സൗജന്യ യാത്രാപാസുകൾ അവസാനിപ്പിക്കണമെന്ന് കെ.എസ്.ആർ.ടി.സി
സർക്കാരിന് നൽകിയ റിപ്പോർട്ടിലാണ് എം.ഡി ടോമിൻ തച്ചങ്കരി സൌജന്യ യാത്രകളും വിദ്യാർത്ഥികൾക്കുളള കൺസഷനും അവസാനിപ്പിക്കണമെന്ന നിർദേശം വെച്ചത്
സൗജന്യ യാത്രാപാസുകൾ അവസാനിപ്പിക്കണമെന്ന് കെ.എസ്.ആർ.ടി.സി. സർക്കാരിന് നൽകിയ റിപ്പോർട്ടിലാണ് എം.ഡി ടോമിൻ തച്ചങ്കരി സൌജന്യ യാത്രകളും വിദ്യാർത്ഥികൾക്കുളള കൺസഷനും അവസാനിപ്പിക്കണമെന്ന നിർദേശം വെച്ചത്. അധികമുളള ജീവനക്കാരെ പിരിച്ചുവിടാൻ അനുവദിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
ചെലവുചുരുക്കലിൻറെ ഭാഗമായാണ് പുതിയ നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ തച്ചങ്കരി സർക്കാറിന് നൽകിയത്. വിദ്യാർത്ഥികൾക്കുളള കൺസഷൻ അടക്കം എല്ലാവിധ സൌജന്യ യാത്ര പാസുകളും നിർത്തലാക്കണമെന്നാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം. നിലവിൽ 1,31,234 സൌജന്യ യാത്ര പാസുകളാണ് കെ.എസ്.ആർ.ടി.സി അനുവദിച്ചിട്ടുളളത്. ഇതിലൂടെ പ്രതിവർഷം 472 കോടിയുടെ അധിക ബാധ്യത കോർപ്പറേഷന് വരുന്നുണ്ട്.
വിദ്യാർത്ഥികൾക്ക് അനുവദിച്ച കൺസഷനിലൂടെ പ്രതിവർഷം 67 കോടിയുടെ നഷ്ടവും നേരിടുന്നു. ഇതൊഴിവാക്കാനാണ് സൌജന്യ യാത്ര പാസുകൾ നിർത്തലാക്കാൻ എം.ഡി അനുമതി തേടിയത്. അല്ലെങ്കിൽ ബാധ്യതക്ക് തത്തുല്യമായ തുക സർക്കാർ കെ.എസ്.ആർ.ടി.സിക്ക് നൽകണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.
ആവശ്യത്തിലധികമുളള അസ്ഥിര ജീവനക്കാരെ പിരിച്ചുവിടണമെന്നും കോർപ്പറേഷൻ ആവശ്യപ്പെടുന്നു. 8228 അസ്ഥിര ജീവനക്കാരാണ് അധികമായുളളത്. ഇവരെ പിരിച്ചുവിടുകയോ മറ്റ് സ്ഥാപനങ്ങളിൽ പുനർ വിന്യസിക്കുകയോ ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
Adjust Story Font
16