ശബരിമല വിഷയത്തെ ചൊല്ലി ഇന്നും പ്രതിഷേധം; സഭ പിരിഞ്ഞു
ശബരിമലയിൽ സ്വീകരിച്ച നടപടികള്‍ മുന്നണിയിലുള്ളവരെ പോലും ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ്. പ്രതിപക്ഷം ചർച്ചയിൽ നിന്ന് ഒളിച്ചോടിയെന്ന് കടകംപള്ളി സുരേന്ദ്രന്‍.
ശബരിമല വിഷയം ഉന്നയിച്ച് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. ശബരിമലയിൽ സ്വീകരിച്ച നടപടികള്‍ മുന്നണിയിലുള്ളവരെ പോലും ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷം ചർച്ചയിൽ നിന്ന് ഒളിച്ചോടിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.
ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രിയും സ്പീക്കറും തള്ളി. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ നടപടികൾ വെട്ടിച്ചുരുക്കി സഭ പിരിയുകയായിരുന്നു. ശബരമലയിൽ സർക്കാരിന് മറുപടിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
ശബരിമല സഭയിൽ ചർച്ച ചെയ്യരുതെന്ന നിലപാട് മൂലമാണ് പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നിരോധനാജ്ഞ പിൻവലിക്കും വരെ ശബരിമല നിയമസഭയിൽ സജീവമാക്കി നിലനിർത്താനാണ് പ്രതിപക്ഷ തീരുമാനം.
Adjust Story Font
16