'കാറും' കോളും നിറഞ്ഞ 90 ദിനങ്ങള്‍, 5 രാജ്യങ്ങള്‍; അവിശ്വസനീയം മുഹമ്മദിന്റെ ഈ കാര്‍ യാത്ര
യുദ്ധം നടുക്കുന്ന കുവൈത്തില്‍ നിന്നും അഞ്ചു രാജ്യങ്ങളിലെ ദുരിതങ്ങള്‍ വക വെക്കാതെ കേരളത്തിലെ അരീക്കോട് ലക്ഷ്യമാക്കി കുതിച്ച കഥ കേട്ട മമ്മൂട്ടി അത്ഭുത പരവശനായി നിന്നുവെന്ന് മുഹമ്മദ് സാക്ഷ്യം പറയുന്നു.
1991കാലം, മലപ്പുറം ഭാഗത്ത് സിനിമാ ചിത്രീകരണത്തിന് വന്ന മമ്മുട്ടിക്ക് അപ്രതീക്ഷിതമായി ഒരു സ്‌കൂളിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കേണ്ടി വന്നു. വലിയ താരമായ മമ്മൂട്ടിയെ എ.സിയുള്ള കാറിൽ തന്നെ ചടങ്ങിനെത്തിക്കണമെന്ന് സംഘാടകർക്ക് നിർബന്ധം. അന്ന് എ.സിയുള്ള കാറുകൾ അപൂർവം നിരത്തിലിറങ്ങിയ സമയമായിരുന്നു. അങ്ങനെയുള്ള അന്വേഷണത്തിലാണ് അരീക്കോട് സ്വദേശിയായ മുഹമ്മദിനെ മമ്മൂട്ടിയുടെ ആളുകൾ ബന്ധപ്പെടുന്നതും അഞ്ച് രാജ്യങ്ങളിൽ അനായാസം പാറി നടന്ന കാറിൽ മമ്മൂട്ടിയെ ഉദ്ഘാടന വേദിയിൽ എത്തിക്കുന്നതും. ശേഷം തിരിച്ചു കോഴിക്കോട് മഹാറാണി ഹോട്ടലിലേക്ക് താരത്തെ തിരിച്ചു കൊണ്ടു വിടാനുള്ള യാത്രയില്‍ മുഹമ്മദ് കേട്ടാൽ അവിശ്വസനീയമായ തന്റെ കഥ മമ്മൂട്ടിയോട് പങ്കു വെച്ചു. യുദ്ധം നടുക്കുന്ന കുവൈത്തില്‍ നിന്നും അഞ്ചു രാജ്യങ്ങളിലെ ദുരിതങ്ങള്‍ വക വെക്കാതെ കേരളത്തിലെ കുഞ്ഞു സ്വദേശമായ അരീക്കോട് വാക്കല്ലൂര്‍ ലക്ഷ്യമാക്കി കുതിച്ച കഥ ആ ടൊയോട്ട ക്രസിഡോക്കകത്ത് ഇരുന്ന് കേട്ട മമ്മൂട്ടി അത്ഭുത പരവശനായി നിന്നുവെന്ന് മുഹമ്മദ് സാക്ഷ്യം പറയുന്നു.
മുഹമ്മദ് കഥ പറയട്ടെ
തുടക്കം കുവൈത്തില്‍ നിന്നും
1984 ഒക്ടോബറിലാണ് മലപ്പുറം അരീക്കോട് സ്വദേശി മുഹമ്മദ് കുവൈത്തിലെത്തുന്നത്. മലബാറിൽ നിന്നുമുള്ള മറ്റേതൊരു മലയാളിയും പോലെ പ്രവാസിയായി, തലക്കകത്ത് നിറയെ സ്വപ്നങ്ങളുമായി തന്നെയാണ് മുഹമ്മദും കുവൈത്തിലേക്ക് തിരിച്ചത്. കോഴിക്കോട്ടെ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ വഴി ബോബൈയിലെത്തിയ മുഹമ്മദ് പിന്നീട് അവിടുന്ന് ഫ്ലൈറ്റ് വഴിയാണ് കുവൈത്തിലേക്ക് തിരിക്കുന്നത്.
