Quantcast

ബി.ജെ.പി സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പൂർണ്ണം; കണ്ണന്താനം എറണാകുളത്ത് മത്സരിച്ചേക്കും

പ്രവർത്തകരുടെ എതിർപ്പുകളും വികാരവും ചർച്ചയായെന്ന് ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    20 March 2019 4:34 AM GMT

Alphonse Kannanthanam as representative of Christianity in Kerala BJP core committee
X

Alphonse Kannanthanam

പിടിവലിക്കും കലഹത്തിനും ഒടുവിൽ കേരളത്തിലെ ബി.ജെ.പി സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ പൂർണ്ണം. പത്തനംതിട്ടയുടെ കാര്യത്തിൽ അമിത് ഷാ അന്തിമ തീരുമാനം എടുക്കും. അൽഫോൺസ് കണ്ണന്താനം എറണാകുളത്ത് മത്സരിക്കുമെന്നാണ് സൂചന. പ്രഖ്യാപനം ഇന്നോ നാളയോ ഉണ്ടാകും. പ്രവർത്തകരുടെ എതിർപ്പുകളും വികാരവും ചർച്ചയായെന്ന് ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു.

ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടക്കായിരുന്നു ബി.ജെ.പിക്കുള്ളിൽ നേതാക്കളുടെ പിടിവലി. മണ്ഡലത്തിൽ സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയോ , ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനോ ? സസ്പൻസ് തുടരുകയാണ്. സുരേന്ദ്രൻ മത്സര രംഗത്തുണ്ടെന്ന് ബി.ജെ.പി വൃത്തങ്ങൾ വ്യക്തമാക്കി. പത്തനംതിട്ടയിൽ സുരേന്ദ്രനായി അദ്ദേഹത്തിന്റെ അനുകൂലികൾ പരസ്യമായി ക്യാമ്പയിൻ നടത്തിയിരുന്നു. പ്രവർത്തകരുടെ ഇത്തരം വികാരങ്ങളും എതിർപ്പുകളുമെല്ലാം ചർച്ചയായെന്ന് കേന്ദ്ര തെരഞ്ഞടുപ് സമിതി യോഗത്തിന് ശേഷം ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു.

ഓരോ മണ്ഡലത്തിന്റെ വിജയസാധ്യത കേന്ദ്ര നേതൃത്വം പരിശോധിച്ചു. സംസ്ഥാന ഘടകം സമർപ്പിച്ച പട്ടിക ഇതിന്റെ അടിസ്ഥാനത്തിലാണ് അന്തിമമാക്കിയത്. പത്തനംതിട്ടയിൽ കണ്ണുവച്ചിരുന്ന കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ്‌ കണ്ണന്താനത്തെ എറണാകുളത്ത്‌ സ്ഥാനാര്‍ത്ഥിയാക്കാനാണ്‌ അവസാന ധാരണ എന്നാണ് സൂചന. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്‌ണന്‍ ചാലക്കുടിയിൽ മത്സരിക്കുമെന്നും സൂചനയുണ്ട്. കേരളം അടക്കം ആദ്യ മൂന്ന് ഘട്ടങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ആദ്യ പട്ടിക ഒന്നിച്ചാണ് പുറത്ത് വരിക. ഇവ അന്തിമമാക്കാൻ അർധരാത്രി ഒരു മണി വരെ ബി.ജെ.പി ആസ്ഥാനത്ത് ചർച്ചകൾ നീണ്ടു.

TAGS :

Next Story