ഭക്തരുടെ വരവ് കുറഞ്ഞു; ശബരിമലയിലെ സ്റ്റീൽ പാത്ര കച്ചവടക്കാരും പ്രതിസന്ധിയില്‍
കോടിക്കണക്കിന് രൂപയുടെ പാത്രങ്ങളാണ് മണ്ഡലകാലത്തോട് അനുബന്ധിച്ച് സന്നിധാനത്ത് എത്തിച്ചിരിക്കുന്നത്
ശബരിമലയിൽ ഭക്തരുടെ വരവ് കുറഞ്ഞത് സ്റ്റീൽ പാത്ര കച്ചവടക്കാരെയും ബാധിച്ചിരിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ പാത്രങ്ങളാണ് മണ്ഡലകാലത്തോട് അനുബന്ധിച്ച് സന്നിധാനത്ത് എത്തിച്ചിരിക്കുന്നത്. അയ്യപ്പഭക്തർ കൂടുതലായി എത്തിയില്ലെങ്കിൽ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കായിരിക്കും ഇവർ പോവുക.
സ്റ്റീൽ പാത്ര കടകൾ ധാരാളമുണ്ട് സന്നിധാനത്ത്. ചെറിയ സ്റ്റീൽ ടിൻ മുതൽ വലിയ പാത്രങ്ങൾ വരെ ലഭിക്കും. ശബരിമലയിലെ പ്രധാന പൂജയായ നെയ്യഭിഷേകത്തിനാണ് ഭക്തർ പ്രധാനമായും പാത്രങ്ങൾ വാങ്ങുന്നത്. ഇരുമുടി കെട്ടിൽ കൊണ്ടുവരുന്ന നെയ്യ് തേങ്ങ പൊട്ടിച്ച് നെയ്യ് അഭിഷേകത്തിനായി എത്തിക്കുന്നത് ഈ പാത്രങ്ങളിലാണ്. പ്രസാദമായി ലഭിക്കുന്ന നെയ്യ് വീടുകളിലേക്ക് കൊണ്ടു പോകാനും ആശ്രയം ഈ പാത്രങ്ങൾ തന്നെ. എന്നാൽ 25 കടകളിൽ ഇപ്പോഴുള്ളത് 15 എണ്ണം മാത്രം. ഭക്തരുടെ വരവ് കുറഞ്ഞതിനാൽ പലരും കടകൾ അടച്ച് മടങ്ങി. സ്റ്റോക്ക് ഇറക്കിയതും പലയിടങ്ങളിലായി കെട്ടിവെച്ചിരിക്കുകയാണ്.
30 രൂപ മുതലാണ് പാത്രങ്ങളുടെ വില ആരംഭിക്കുന്നത്. 700 രൂപയുടെ വലിയ പാത്രങ്ങൾ വരെ കടകളിൽ ലഭിക്കും. മധുരയിൽ നിന്നാണ് പ്രധാനമായും പാത്രങ്ങൾ എത്തിക്കുന്നത്. രാത്രിയും പകലുമായാണ് കച്ചവടം. 30 ലക്ഷത്തോളം ലേല തുക നൽകിയാണ് പലരും കടകൾ എടുത്തിരിക്കുന്നത്. ഒരു ലക്ഷത്തിലധികം രൂപ കച്ചവടം നടന്നിരുന്ന കടകളിൽ അതിന്‍റെ പകുതി പോലും ഇപ്പോൾ നടക്കുന്നില്ല.
Adjust Story Font
16