കുവൈത്തിലെത്തിയ മുഹമ്മദ് നീണ്ട ആറ് വർഷം അവിടെ ഒരു ഓഫീസിൽ ജോലി ചെയ്തു. പ്രവാസിയായി ജീവിതം കരയടുപ്പിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി യുദ്ധം പൊട്ടി പുറപ്പെടുന്നത്. ഇറാഖും കുവൈത്തും തമ്മിൽ നീണ്ട അതി തീവ്രമായ യുദ്ധം ഒരു മാസത്തോളം മുഹമ്മദ് സഹിച്ചു പിടിച്ചു നിന്നു. ഒരു മാസത്തിനോടടുത്ത സമയത്താണ് ജീവിതത്തിൽ മുന്നോട്ടുള്ള പോക്കിന് സഡൻ ബ്രെയ്ക്കിട്ട് ഭക്ഷണങ്ങളോ മറ്റു ആവശ്യ വസ്തുക്കളോ കുവൈത്തിലില്ല എന്ന തിരിച്ചറിവ് മുഹമ്മദിന് വരുന്നത്. മുന്നോട്ടുള്ള ജീവിതം ചോദ്യചിഹ്നം പോലെ നിന്ന മുഹമ്മദിനെ പോലെ തന്നെ നൂറ് കണക്കിന് മലയാളികളാണ് അന്ന് ഇതേ അവസ്ഥയില്‍ കുവൈത്തിലുണ്ടായിരുന്നത്. എല്ലാവരെയും ഒരു പോലെ യുദ്ധം ബാധിച്ചപ്പോൾ എല്ലാം നഷ്ടപ്പെടും മുന്നേ മരുഭൂമിയില്‍ നിന്നും ഊളിയിട്ട് ജീവിതം തിരിച്ചു പിടിക്കാൻ ഒരു സംഘം പേർ തയ്യാറായി. മലയാളികളും പാകിസ്താനികളും എല്ലാം ഉൾപ്പെടുന്ന ആ ചെറിയ വലിയ സംഘത്തിന് ഒരൊറ്റ ലക്ഷ്യം മാത്രമാണുണ്ടായിരുന്നത്. എങ്ങനെയെങ്കിലും യുദ്ധം തളർത്തിയ കുവൈത്ത് കടക്കുക.
കുവൈത്ത് കടക്കാൻ തീരുമാനിക്കുന്നു
ഭക്ഷണവും താമസവും എല്ലാം പ്രതിസന്ധിയിലായ ഒരു ദിവസം മുഹമ്മദും കൂട്ടരും അവരവരുടെ കാറിൽ കുവൈത്ത് വിടാൻ തീരുമാനിച്ചു. യുദ്ധം ഭീതി പരത്തിയ, എങ്ങും ഭയം മാത്രം നിഴലിക്കുന്ന കുവൈത്തിൽ നിന്നും അങ്ങനെ ചെറു സംഘങ്ങളായി പതിനഞ്ച് കാറുകളിൽ നാടും വീടും സ്വപ്നം കണ്ട് അവർ മുന്നോട്ട് നീങ്ങി. ഇന്ത്യൻ എംബസിയിൽ നിന്നുള്ള അനുവാദവും കുവൈത്ത് സർക്കാരിന്റെ പൂർണ സമ്മതത്താലും മൂഹമ്മദും കൂട്ടരും ഇറാഖ് ലക്ഷ്യമാക്കി നീങ്ങി.
ഇറാഖിലെത്തുന്നു, അതിര്‍ത്തി കടക്കുമോ?
