വിഭാഗീയതയും ഗൂഢാലോചനയും; ശശിയുടെ പരാതി അന്വേഷിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കോടിയേരി
ശശിക്കെതിരായ നടപടിയുടെ റിപ്പോര്‍ട്ടിങ്ങിനാണ് സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി യോഗം ചേർന്നത്.
വിഭാഗീയതയും ഗൂഢാലോചനയും സംബന്ധിച്ചുള്ള പി.കെ ശശിയുടെ പരാതി അന്വേഷിക്കാൻ നിലവിൽ സി.പി.എം തീരുമാനിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. യുവതിയുടെ പരാതിയിൽ മാതൃകാപരമായ നടപടിയാണ് സി.പി.എം കൈക്കൊണ്ടതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ശശിക്കെതിരായ നടപടി റിപ്പോർട്ട് ചെയ്ത ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.
ശശിക്കെതിരായ നടപടിയുടെ റിപ്പോര്‍ട്ടിങ്ങിനാണ് സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി യോഗം ചേർന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സമിതി തീരുമാനങ്ങള്‍ ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും റിപ്പോര്‍ട്ട് ചെയ്തു. ജില്ലാ കമ്മിറ്റിയിലെ സാഹചര്യം പരിഗണിച്ച് സംസ്ഥാന സെക്രട്ടറിക്കു പുറമെ എ.കെ ബാലൻ, എ.വിജയരാഘവൻ എന്നിവരടങ്ങുന്ന നേതൃനിര തന്നെ യോഗത്തിൽ പങ്കെടുത്തിരുന്നു. പരാതിക്കു പിറകിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന പി.കെ ശശിയുടെ ആവശ്യം ജില്ലാ കമ്മിറ്റി അംഗങ്ങളിൽ ചിലർ യോഗത്തിൽ ഉന്നയിച്ചു. എന്നാൽ ഇക്കാര്യം നിലവിൽ പാർട്ടി സംസ്ഥാന സമിതി തീരുമാനിച്ചിട്ടില്ലെന്നായിരുന്നു യോഗത്തിന് ശേഷം കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.
പാർട്ടിക്കു മുൻപിൽ നിരവധി പരാതികളുണ്ടെന്നും അത്തരം ഉൾപ്പാർട്ടി വിഷയങ്ങൾ പുറത്ത് ചർച്ച ചെയ്യില്ലെന്നും കോടിയേരി പറഞ്ഞു. വിഭാഗീയതയും ഗൂഢാലോചനയും അന്വേഷിക്കണമെന്ന ജില്ലാ കമ്മിറ്റിയിൽ ഉയർന്ന ആവശ്യം അടുത്ത സംസ്ഥാന കമ്മിറ്റി പരിഗണിച്ച് തീരുമാനമെടുക്കുമെന്നാണ് സി.പി.എമ്മിനകത്ത് നിന്നുള്ള സൂചന. ഭാവിയിൽ ഇക്കാര്യം പരിശോധിക്കുന്നതിനുള്ള സാധ്യത സംസ്ഥാന സെക്രട്ടറിയും തള്ളിക്കളഞ്ഞിട്ടില്ല.
Adjust Story Font
16