നടിയെ ആക്രമിച്ച കേസ്: രണ്ട് അഭിഭാഷകരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി
നടിയെ അക്രമിച്ച കേസിലെ പ്രതിപ്പട്ടികയിലുള്ള അഭിഭാഷകര്‍ തെളിവ് നശിപ്പിച്ചു എന്നതായിരുന്നു പ്രോസിക്യൂഷൻ വാദം.
നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയരായ രണ്ട് അഭിഭാഷകരെ പ്രതിപ്പട്ടികയിൽ നിന്ന് ഹൈക്കോടതി ഒഴിവാക്കി. അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെയാണ് ഒഴിവാക്കിയത്. ഇരുവർക്കുമെതിരെ തെളിവില്ലെന്ന് കോടതി വ്യക്തമാക്കി.
നടിയെ അക്രമിച്ച കേസിലെ പ്രതിപ്പട്ടികയിലുള്ള അഭിഭാഷകര്‍ തെളിവ് നശിപ്പിച്ചു എന്നതായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ കേസിലെ പ്രധാന തെളിവായ മൊബൈൽ ഫോണ്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നതായുള്ള വാദത്തിന് തെളിവില്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്നാണ് അഭിഭാഷകര്‍ നല്‍കിയ വിടുതല്‍ ഹരജി കോടതി അംഗീകരിച്ചത്. 13 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. ഇവരുടെ മൊഴികളിൽ നിന്നും അഭിഭാഷകർക്കെതിരെ തെളിവൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ഇരുവരെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. പ്രധാന തെളിവായ മൊബൈൽ ഫോൺ ഇനിയും കണ്ടെത്തിയിട്ടില്ല.
കേസിലെ 11, 12 പ്രതികളായ ഇരുവരും നേരത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ വിടുതൽ ഹരജി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച് പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ അടങ്ങുന്ന മൊബൈൽ ഫോൺ നശിപ്പിച്ചെന്ന കുറ്റമാണ് രണ്ട് അഭിഭാഷകർക്കെതിരെയും ചുമത്തിയിട്ടുള്ളത്. കേസിലെ പ്രതികൾക്ക് നിയമ സഹായം നൽകുകയാണ് ചെയ്തതെന്നും കേസിൽ തങ്ങൾക്ക് പങ്കില്ലെന്നുമായിരുന്നു അഭിഭാഷകരുടെ വാദം.
Adjust Story Font
16