ഇറാഖിലെത്തിയ മുഹമ്മദും കൂട്ടരും പതിനഞ്ച് ദിവസം അവിടെ അടുത്തുള്ള ഹോട്ടലില്‍ താമസിക്കാന്‍ തീരുമാനിച്ചു. കൂട്ടത്തിലെ ഇടവേളകളില്‍ ബാഗ്ദാദ് നഗരം ചുറ്റികറങ്ങിയ സംഘം അതിലൂടെ അവരുടെ മനസ്സിലുള്ള ഭീതിയകറ്റുകയായിരുന്നു. യുദ്ധഭൂമിയില്‍ നിന്നുള്ള യാത്ര അത്രയും അവരുടെ മനസ്സുകളില്‍ ഇരുട്ട് നിറച്ചിരുന്നു. പതിനഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷം മുഹമ്മദും സംഘവും വീണ്ടും അവരുടെ യാത്ര തുടര്‍ന്നു. ഇറാഖ് അതിര്‍ത്തിയില്‍ മൂവായിരത്തോളം വാഹനങ്ങള്‍ അതിര്‍ത്തി കടക്കാന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ഇറാഖിലെ കുര്‍ദുകളുടെ സ്നേഹപ്രകടനം ആവോളം ആസ്വദിച്ച ദിനങ്ങളായിരുന്നു അതിര്‍ത്തിയിലെ കാത്തിരിപ്പ് സമയം. ഭക്ഷണമെല്ലാം കൃത്യമായി തന്നെ കുര്‍ദുകള്‍ ഏറ്റെടുത്ത് കൊണ്ട് വന്നു തന്നു. ശേഷം അവിടെ നിന്ന് ഇറാഖ് അതിര്‍ത്തി അവസാനിക്കുന്ന തുര്‍ക്കിയിലേക്കുള്ള കവാടത്തില്‍ കാറും സംഘാംഗങ്ങളും എത്തിചേര്‍ന്നു.
തുര്‍ക്കി കടക്കുന്നത്!
തുര്‍ക്കിയിലേക്കുള്ള ഹാബു ബോര്‍ഡറില്‍ പിന്നീട് പതിഞ്ച് ദിവസത്തോളമുള്ള കാത്തിരിപ്പുകളായിരുന്നു. തുടര്‍ന്നങ്ങോട്ട് വാഹനം കടക്കാന്‍ വാഹനങ്ങളുടെ റജിസ്ട്രേഷന്‍ രേഖകളെല്ലാം കൃത്യമാകേണ്ടത് കൊണ്ട് അതിന് എന്ത് ചെയ്യുമെന്ന ആശങ്കയിലായി എല്ലാവരും. ആ പതിനഞ്ച് ദിവസത്തെ കാത്തിരിപ്പ് ശരിക്കും പരീക്ഷണങ്ങളുടേത് കൂടിയായിരുന്നുവെന്ന് മുഹമ്മദ് പറയുന്നു. പലരും വാഹനങ്ങളില്‍ നിന്ന് ഇറങ്ങാതെ റേഡിയോയില്‍ നിന്നുമുള്ള അറിയിപ്പുകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. അങ്ങനെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റ ഒരു പകലിലായിരുന്നു ഇന്ത്യയിലേക്ക് സഹായം അഭ്യര്‍ത്ഥിച്ച് വിളിക്കാന്‍ ഒരവസരം ലഭിക്കുന്നത്. ഭാഗ്യവശാല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പി.എയുമായി സംഘാംഗങ്ങള്‍ക്ക് ബന്ധപ്പെടാന്‍ സാധിക്കുകയും ആറ് മണിയോട് കൂടി തന്നെ അതിര്‍ത്തി കടക്കാനും സാധിച്ചു. അതിര്‍ത്തി കടക്കുന്നതിന് മുന്‍പ് അനുമതി ലഭിക്കുന്ന നിമിഷങ്ങള്‍ ശരിക്കും നിറഞ്ഞ ആഹ്ലാദത്തിന്റേതായിരുന്നുവെന്ന് മുഹമ്മദ് ഓര്‍ക്കുന്നു. പലരും റേഡിയോയിലൂടെയാണ് തങ്ങള്‍ക്ക് അതിര്‍ത്തി കടക്കാനുള്ള അനുമതി ലഭിച്ച കാര്യം അറിയുന്നത്.
