ശബരിമലയിൽ തേങ്ങ ലേലത്തിനെടുത്തവര്‍ പ്രതിസന്ധിയില്‍
ആറ് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപക്കായിരുന്നു ലേലം. എന്നാൽ സാധാരണ മണ്ഡല കാലത്ത് ലഭിക്കുന്ന പകുതി തേങ്ങ പോലും ഇപ്പോൾ ലഭിക്കുന്നില്ല
ശബരിമലയിൽ ഭക്തരുടെ വരവ് കുറഞ്ഞതോടെ തേങ്ങ ലേലത്തിന് എടുത്തിരിക്കുന്നവരും നഷ്ടം നേരിടുകയാണ്. ആറ് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപക്കായിരുന്നു ലേലം. എന്നാൽ സാധാരണ മണ്ഡല കാലത്ത് ലഭിക്കുന്ന പകുതി തേങ്ങ പോലും ഇപ്പോൾ ലഭിക്കുന്നില്ല.
ശബരിമലയിൽ ഭക്തർ ഉടയ്ക്കുന്ന തേങ്ങ ശേഖരിച്ച് കൊപ്രയാക്കി പമ്പയിലേക്ക് കൊണ്ടുപോകാനാണ് കരാർ. ഒരു ഷിഫ്റ്റിൽ 18 പേർ വെച്ച് രാത്രിയിലും പകലുമായാണ് ജോലി. എന്നാൽ തേങ്ങയുടെ ലഭ്യത കുറഞ്ഞതിനാൽ ഇപ്പോൾ രാത്രിയിൽ ജോലിയില്ല. 332 തൊഴിലാളികൾ പലരും ജോലി ഇല്ലാത്തതു കൊണ്ട് തിരിച്ചുപോയി. ദിവസ വേതനക്കാരും ആഴ്ച വേതനക്കാരും ഇപ്പോഴുണ്ട്. ഓവർ ടൈം സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
തേങ്ങയ്ക്ക് ചൂട് കൊടുത്ത് ഇളക്കി കൊപ്രയാക്കും. അതിന് ശേഷം മുഴുവനായി ഉണക്കാൻ ഡ്രയറിൽ വെയ്ക്കും. 24 മണിക്കൂറും തേങ്ങയെടുത്തിരുന്നതാണ്. ഇപ്പോൾ 8 മണിക്കൂർ മാത്രമാണ് സന്നിധാനത്ത് നിന്ന് തേങ്ങ ശേഖരിക്കുന്നത്. രാത്രികാലങ്ങളിൽ ട്രാക്ടറിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ പമ്പയിലേക്ക് കൊപ്ര കൊണ്ടുപോകുന്നതും ബുദ്ധിമുട്ടാണ്.
Adjust Story Font
16