Quantcast

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം; ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം 

ഉത്തരവ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.തെറ്റുകള്‍ തിരുത്തി ഉത്തരവ് പ്രസിദ്ധീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.  

MediaOne Logo

Web Desk

  • Published:

    30 Nov 2018 10:29 AM

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം; ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം 
X

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണമെടുക്കുന്നതിന് മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. പബ്ലിക് റിലേഷന്‍ ഡിപാര്‍ട്ട്മെന്റിന്റെയോ അനുമതിയില്ലാതെ സെക്രട്ടറിയേറ്റ് പോലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും മന്ത്രിമാരുടെ പ്രതികരണം എടുക്കുന്നതിനെ വിലക്കുന്നതാണ് ഉത്തരവ്. വിവാദമായതോടെ ഉത്തരവ് തിരുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

മുഖ്യമന്ത്രി മന്ത്രിമാര്‍ എന്നിവര്‍ മാധ്യമങ്ങളുമായി സംവദിക്കുമ്പോള്‍ പാലിക്കേണ്ട പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ എന്ന പേരിലാണ് ആഭ്യന്തരവകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. സെക്രട്ടറിയേറ്റ്, ഗസ്റ്റ് ഹൌസ്, എയപോര്‍ട്ട്, റെയില്‍വെ സ്റ്റേഷന്‍ തുടങ്ങി സ്ഥലങ്ങളില്‍ ഇനി പബ്ലിക് റിലേഷന്‍ വകുപ്പിന്റെ അനുമതിയോടെ മാത്രമേ മന്ത്രിമാരുടെ പ്രതികരണം എടുക്കാവൂ. ഈ സ്ഥലങ്ങളില്‍ മാധ്യമ പ്രതികരണങ്ങള്‍ക്കായി പ്രത്യേക സൌകര്യം ഒരുക്കണം. പൊതുസ്ഥലങ്ങളിലും പി.ആര്‍.ഡിയുടേയോ മന്ത്രിമാരുടെയോ അനുമതിയോടെയെ പ്രതികരണം ചോദിക്കാവൂ. പൊതു സ്ഥലങ്ങളില്‍ മന്ത്രിമാരുടെ പ്രതികരണമെടുക്കുന്നത് സുരക്ഷയെ ബാധിക്കുന്ന പ്രശ്നമായി മാറുന്നു. വ്യക്തികളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടയുന്ന നിലയിലാകുന്നു എന്നീ പരാമര്‍ശങ്ങളും ഉത്തരവിലുണ്ട്. ഉത്തരവ് മാധ്യമ സ്വതന്ത്ര്യത്തിന് തടയിടുന്നതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

മാധ്യമ മേഖലയില്‍നിന്നടക്കം വിമര്‍ശമുയര്‍ന്നതോടെ ഉത്തരവ് തിരുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പിശകുകള്‍ മാറ്റി ഉത്തരവിറക്കാനാണ് ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുബ്രതോ ബിശ്വാസിനോട് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ഉദ്ദേശിക്കാത്ത നിയന്ത്രണങ്ങള്‍ ഉത്തരവിലുള്‍പ്പെടുത്തിയെന്ന വിലയിരുത്തലാണ് മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളത്. മന്ത്രിമാരും വകുപ്പുകളും മാധ്യമങ്ങള്‍ നേരിട്ട് പരിപാടികള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ പാടില്ല. പി.ആര്‍.ഡി മുഖേന മാത്രമേ മാധ്യമങ്ങളെ ബന്ധപ്പെടാവൂ എന്നും ഉത്തരവിലുണ്ട്.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന രീതിയിലാണ് ഉത്തരവെന്ന വിമര്‍ശം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഉത്തരവ് തിരുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

TAGS :

Next Story