തുര്‍ക്കിയിലൂടെയുള്ള സാഹസിക യാത്ര
മഞ്ഞ് മൂടി പൊതിഞ്ഞ തുര്‍ക്കി പാതകളിലൂടെയുള്ള സഞ്ചാരം ശരിക്കും സാഹസികമായിരുന്നു. 800 കിലോ മീറ്റര്‍ ദൂരം മുറിച്ച് കടന്നു വേണം അടുത്ത രാജ്യത്തെത്താന്‍. കനത്ത മഞ്ഞ് മൂടിയ തുര്‍ക്കിയില്‍ വെച്ച് പുറത്തിറങ്ങാന്‍ സാധിക്കാത്തത്രയും തണുപ്പായിരുന്നു. പുറത്തിറങ്ങിയാല്‍ രക്തം കട്ടപിടിക്കുകയും അപകടം സംഭവിക്കുകയും ചെയ്യുമെന്ന് മുഹമ്മദ് പറയുന്നു. ഒരു വേള അടുത്തുള്ള കടയില്‍ നിന്നും കഴിക്കാനായി പലഹാരം വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് പിടികൂടിയ കഥയും മുഹമ്മദിന് പറയാനുണ്ട്. തുര്‍ക്കി മലയിലൂടെയുള്ള ത്രസിപ്പിക്കുന്ന ഡ്രൈവിങ് അനുഭവവും പങ്ക് വെക്കുന്ന മുഹമ്മദ് ശ്രമകരമായ സഞ്ചാരത്തിനൊടുവില്‍ ഇറാനിലെത്തി ചേര്‍ന്നു.
ഇറാന്‍ കടക്കുമ്പോള്‍
ഇറാന്‍ കടന്ന് തലസ്ഥാനമായ ടെഹ്റാനിലെത്തി ചേര്‍ന്ന സന്ദര്‍ഭത്തില്‍ സംഘാംഗങ്ങളിലൊരാളായ ജമാല്‍ എന്ന വ്യക്തി ഓടിച്ചിരുന്ന വാഹനത്തിന്റെ എന്‍ജിന്‍ തകരാറിലാവുകയും പിന്നീട് മുഹമ്മദിന്റെ ടൊയോട്ടോ ക്രസിഡോയില്‍ കെട്ടിവലിച്ചായി ഇന്ത്യന്‍ എംബസി വരെയുള്ള യാത്ര. അവിടെ വെച്ച് പിന്നെ അതിശയിപ്പിക്കുന്ന സഹായങ്ങളാണ് സിക്ക് വംശജരില്‍ നിന്നും മുഹമ്മദിനും സംഘത്തിനും ലഭിച്ചത്. അവരുടെ സിക്ക് ഗുരുദ്വാരയില്‍ നിന്നും ഭക്ഷണവും പിന്നീടുള്ള അവിടുത്തെ താമസവും ക്യത്യമായി തന്നെ ശരിയായി. കേടായ എന്‍ജിന്‍ അടക്കമുള്ളവ മാറ്റി നല്‍കാന്‍ സിക് വംശജര്‍ മുന്‍കൈയെടുത്തതായി മുഹമ്മദ് ഹൃദയം തൊട്ട് പറയുന്നു. ഒരാഴ്ച്ചത്തെ ഇറാന്‍ വാസത്തിന് ശേഷം സംഘാംഗങ്ങള്‍ വീണ്ടും യാത്ര ആരംഭിച്ചു. അടുത്ത ലക്ഷ്യസ്ഥാനം പാക്കിസ്ഥാനാണ്.
