളത്. ഇതിന് വേണ്ടി ശ്രമിച്ചപ്പോള്‍ ഹൈക്കോടതിയില്‍ നിന്നടക്കം എതിര്‍ പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നു. ഇത് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നുണ്ട്. അതുകൊണ്ട് വിധി നടപ്പാക്കുന്ന കാര്യത്തില്‍ കോടതിയുടെ മാര്‍ഗ്ഗനിര്‍ദേശം വേണമെന്നാവശ്യപ്പെടാനാണ് പൊലീസ് തീരുമാനം.

ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പൊലീസ് ഹര്‍ജി സമര്‍പ്പിച്ചേക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലുള്ള അഭിഭാഷകരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതായാണ് സൂചന. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനും ക്രമസമാധാന പാലനത്തിനുമാണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയതെന്ന് എ.ജിയടക്കം ഹൈക്കോടതിയിൽ ഹാജരായി പല തലവണ വിശദീകരണം നൽകേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ ശബരിമലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ച് ഡിജിപിയ്ക്ക് സത്യവാങ്മൂലം നൽകേണ്ട സാഹചര്യവും ഉണ്ടായി. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്‍റെ പേരില്‍ പൊലീസ് പഴികേള്‍ക്കേണ്ടതില്ല എന്ന വിലയിരുത്തല്‍ ഉണ്ടായതായാണ് വിവരം.

യഥാർഥ ഭക്തരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രശ്നമുണ്ടാക്കിയവരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് ഹർജിയിൽ ചൂണ്ടിക്കാട്ടും.

TAGS :

Next Story