Quantcast

ശരിഅത്ത് ഭേദഗതി പി.കെ ഫിറോസിന്റെ നിലപാടിന് ലീഗ് സംസ്ഥാന കമ്മറ്റിയില്‍ വിമര്‍ശം

ശരിഅത്ത് ചട്ട ഭേദഗതിയിലേക്ക് നയിച്ച കേസില്‍ കക്ഷി ചേര്‍ന്ന യൂത്ത് ലീഗിന്റെ നടപടിയും ഭേദഗതി തങ്ങളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന പി.കെ ഫിറോസിന്റെ അവകാശവാദവും ലീഗ് സംസ്ഥാന കമ്മറ്റിയില്‍

MediaOne Logo

Web Desk

  • Published:

    17 Jan 2019 2:34 AM GMT

ശരിഅത്ത് ഭേദഗതി പി.കെ ഫിറോസിന്റെ നിലപാടിന് ലീഗ് സംസ്ഥാന കമ്മറ്റിയില്‍ വിമര്‍ശം
X

ശരിഅത്ത് ചട്ട ഭേദഗതിയെ സ്വാഗതം ചെയ്ത് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് നടത്തിയ പ്രസ്താവനയ്ക്ക് ലീഗ് സംസ്ഥാന കമ്മറ്റി യോഗത്തില്‍ വിമര്‍ശനം. എടുത്തു ചാടിയുള്ള നീക്കം കൂടുതല്‍ കുഴപ്പം സൃഷ്ടിച്ചുവെന്നായിരുന്നു കുറ്റപ്പെടുത്തല്‍. ഇതിനിടയില്‍ പി.കെ ഫിറോസും പി.എം സാദിഖലി അടക്കമുള്ളവരും തമ്മില്‍ ചട്ടത്തിലെ ചില വ്യവസ്ഥകളെ ചൊല്ലി അഭിപ്രായ ഭിന്നതയും ഉടലെടുത്തു.

ശരിഅത്ത് ചട്ട ഭേദഗതിയില്‍ വലിയ അപാകതകള്‍ നില നില്‍ക്കുന്നുവെന്നായിരുന്നു ലീഗ് സംസ്ഥാന കമ്മറ്റിയിലെ പൊതുവികാരം. തുടര്‍ന്ന് നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രിയെ കാണാനും തീരുമാനിച്ചു. ശരിഅത്ത് ചട്ട ഭേദഗതിയിലേക്ക് നയിച്ച കേസില്‍ കക്ഷി ചേര്‍ന്ന യൂത്ത് ലീഗിന്റെ നടപടിയും ഭേദഗതി തങ്ങളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന പി.കെ ഫിറോസിന്റെ അവകാശവാദവും ലീഗ് സംസ്ഥാന കമ്മറ്റിയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.

വെളുക്കാന്‍ തേച്ചത് പാണ്ടാകുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തിയതെന്നായിരുന്നു കുറ്റപ്പെടുത്തല്‍. കെ.എം ഷാജി, പി.എം സാദിഖലി, നൂര്‍ബീന റഷീദ് തുടങ്ങിയവരായിരുന്നു പ്രധാനമായും വിമര്‍ശനം ഉന്നയിച്ചത്. ഇതിനിടയില്‍ ഫിറോസുമായി വാക്ക് തര്‍ക്കവും ഉണ്ടായി. ചട്ട ഭേദഗതിയിലെ ചില വ്യവസ്ഥകളിലെ നിലപാടിനെ ചൊല്ലിയായിരുന്നു തര്‍ക്കം. അവിവേകമായ നിലപാടാണ് യൂത്ത് ലീഗ് ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്ന വിമര്‍ശനം നൂര്‍ബീന റഷീദ് ഉയര്‍ത്തി. കെ.എന്‍.എ ഖാദറും സമാനമായ രീതിയിലായിരുന്നു സംസ്ഥാന കമ്മറ്റിയില്‍ സംസാരിച്ചത്.

തുടര്‍ന്ന് മതപരിവര്‍ത്തനത്തിന് തഹസില്‍ദാറുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ ഒരു കാരണവശാലും അംഗീകരിക്കാവില്ലെന്ന രീതിയിലുള്ള പ്രമേയത്തിന് അംഗീകാരം നല്‍കി.

TAGS :

Next Story