പമ്പ ഹിൽ ടോപ്പില്‍ നിന്നുള്ള മകരജ്യോതി ദർശനം സുരക്ഷിതമല്ലെന്ന് വിദഗ്ദ്ധ സംഘം
ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്ഥലത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
മകരജ്യോതി ദർശനത്തിനെത്തുന്ന തീർത്ഥാടകരെ പമ്പ ഹിൽ ടോപ്പിലേക്ക് പ്രവേശിപ്പിക്കുന്നത് സുരക്ഷിതമല്ലെന്ന് സുരക്ഷാ പരിശോധന നടത്തിയ വിദഗ്ദ്ധ സംഘം വിലയിരുത്തി. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്ഥലത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. എന്നാൽ ഇവിടേക്ക് തീർത്ഥാടകരെ പ്രവേശിപ്പിക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
പ്രളയത്തിന് ശേഷം ഹിൽടോപ്പിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലും മണ്ണ് ഇടിഞ്ഞിട്ടുണ്ട്. ചാക്കിൽ മണൽനിറച്ചാണ് ഇവിടങ്ങളിൽ താത്കാലിക തിട്ട കെട്ടിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇതുവഴി തീർത്ഥാടകർ കൂട്ടത്തോടെ സഞ്ചരിക്കുന്നത് അപകടമാണെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. പ്രളയത്തിൽ പമ്പയുടെ തീരത്ത് അടിഞ്ഞുകൂടിയ മണ്ണും തകർന്ന കെട്ടിടങ്ങളുടെ അവഷ്ടിടങ്ങളും ഹിൽടോപ്പിലേക്ക് മാറ്റിയിട്ടുണ്ട്.
മഴപെയ്താൽ ഈ ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. പ്രളയത്തിൽ ഹിൽടോപ്പിലെ സുരക്ഷാവേലികളും തകർന്ന നിലയിലാണ്. നിലവിലെ സാഹചര്യത്തിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാതെ തീർത്ഥാടകരെ ഇവിടേക്ക് പ്രവേശിപ്പിക്കുന്നത് അപകടമാണെന്നാണ് സംഘത്തിന്‍റെ വിലയിരുത്തൽ. ഇതു സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് സംഘം ജില്ലാ കളക്ടർക്ക് കൈമാറി. ഹിൽടോപ്പിന് പുറമെ പമ്പയിലെ മറ്റ് പ്രദേശങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളെപ്പറ്റിയും സംഘം പരിശോധന നടത്തി.
Adjust Story Font
16