നിലക്കൽ-പമ്പ പാതയില്‍ സ്വകാര്യ വാഹനങ്ങൾ നിരോധിച്ചതിനാല്‍ വാഹനാപകടങ്ങൾ കുറഞ്ഞു
കഴിഞ്ഞ മണ്ഡല കാലത്ത് നിലക്കൽ-പമ്പ വരെയുള്ള പാതയിൽ 150 ഓളം അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
നിലക്കൽ മുതൽ പമ്പ വരെയുള്ള പാതയിൽ സ്വകാര്യ വാഹനങ്ങൾ നിരോധിച്ചത് കാരണം വാഹനാപകടങ്ങൾ കുറഞ്ഞതായി ആരോഗ്യപ്രവർത്തകരുടെ വിലയിരുത്തൽ. പകർച്ചവ്യാധികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മറ്റ് അസുഖങ്ങൾക്കായി ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിലേതിനേക്കാൾ മികച്ച ചികിത്സാസൗകര്യങ്ങളാണ് ഇത്തവണ ശബരിമല തീർത്ഥാടകർക്കായി ഒരുക്കിയിട്ടുള്ളത്.
പ്രളയം കാരണം പമ്പയിലെ പ്രധാന ആശുപത്രിയുടെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടത് കാരണം, നിലക്കൽ ബേസ് ക്യാമ്പിലെ ആശുപത്രിയില്‍ തീർഥാടകർക്ക് വേണ്ട മുഴുവൻ ചികിത്സയും ലഭ്യമാക്കിയിട്ടുണ്ട്. മുൻ വർഷത്തെതിനെക്കാൾ മരുന്നുകളും കരുതിയിട്ടുണ്ട്. പകർച്ചവ്യാധികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇതുവരെ 5000ത്തോളം പേർ ചികിത്സ തേടി. സീസൺ തിരക്കാകുമ്പോൾ ഇത് താരതമ്യേന മുൻവർഷത്തേക്കാൾ വർധിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
എന്നാൽ ഇത്തവണ മണ്ഡലകാലം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും വാഹന അപകട കേസുകൾ ഒന്നു പോലും ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ മണ്ഡല കാലത്ത് നിലക്കൽ-പമ്പ വരെയുള്ള പാതയിൽ 150 ഓളം അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
പകർച്ചവ്യാധികളും മറ്റും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഹെൽത്ത് ഇൻസ്പെക്ടര്‍മാരുടെ നേതൃത്വത്തിൽ ക്ലീനിംഗ് തൊഴിലാളികളുടെ രക്തസാമ്പിളുകൾ പരിശോധിക്കുകയും മുൻകരുതൽ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. എലിപ്പനി പ്രതിരോധ മരുന്ന്, പാമ്പ് വിഷത്തിനുളള ആന്റി വെനം തുടങ്ങിയ അടിയന്തര ചികിത്സയും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബും സജ്ജമാണ്.
Adjust Story Font
16