പക്ഷേ നിര്‍ഭാഗ്യമെന്ന് പറയട്ടെ ആ വാഹനം മുഹമ്മദ് അവിടം എത്തും മുന്നേ കസ്റ്റംസ് 22000 രൂപക്ക് ലേലം ചെയ്ത് വില്‍പ്പന നടത്തിയിരുന്നു. ഇന്ന് ആ കാറ് തിരികെ ലഭിക്കാനുള്ള ഓട്ടത്തിലാണ് മുഹമ്മദ്, തന്റെ ജീവിതം തിരികെ തന്ന ടൊയോട്ട ക്രസിഡോ എവിടെയാണെന്ന് അന്വേഷിക്കുന്ന അരീക്കോട്ടെ മുഹമ്മദ് ആരെങ്കിലും വാഹനം കണ്ടെത്താന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്
പാക്കിസ്ഥാനിലെ ആവേശകരമായ വരവേല്‍പ്പ്
പാക്കിസ്ഥാനിലെത്തിയ സംഘാംഗങ്ങള്‍ക്ക് ആവേശകരമായ വരവേല്‍പ്പാണ് പാക്ക് അധിക്യതരില്‍ നിന്നും ലഭിച്ചത്. തങ്ങളെല്ലാവരും സഞ്ചരിച്ച വാഹനങ്ങളെല്ലാം ശരിയായ രീതിയില്‍ സംരക്ഷിക്കുകയും അവരുടെ സ്ഥലങ്ങള്‍ താമസത്തിനായി വിട്ട് നല്‍കിയതായും മുഹമ്മദ് പറയുന്നു. പാക്കിസ്ഥാനില്‍ വെച്ച് ലഭിച്ച അതിശയിപ്പിക്കുന്ന വരവേല്‍പ്പ് പിന്നീട് പാക്ക് അതിര്‍ത്തി കടക്കുന്നത് വരെ അനുഭവപ്പെട്ടെന്ന് മുഹമ്മദ് സാക്ഷ്യം പറയുന്നു. ഇന്ത്യയുടെ ബോര്‍ഡറായ പഞ്ചാബിലെ അമൃത്‌സർ വരെ പാക്കിസ്ഥാന്റെ അകമ്പടിയുണ്ടായതായും അവരുടെ ആംബുലന്‍സുകള്‍ സഹായത്തിനായി അതിര്‍ത്തി വരെ കൂടെ പോന്നതായും മുഹമ്മദ് സന്തോഷത്തോടെ ഓര്‍ത്തെടുത്തു.
അവസാനം ജന്മനാട്ടില്‍
ഇന്ത്യയിലെത്തി ആദ്യം പോയത് അമൃത്‌സറിലെ കസ്റ്റംസിലേക്കായിരുന്നു. അവിടെ വെച്ച് കസ്റ്റംസ് അധിക്യതര്‍ കസ്റ്റംസ് ഡ്യൂട്ടി അവര്‍ക്ക് നല്‍കേണ്ട മറിച്ച് താമസിക്കുന്ന സ്ഥലത്തെ കസ്റ്റംസിന് നല്‍കണമെന്ന ഉറപ്പില്‍ വാഹനങ്ങളെ യാത്രയയച്ചു. തുടര്‍ന്ന് ജലന്ധറിലെത്തിയ സംഘത്തിന് അവിടെ വെച്ച് സര്‍ക്കാര്‍ അഞ്ഞൂറ് രൂപ വീതം പണം നല്‍കി സഹായിച്ചു. പിന്നീട് ഡല്‍ഹി ലക്ഷ്യമാക്കി തിരിച്ച സംഘം ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശിക്കുകയുണ്ടായി. അത് കഴിഞ്ഞ് ഡല്‍ഹി കേരള ഹൗസില്‍ എത്തി ചേര്‍ന്ന് സംഘാംഗങ്ങള്‍ക്ക് അഞ്ഞൂറ് രൂപ വീതം ഇവിടുത്തെ ഓഫീസുകളില്‍ നിന്നും ലഭിച്ചു.
