സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം ആരുടെ വിജയം ? വരാനിരിക്കുന്നത് വന്‍ കലഹമോ ?
കുമ്മനം രാജശേഖരന് ശേഷം കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള ശ്രമം മുരളീധര വിഭാഗം നടത്തിയിരുന്നു.
പത്തനംതിട്ടയില്‍ കെ സുരേന്ദ്രൻ ബി.ജെ.പി സ്ഥാനാര്‍ഥിയായത് പാര്‍ട്ടിയില്‍ മുരളീധര പക്ഷത്തിന്റെ വിജയം. എം.ടി രമേശിനെയും ശ്രീധരൻ പിള്ളയെയും വെട്ടിയാണ് മുരളീധരന്‍ വിഭാഗം സുരേന്ദ്രന്റെ സ്ഥാനാർഥിത്വം ഉറപ്പിച്ചത്. ഇതോടെ പാർട്ടിയിൽ ചേരിതിരിഞ്ഞ കലഹം തുടരാനാണ് സാധ്യത.
കുമ്മനം രാജശേഖരന് ശേഷം കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള ശ്രമം മുരളീധര വിഭാഗം നടത്തിയിരുന്നു. എന്നാൽ തർക്കം രൂക്ഷമായതോടെ ഒടുവിൽ ഒത്തു തീർപ്പിന്റെ ഭാഗമായി ശ്രീധരൻപിള്ളയെ ദേശീയനേതൃത്വം തീരുമാനിക്കുകയായിരുന്നു. പിള്ളയുടെ നേതൃത്വത്തിൽ മുന്നോട്ട് പോകുമ്പോഴും മുരളീധര പക്ഷം പലപ്പോഴും വിമത സ്വരമുയർത്തിയിരുന്നു. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി ശബരിമല സമരത്തിൽ സുരേന്ദ്രൻ ഇടപെട്ടതും ഇതിന്റെ ഭാഗമായിരുന്നു.
ഒടുവിൽ സ്ഥാനാർഥി പട്ടിക തയ്യാറാക്കിയപ്പോഴും പിള്ളക്കെതിരെ മുരളീധര പക്ഷം നിലകൊണ്ടു. പ്രതിഷേധത്തിന്റെ ഭാഗമായി കോർകമ്മിറ്റിയിൽ നിന്ന് വിട്ടു നിൽക്കുകവരെ ചെയ്തു. പത്തനംതിട്ട സീറ്റ് ശ്രീധരൻ പിള്ള നോട്ടമിട്ടപ്പോൾ തന്നെ സുരേന്ദ്രന് വേണ്ടി മുരളീധര വിഭാഗം പിടിമുറുക്കി. എൻ.എസ്.എസ് വഴി പിള്ള ശ്രമിച്ചിട്ടും ആർ.എസ്.എസ് പിന്തുണയോടെ സുരേന്ദ്രന്റെ സ്ഥാനാർഥിത്വം ഉറപ്പിക്കുകയായിരുന്നു. ഇതോടെ പാർട്ടിയിൽ തങ്ങൾ വിട്ടുവീഴ്ചക്കില്ലെന്ന് മുരളീധര വിഭാഗം പ്രഖ്യാപിക്കുക കൂടിയാണ്. തന്നെ മത്സരരംഗത്ത് നിന്ന് മാറ്റിയതിൽ സംസ്ഥാന അധ്യക്ഷൻ അസ്വസ്ഥനാണ്. പാർട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്കായ നായർ സമുദായത്തെ അവഗണിച്ചതിനെ ചൊല്ലി നടക്കുന്ന കലഹത്തിന് അധ്യക്ഷന്റെ മൌനാനുവാദവുമുണ്ട്.
Adjust Story Font
16