നിലക്കലില്‍ യതീഷ് ചന്ദ്രക്ക് പകരം എസ്.മഞ്ജുനാഥിന് ചുമതല
ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധി വന്ന ശേഷം സംസ്ഥാനത്തെ വിവിധ ഐ.പി.എസ് ഉദ്യോഗസ്ഥരെ ശബരിമലയിൽ നിയോഗിച്ചിരുന്നു.

ശബരിമലയിൽ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പുതിയ പട്ടികയായി. യതീഷ് ചന്ദ്രക്ക് പകരം എസ്.മഞ്ജു നാഥിനാണ് നിലക്കലിൽ പുതിയ ചുമതല. അതിനിടെ ശബരിമലയിലും പരിസരപ്രദേശങ്ങളിലും പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഈ മാസം 30 വരെ നീട്ടി.
ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധി വന്ന ശേഷം സംസ്ഥാനത്തെ വിവിധ ഐ.പി.എസ് ഉദ്യോഗസ്ഥരെ ശബരിമലയിൽ നിയോഗിച്ചിരുന്നു. സന്നിധാനം മുതല്‍ എരുമേലി വരെയുള്ള പ്രദേശങ്ങളുടെ സുരക്ഷാ ചുമതലയാണ് ഇവർക്ക് നൽകിയിരുന്നത്. നിലവില്‍ മറ്റു പദവികളിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥരെ താല്‍ക്കാലിക ചുമതല നല്‍കിയാണ് ശബരിമല ഡ്യൂട്ടിക്കായി വിന്യസിക്കുന്നത്.
നിലയ്ക്കലിൽ യതീഷ് ചന്ദ്രക്ക് പകരം എസ്. മഞ്ജുനാഥിനും സന്നിധാനത്ത് പ്രതീഷ് കുമാറിന് പകരം കറുപ്പസാമി ഐ.പി.എസിനുമാണ് പുതിയ ചുമതല. പമ്പയില്‍ ഹരിശങ്കറിന് പകരം കാളിരാജ് മഹേഷ്കുമാറിനും ചുമതല നല്‍കി. ഈ മാസം 30 മുതലാണ് പുന:ക്രമീകരണം.
സന്നിധാനം മുതൽ മരക്കൂട്ടം വരെയുള്ള സുരക്ഷയുടെ ഏകീകരണ ചുമതല ഐ.ജി വിജയ് സാക്കറെയ്ക്ക് പകരം ഐ.ജി ദിനേന്ദ്ര കശ്യപിനായിരിക്കും. പമ്പ,നിലയ്ക്കല്‍ മേഖലയിലെ ചുമതല ഐ.ജി അശോക് യാദവിനാണ്. നേരത്തെ ഐ.ജി മനോജ് ഏബ്രഹാമിമായിരുന്നു ഇവിടെ ചുമതലയുണ്ടായിരുന്നത്.
വയനാട് എസ്.പിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കുമാണ് പുതുതായി ചുമതല നൽകിയിരിക്കുന്നത്. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറായ യതീഷ് ചന്ദ്ര ആ സ്ഥാനത്തേക്ക് മടങ്ങി പോകും. വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് പുതുതായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കും എന്നാണ് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നത്. ഇതിനിടെ ശബരിമലയിലും പരിസരപ്രദേശങ്ങളിലും പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഈ മാസം 30 വരെ നീട്ടി.
Adjust Story Font
16