കാസര്‍കോട് ഡി.സി.സിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്നും യു.ഡി.എഫ് ഒറ്റക്കെട്ടായി നാളെ മുതല്‍ പ്രചരണ പരിപാടിയുമായി മുന്നോട്ട് പോകുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
കാസര്‍കോട്ടെ ഡി.സി.സിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പ്രചാരണ പരിപാടികളിലെ ആസൂത്രണത്തില്‍ പാളിച്ചകള്‍ പറ്റിയെന്ന് കുറ്റപ്പെടുത്തി ഉണ്ണിത്താന് യു.ഡി.എഫ് നേതൃയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്നും പഴുതടച്ചുള്ള പ്രചരണം മണ്ഡലത്തില്‍ ആരംഭിക്കുമെന്നും ഉണ്ണിത്താന്‍ പിന്നീട് പറഞ്ഞു.
രാവിലെ നടന്ന യു.ഡി.എഫ് നേതൃയോഗത്തില്‍ ഡി.സി.സി പ്രസിഡന്റിനെതിരെ വിമര്‍ശനമുന്നയിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. ഇന്നലെ മണ്ഡലത്തിലെത്തിയതു മുതല്‍ പ്രചരണ പരിപാടിയുമായി മുന്നോട്ട് പോയതിനാല്‍ തനിക്ക് വിശ്രമം ലഭിച്ചില്ലെന്നും ഭക്ഷണം കഴിക്കുവാന്‍ പോലും സമയം തന്നില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ഈ കാര്യം ചൂണ്ടിക്കാണിച്ചാണ് ഇന്ന് രാവിലെ ചേര്‍ന്ന യോഗത്തില്‍ ഡി.സി.സി അധ്യക്ഷന്‍ ഹക്കിം കുന്നിലിനെതിരെ അദ്ദേഹം രംഗത്തെത്തിയത്. ഇന്നത്തെ പ്രചരണ പരിപാടികള്‍ നിര്‍ത്തിവച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉച്ചയ്ക്ക് നടന്ന യു.ഡി.എഫ് യോഗത്തില്‍ പങ്കെടുത്തു. ഉച്ചക്ക് 12:30 ഓടെ ആരംഭിച്ച യോഗം ഉച്ചകഴിഞ്ഞ് 2:30വരെ നീണ്ട് നിന്നു. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്നും യു.ഡി.എഫ് ഒറ്റക്കെട്ടായി നാളെ മുതല്‍ പ്രചരണ പരിപാടിയുമായി മുന്നോട്ട് പോകുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
വ്യാഴാഴ്ച കാഞ്ഞങ്ങാട് വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന യു.ഡി.എഫ് പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ നടക്കും. തുടര്‍ന്ന് ഏഴ് നിയോജക മണ്ഡലങ്ങളിലും അസംബ്ലി മണ്ഡലം കണ്‍വെന്‍ഷനുകളും പൂര്‍ത്തിയാക്കും. നേരത്തെ പ്രചരണം ആരംഭിച്ച എല്‍.ഡി.എഫിനൊപ്പമെത്താന്‍ തിരക്കിട്ട പ്രചരണ പരിപാടിയാണ് യു.ഡി.എഫ് ആലോചിക്കുന്നത്.
Adjust Story Font
16