Quantcast

കല്യാണ സാരിയുടെ വില 750 രൂപ, ഭക്ഷണ ചെലവ് 650; ആഢംബര വിവാഹങ്ങള്‍ക്കിടയില്‍ അറിയണം സ്വന്തം വിവാഹം സ്വന്തമായി നടത്തിയ ഈ യുവതിയുടെ കഥയും

ഒരു ചെറിയ മാലയും ജിമുക്കി കമ്മലും മോതിരവും വളയും പിന്നെ ബാങ്കിൽ ഉള്ള കുറച്ചു രൂപയും ആയിരുന്നു എന്റെ ആകെ സമ്പാദ്യം.

MediaOne Logo

Web Desk

  • Published:

    9 Jan 2019 2:57 AM GMT

കല്യാണ സാരിയുടെ വില 750 രൂപ, ഭക്ഷണ ചെലവ് 650; ആഢംബര വിവാഹങ്ങള്‍ക്കിടയില്‍ അറിയണം സ്വന്തം വിവാഹം സ്വന്തമായി നടത്തിയ ഈ യുവതിയുടെ കഥയും
X

ആണിനായാലും പെണ്ണിനായാലും വിവാഹത്തെ കുറിച്ച് ചില സങ്കല്‍പങ്ങളുണ്ടാകും. പട്ടുപുടവ ചുറ്റി, ആഭരണങ്ങളിഞ്ഞ് സുന്ദരിയായ വധുവായി ഒരുങ്ങുന്ന ആ ദിവസത്തെക്കുറിച്ചാണ് മിക്ക പെണ്‍കുട്ടികളും സ്വപ്നം കാണുന്നത്. സാമ്പത്തിക പരിമിതികള്‍ മൂലം വിവാഹ സ്വപ്നങ്ങള്‍ നിഷേധിക്കപ്പെട്ടവരുണ്ട്. ഒരു ചെറിയ താലിച്ചരടില്‍ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവര്‍..അവരുടെ കുടുംബ ജീവിതത്തിന് ചിലപ്പോള്‍ മറ്റെന്തിനെക്കാളും ഭംഗിയുണ്ടായിരിക്കും...സമാധാനമുണ്ടായിരിക്കും. തൊടുപുഴ സ്വദേശിനിയായ നീതു പോള്‍സണ്‍ എന്ന യുവതിയുടെ കഥയും അങ്ങിനെയായിരുന്നു. സ്വന്തം വിവാഹം സ്വന്തമായി നടത്തിയ കഥയാണ് നീതുവിന് പറയാനുള്ളത്. കല്യാണ് ദിവസം നീതു ഉടുത്ത സാരിയുടെ വില 750 രൂപയാണ്, ഭക്ഷണച്ചെലവ് 650 രൂപയും. ആഢംബര വിവാഹങ്ങള്‍ക്കിടയില്‍ ഇങ്ങിനെയും ചില വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്ന് നാം അറിയണം, തിരിച്ചറിയണം.

നീതുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കല്യാണത്തിന് പൈസ ഒന്നും തരില്ല, വേണമെങ്കിൽ ഒരാളായി കൂടെ നിൽക്കാം എന്ന് പറഞ്ഞ് ചെറിയച്ഛനും കൂടെ അമ്മയും പിൻമാറിയപ്പോഴാണ് സ്വന്തം വിവാഹമെന്നത് എന്റെ മാത്രം ഉത്തരവാദിത്തമായി മാറിയത്. എനിക്ക് മുൻപിൽ രണ്ട് ഓപ്ഷൻ ഉണ്ടായിരുന്നു. ഒന്നെങ്കിൽ വിവാഹം ഇതൊന്നുമല്ലാത്ത ലിവിംഗ് ടു ഗെതർ ജീവിതം ലിവിംഗ് ടു ഗെതറിൽ വിശ്വാസമില്ലാത്തതുകൊണ്ടും അമ്പലത്തിലോ മറ്റോ വിവാഹം നടത്തണം എന്ന ആഗ്രഹമുള്ളതുകൊണ്ടും ഞാൻ ആദ്യത്തെ ഓപ്ഷൻ തെരഞ്ഞടുത്തു.