ഡല്‍ഹി വിട്ട സംഘം അടുത്തതായി മംഗലാപുരം പൊലീസ് സ്റ്റേഷനിലാണ് എത്തി ചേര്‍ന്നത്. അവിടെ ഒരു ദിവസം തങ്ങിയ എല്ലാവരും പിന്നീട് അവിടെ നിന്ന് അവരവരുടെ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് കുതിച്ചു. മുഹമ്മദിന് കൂട്ട് പോന്ന തിരൂരില്‍ നിന്നുള്ള സുലൈമാനെ മലപ്പുറത്തെ വീട്ടിലെത്തിച്ചതിന് ശേഷം മുഹമ്മദ് തന്റെ സ്വദേശമായ അരീക്കോട് വാക്കലൂരിലെ വീട്ടിലേക്കും എത്തി ചേര്‍ന്നു. നാട്ടിലെത്തി ചേര്‍ന്ന മുഹമ്മദിന് ഗംഭീര സ്വീകരമാണ് ജന്മനാട്ടില്‍ ലഭിച്ചത്. അപ്രതീക്ഷിതമായി വീട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മുഹമ്മദിന്റെ അഞ്ച് രാജ്യങ്ങളിലൂടെയുള്ള കാറിലൂടെയുള്ള യാത്ര വിശ്വസിക്കാനാവുമായിരുന്നില്ല. കുവൈത്തിലെ യുദ്ധം ചുവപ്പിച്ച മണ്ണില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയ കഥ അത്ഭുതമെന്നോണമാണ് നാട്ടുകാര്‍ ശ്രവിച്ചത്.
നഷ്ടപ്പെട്ട പടക്കുതിര ടൊയോട്ട ക്രസിഡോ
നാട്ടില്‍ തിരിച്ചെത്തിയ മുഹമ്മദിന്റെ കൈയ്യില്‍ നിന്നും കസ്റ്റംസ് ഉദ്ദോഗസ്ഥര്‍ വാഹനം കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ നികുതി അടക്കാത്തത് കാരണമാണ് വാഹനം സര്‍ക്കാര്‍ ഏറ്റെടുത്തത്. ഒന്നേക്കാല്‍ ലക്ഷം നികുതി അടക്കാനുള്ള സാമ്പത്തിക സ്ഥിതി മുഹമ്മദിനില്ലാത്തതിനാല്‍ കസ്റ്റംസ് ഓഫിസില്‍ ആ പടക്കുതിര നിലം തൊട്ടിരുന്നു. പിന്നീട് വീണ്ടും സൗദിയില്‍ ജോലിയാവശ്യര്‍ത്ഥം പോയ മുഹമ്മദ് തിരിച്ചു വന്നപ്പോള്‍ കോഴിക്കോട് ആര്‍.ടി ഓഫിസില്‍ പോയി ആദ്യമന്വേഷിച്ചത് തന്നെ കരയിലേക്കടുപ്പിച്ച 1982 സില്‍വര്‍ കളര്‍ ടൊയോട്ട ക്രസിഡോയായിരുന്നു. പക്ഷേ നിര്‍ഭാഗ്യമെന്ന് പറയട്ടെ ആ വാഹനം മുഹമ്മദ് അവിടം എത്തും മുന്നേ കസ്റ്റംസ് 22000 രൂപക്ക് ലേലം ചെയ്ത് വില്‍പ്പന നടത്തിയിരുന്നു. ഇന്ന് ആ കാറ് തിരികെ ലഭിക്കാനുള്ള ഓട്ടത്തിലാണ് മുഹമ്മദ്, തന്റെ ജീവിതം തിരികെ തന്ന ടൊയോട്ട ക്രസിഡോ എവിടെയാണെന്ന് അന്വേഷിക്കുന്ന അരീക്കോട്ടെ മുഹമ്മദ് ആരെങ്കിലും വാഹനം കണ്ടെത്താന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്.
Adjust Story Font
16