കരിപ്പൂരില്‍ പുതിയ ടെര്‍മിനല്‍ തുറക്കുമ്പോഴും കസ്റ്റംസ് വിഭാഗത്തെക്കുറിച്ചുള്ള പരാതികള്‍ തുടരുന്നു
നിലവിലെ സംവിധാനങ്ങള്‍ തന്നെ കാര്യക്ഷമമായി ഉപയോഗിക്കാതെ കസ്റ്റംസ് യാത്രക്കാരെ പ്രയാസപ്പെടുത്തുന്നതായാണ് പരാതി
കരിപ്പൂരില്‍ അത്യാധുനിക സൌകര്യങ്ങളോടെ പുതിയ ടെര്‍മിനല്‍ തുറക്കുമ്പോഴും കസ്റ്റംസ് വിഭാഗത്തെക്കുറിച്ചുള്ള പരാതികള്‍ തുടരുകയാണ്. നിലവിലെ സംവിധാനങ്ങള്‍ തന്നെ കാര്യക്ഷമമായി ഉപയോഗിക്കാതെ കസ്റ്റംസ് യാത്രക്കാരെ പ്രയാസപ്പെടുത്തുന്നതായാണ് പരാതി.
കരിപ്പൂരിലെത്തുന്ന യാത്രക്കാരുടെ ലഗേജുകള്‍ പരിശോധിക്കാനായി രണ്ട് സ്കാനിങ് യന്ത്രങ്ങളുണ്ടായിട്ടും തിരക്കേറിയ സമയങ്ങളില്‍ പോലും ഒരു മെഷീന്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഇതിനാല്‍ മണിക്കൂറുകൾ വരി നിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാര്‍. രണ്ടും മൂന്നും വിമാനങ്ങള്‍ ഒരുമിച്ചെത്തുന്ന തിരക്കേറിയ സമയത്ത് പോലും മൂന്ന് കണ്‍വയര്‍ ബെല്‍റ്റുകളില്‍ രണ്ടെണ്ണം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ഇതിനു പിന്നിലും ക്സറ്റംസ് വിഭാഗത്തിന്‍റെ ഇടപെടലാണെന്നാണ് ആക്ഷേപം. അന്താരാഷ്ട്ര മാനദണ്ഡ പ്രകാരം വിമാനം ഇറങ്ങിയാൽ പരമാവധി ഒരു മണിക്കൂറിനകം യാത്രക്കാരൻ പുറത്തിറങ്ങണം. കസ്റ്റംസ് ഇടപെടല്‍ കാരണം കരിപ്പൂരില്‍ ലഗേജ് ലഭിക്കാന്‍ പലപ്പോഴും രണ്ട് മണിക്കൂറിലധികം സമയമെടുക്കും.
അന്താരാഷ്ട്ര ആഗമന ടെര്‍മിനലിലെ ബാത്റൂമുകളുടെ സ്ഥിതി പരിതാപകരമാണ്. ഇതിന് കാരണം ശുചീകരണ തൊഴിലാളികളെ കസ്റ്റംസ് അകത്ത് കയറാന്‍ അനുവദിക്കാത്തതാണ്. ബാത്റൂമുകള്‍ വഴി സ്വര്‍ണക്കടത്തിന് ഇടവരുമെന്നാണ് കസ്റ്റംസ് അധികൃതരുടെ പക്ഷം . കരിപ്പൂര്‍ വിമാനത്താവള ഉപദേശക സമിതി യോഗത്തില്‍ കാലങ്ങളായി ക്സറ്റംസ് മേധാവിയുടെ സാന്നിധ്യമില്ലെന്നും ആരോപണമുണ്ട്.
Adjust Story Font
16