Quantcast

ശബരിമല സ്ഥിതിഗതികള്‍ പഠിക്കാന്‍ ബി.ജെ.പി നിയോഗിച്ച എം.പിമാരുടെ സംഘം കേരളത്തില്‍

വിശ്വാസ സംരക്ഷണത്തിന് പാര്‍ട്ടിയും കേന്ദ്രസര്‍ക്കാരും ഒപ്പമുണ്ടാകുമെന്ന് കേന്ദ്രസംഘം കര്‍മസമിതി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി

MediaOne Logo

Web Desk

  • Published:

    2 Dec 2018 8:30 AM

ശബരിമല സ്ഥിതിഗതികള്‍ പഠിക്കാന്‍ ബി.ജെ.പി നിയോഗിച്ച എം.പിമാരുടെ സംഘം കേരളത്തില്‍
X

ശബരിമല സ്ഥിതിഗതികള്‍ പഠിക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച എം.പിമാരുടെ നാലംഗ സംഘം കേരളത്തില്‍ എത്തി. ബി.ജെ.പി കോര്‍ കമ്മറ്റി അംഗങ്ങളുമായും, ശബരിമല കര്‍മസമിതി നേതാക്കളുമായും ചര്‍ച്ച നടത്തിയ സംഘം ഗവര്‍ണറെ കണ്ട് നിവേദനം സമര്‍പ്പിക്കും. ജയിലില്‍ കഴിയുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെയും സംഘം സന്ദര്‍ശിക്കും.

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉടലെടുത്ത പ്രശ്നങ്ങളും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളുമടക്കം പരിശോധിച്ച് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കാനാണ് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയുടെ നേതൃത്വത്തിലുളള സംഘം കേരളത്തിലെത്തിയത്.

ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തിയ ഇടപെടലുകളും സമരങ്ങളും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള കോര്‍കമ്മിറ്റി അംഗങ്ങളെ ധരിപ്പിച്ചു. വിവിധ ഘട്ടങ്ങളില്‍ സംസ്ഥാന നേതാക്കള്‍ക്കിടയിലുണ്ടായ അഭിപ്രായഭിന്നതകളും യോഗത്തില്‍ ചര്‍ച്ചയായതായാണ് സൂചന. തുടര്‍ന്ന് ശബരിമല കര്‍മസമിതി അംഗങ്ങളുമായും സംഘം ചര്‍ച്ച നടത്തി. വിശ്വാസ സംരക്ഷണത്തിന് പാര്‍ട്ടിയും കേന്ദ്രസര്‍ക്കാരും ഒപ്പമുണ്ടാകുമെന്ന് കേന്ദ്രസംഘം കര്‍മസമിതി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

ഗവര്‍ണറെ കണ്ട് നിവേദനം കൈമാറുന്ന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ ജയിലിലെത്തി സന്ദര്‍ശിക്കും. 15 ദിവസത്തിനകം ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

TAGS :

Next Story