ഒരു ചെറിയ മാലയും ജിമിക്കി കമ്മലും മോതിരവും വളയും പിന്നെ ബാങ്കിൽ ഉള്ള കുറച്ചു രൂപയും ആയിരുന്നു എന്റെ ആകെ സമ്പാദ്യം. വനിത മാസികയിൽ വെഡ്ഡിംഗ് പ്ലാനുകൾ എന്നൊരു പംക്തി ആയിടയ്ക്ക് വന്നു. ലക്ഷങ്ങളും കോടികളും പൊടിപൊടിക്കുന്ന കല്യാണങ്ങളെ കുറിച്ചായിരുന്നു ആ ലേഖനമെങ്കിലും ആദ്യം വാങ്ങേണ്ടത് സ്വർണ്ണമാണെന്ന് ഞാൻ മനസിലാക്കി. ഇതിനിടയിൽ അമ്മയും ചെറിയച്ഛനും നിശ്ചയം വയ്ക്കാൻ തയാറായി. 15 ആളുകളെ ക്ഷണിച്ചു. അവർക്ക് അപ്പവും ചിക്കൻ കറിയും കൊടുത്തു. മുഹൂർത്തം കുറിച്ചു.നിശ്ചയത്തിന് ഇടാൻ മുണ്ടും നേര്യതും ആണ് ഞാൻ തെരെഞ്ഞെടുത്തത്. വില കുറവായിരുന്നു അതിന്റെ പ്രത്യേകത. 270 രൂപയായിരുന്നു അതിന്റെ വില. ബാങ്കിൽ ഉള്ള പൈസയിൽ നിന്നും ഒന്നരപവന്റെ മാലയും ,താലിയും മോതിരവും വാങ്ങി ഒപ്പം ടെൻഷനും തുടങ്ങി. കൈയ്യിൽ വളരെ കുറച്ചു തുക മാത്രമേയുള്ളു. എല്ലാ പെൺകുട്ടികളേയും പോലെ വിവാഹത്തെ കുറിച്ച് ഒരു പാട് സങ്കല്പങ്ങൾ ഉണ്ട് തല നിറയെ പൂ ചൂടി ആഭരണങ്ങൾ അണിഞ്ഞ് പട്ടുസാരിയുടുത്ത്,നാടും വീടും അറിഞ്ഞുള്ള ആഘോഷപൂർണ്ണമായ ഒരു വിവാഹമായിരുന്നു എന്റെ സ്വപ്നങ്ങളിൽ നിറയെ, പക്ഷേ എന്റെ വിവാഹ സമയത്തെങ്കിലും കൂടെയുണ്ടാവും എന്ന് കരുതിയ അമ്മാവൻമാരുൾപ്പെടെയുള്ളവർ ബന്ധു ജനങ്ങൾ മാറി നിന്ന് കളഞ്ഞത് എനിക്ക് സഹിക്കാൻ പറ്റുന്നതിനും അപ്പുറമായിരുന്നു. അമ്മയോടുള്ള പിണക്കമായിരുന്നു അതിന് കാരണം. അല്ലെങ്കിൽ എന്റെ വിവാഹംഒരു ബാധ്യതയായി മാറും എന്നവർ കരുതിയിരിക്കാം.

കല്യാണ സാരിയെടുക്കാൻ പോയത് ഞാനും വല്ല്യമ്മച്ചിയും കൂടെയായിരുന്നു. കല്യാണ സാരി എന്ന് കേട്ടപ്പോൾ വില കൂടിയ പട്ടുസാരികളുടെ ഒരു കൂമ്പാരം എന്റെ മുൻപിൽ,ഇതിലും വില കുറഞ്ഞത് എന്നും പറഞ്ഞ്,പറഞ്ഞ്, അവസാനം അവിടെ നിന്ന സെയിൽസ് ഗേൾഇളം ഓറഞ്ചിൽ ഇത്തിരി കസവും കല്ലുകളും പതിച്ച സാരി ഉയർത്തിവല്ലായ്മയോടെ പറഞ്ഞു "ഇതിന് 750 രൂപ ഇതിലും കുറഞ്ഞത് ഇവിടെ ഇല്ല ചേച്ചീ.. ഞാനാ സാരി തന്നെ തെരെഞ്ഞടുത്തു. അതിന്റെ ഭംഗിയോ വിലയോ എനിക്കൊരു പ്രശ്നം അല്ലായിരുന്നു. കല്യാണത്തിന് ഉടുക്കാൻ ഒരു സാരി. അത്ര മാത്രം. തല നിറയെ പൂവച്ച് സാരിയുടുത്ത് ഞാ നും ഒരു കല്യാണ പെണ്ണായി . എന്നെ സംബന്ധിച്ചിടത്തോളം

