Quantcast

ആര്‍.എസ്.എസ് വേദിയില്‍ മന്ത്രി കെ.കെ. ശൈലജ; വിവാദമായി മന്ത്രിയുടെ ഗുജറാത്ത് സന്ദര്‍ശനം 

കേരളത്തില്‍ സ്വദേശി ശാസ്ത്രപ്രസ്ഥാനം എന്ന പേരിലാണ് വിജ്ഞാന്‍ ഭാരതി പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിൽ 23 സംസ്ഥാനങ്ങളിൽ യൂണിറ്റുള്ള വിജ്ഞാന്‍ ഭാരതിയുടെ പ്രധാനി മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ജി മാധവൻ നായറാണ്.

MediaOne Logo

Web Desk

  • Published:

    15 Dec 2018 3:45 PM GMT

ആര്‍.എസ്.എസ് വേദിയില്‍ മന്ത്രി കെ.കെ. ശൈലജ; വിവാദമായി മന്ത്രിയുടെ ഗുജറാത്ത് സന്ദര്‍ശനം 
X

ഗുജറാത്തിലെ അഹമ്മദാബാദില്‍ വെച്ച് നടന്ന ആര്‍.എസ്.എസ് പരിവാര്‍ സംഘടനയുടെ ദേശീയ തല പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് കേരള ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ആര്‍.എസ്.എസിന്റെ ദേശീയ തലത്തിലുള്ള ശാസ്ത്രവിഭാഗമായ വിജ്ഞാന്‍ ഭാരതി നടത്തിയ ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി കെ.കെ. ശൈലജ മുഖ്യാതിഥിയായി പങ്കെടുത്തത്. പരിപാടിയില്‍ പങ്കെടുത്തതിന്റെ ഫോട്ടോകളും മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കേരളത്തില്‍ സ്വദേശി ശാസ്ത്രപ്രസ്ഥാനം എന്ന പേരിലാണ് വിജ്ഞാന്‍ ഭാരതി പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിൽ 23 സംസ്ഥാനങ്ങളിൽ യൂണിറ്റുള്ള വിജ്ഞാന്‍ ഭാരതിയുടെ പ്രധാനി മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ജി മാധവൻ നായറാണ്. സംഘപരിവാറിന്റെ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളുടെ കൂട്ടത്തിലാണ് വിജ്ഞാന ഭാരതി ഉൾപ്പെടുന്നത്. ഏകൽ വിദ്യാലയ, സരസ്വതി ശിശു മന്ദിർ, വിദ്യാ ഭാരതി, വിജ്ഞാന ഭാരതി എന്നീ സംഘടനകളാണ് ഇക്കൂട്ടത്തിലുള്ളത്. ഗുജറാത്ത് സര്‍വകലാശാല കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നലെ ആരംഭിച്ച ലോക ആയുര്‍വേദ കോണ്‍ഗ്രസ് ശില്പശാലയും ആരോഗ്യ എക്സ്പോയും 17നാണ് സമാപിക്കുക.

കേന്ദ്രത്തിലെ ആയുഷ് മന്ത്രാലയത്തിന്റെയും ഗുജറാത്ത് ആയുഷ് മന്ത്രാലയത്തിന്റെയും ആ‌ര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വേള്‍‌ഡ് ആയുര്‍വേദ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് വിജ്ഞാന്‍ ഭാരതി പരിപാടി നടത്തുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരെ വിജ്ഞാന്‍ ഭാരതി ക്ഷണിച്ചിരുന്നെങ്കിലും അവരാരും ചടങ്ങിനെത്തിയിരുന്നില്ല. മുമ്പ് യു.ഡി.എഫ് മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട ഔദ്യോഗിക ചടങ്ങിനായി ഗുജറാത്തില്‍ പോയ മന്ത്രി ഷിബു ബേബിജോണ്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ സന്ദര്‍ശിച്ചതിനെ എല്‍.ഡി.എഫ് നിശിതമായി വിമര്‍ശിച്ചിരുന്നു.

ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി മന്ത്രി ശൈലജ

കേന്ദ്ര സ‍ർക്കാരിന്‍റെ പരിപാടിയിൽ സർക്കാർ പ്രതിനിധിയായാണ് പങ്കെടുത്തതെന്നാണ് മന്ത്രിയുടെ വിശദീകരണം. കേന്ദ്രത്തിന്‍റെ പരിപാടിയിൽ ആർഎസ്എസിനെ പങ്കെടുപ്പിക്കുന്നതിൽ എന്ത് ചെയ്യാനാകുമെന്നും കെ.കെ.ശൈലജ ചോദിക്കുന്നു.

TAGS :

Next Story