അതെന്റെ സ്വപ്ന സാക്ഷാത്കരമായിരുന്നു എന്റെ അഭിമാനമൂഹുർത്തമായിരുന്നു. പ്രൗഡ് ഓഫ് നീതു എന്ന് അഹങ്കാരത്തോടെ ആയിരം വട്ടം പറഞ്ഞ നിമിഷമായിരുന്നു. അമ്പലത്തിൽ വച്ചായിരുന്നു കല്യാണം വണ്ടി കാശ് 2500 രൂപയായിരുന്നു. പന്ത്രണ്ട് പേരാണ് വിവാഹത്തിൽ പങ്കെടുത്തത് അതുകൊണ്ട് ഭക്ഷണ ചെലവ് 650 രൂപയിൽ ഒരുങ്ങി., ചെക്കന്റെ വീട്ടിൽ കയറുമ്പോൾ നിലവിളക്ക് വേണമല്ലോ അതു കൊണ്ട് 175 രൂപയുടെ വിളക്കും വാങ്ങി എല്ലാം കഴിഞ്ഞ് കൈയ്യിൽ മിച്ചമുണ്ടായിരുന്നത്. അഞ്ഞൂറ് രൂപയും. ഇന്ന് ബന്ധുക്കളുമായി അത്ര രസത്തിൽ അല്ല എന്ന് പറയുമ്പോ ഓടി പോയാണോ കെട്ടിയേ എന്നും ചോദിച്ച് കഴുത്തിലെ താലി പിടിച്ചു നോക്കി ഒർജിനൽ ആണോന്ന് ചോദിച്ചവരുണ്ട്, അവരോടൊന്നും മറുപടി പറയാൻ മെനക്കെടാറില്ല എന്നതാണ് നേര് കൂട്ടുകാരുടെ കല്യാണ ഫോട്ടോയൊക്കെ കാണുമ്പോ ഒരു ആയിരം രൂപ ഇല്ലാത്തോണ്ട് ഫോട്ടോ എടുക്കാതെ പോയ എന്റെ കല്യാണത്തെ കുറിച്ച് ഞാനോർക്കാറുണ്ട്. വിഷമം തോന്നുമെങ്കിലും ഇത്രയൊക്കെ സാധിച്ചല്ലോ എന്ന സമാധാനമാണ് തോന്നാറ്,മാതാപിതാക്കളുടെ അഭാവത്തിൽ വളരുന്ന എല്ലാവരുടെയും കല്യാണങ്ങൾ ഇങ്ങനെ തന്നെയാണ്.ഇതു പോലെ നിറപ്പകിട്ടില്ലാതെ പക്ഷേ അവർ കാണുന്ന സ്വപ്നങ്ങൾ കളർഫുൾ ആയിരിക്കുംഅതാണ് അവരും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം..

എന്ന് സ്വന്തം കല്യാണം സ്വന്തമായി നടത്തിയ ഒരു യുവതി.ഒപ്പ്.

NB. ചെക്കൻ താമസിക്കുവാൻ ഒരു വീട് തരപ്പെടുത്തുന്ന തിരക്കിൽ ആയതിനാലും ചെക്കനും എല്ലാം തനിയേ ചെയ്യേണ്ടി വന്നതിനാലും താലി,മാല, വിളക്ക് എന്നിവ എന്റെ ഉത്തരവാദിത്തമായി കണ്ടു.വാങ്ങി. അതിൽ ഒരു കുറവും ഞാൻ കാണുന്നില്ല. ഒമ്പത് കൊല്ലമായിട്ടുംഇപ്പോഴും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ.

കല്യാണത്തിന് പൈസ ഒന്നും തരില്ല, വേണമെങ്കിൽ ഒരാളായി കൂടെ നിൽക്കാം എന്ന് പറഞ്ഞ് ചെറിയച്ഛനും കൂടെ അമ്മയും...

Posted by നീതു പോൾസൺ on Monday, January 7, 2019
TAGS :

Next Story