കൊട്ടിക്കലശത്തിനിടെ വടക്കന്‍ കേരളത്തില്‍ സംഘര്‍ഷം; രമ്യാ ഹരിദാസിന്റെ വാഹനത്തിന് നേരെ കല്ലേറ്
രമ്യാ ഹരിദാസിനെയും അനില്‍ അക്കരെ എം.എല്‍.എയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കലാശക്കൊട്ടിന്റെ ആവേശത്തിനിടയില്‍ ആലത്തൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന്റെ വാഹനത്തിന് നേരെ കല്ലേറ്. രമ്യാ ഹരിദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകരയിലും കണ്ണൂരും മൂന്നിടത്ത് സംഘര്‍ഷമുണ്ടായി. കാസര്‍കോടും എല്‍.ഡി.എഫ് -യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.
കൊട്ടിക്കലാശം കത്തികയറിയപ്പോള്‍ വടക്കന്‍ കേരളത്തിലും പലയിടത്തും കാര്യങ്ങള്‍ കൈവിട്ടു. കൊട്ടിക്കലാശം കഴിഞ്ഞതോടെയാണ് ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. രമ്യാ ഹരിദാസിനേയും അനില്‍ അക്കര എം.എല്‍.എയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വടകര മണ്ഡലത്തിലെ മൂന്നിടത്ത് സംഘര്‍ഷമുണ്ടായി. വില്യാപ്പള്ളിയില്‍ യു.ഡി.എഫ് - എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കല്ലേറില്‍ പൊലീസുകാരനും നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യു.ഡി.എഫ് പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കള്‍ വടകര പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. കുറ്റ്യാടിയിലും എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറുണ്ടായി. പേരാമ്പ്ര വല്ല്യാക്കോട് വെച്ച് കെ മുരളീധരന്റെ വാഹന വ്യൂഹവും തടഞ്ഞു.
കാസര്‍കോട് പടന്നയിലും ഉദുമയിലും എല്‍.ഡി.എഫ്- യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. രണ്ടിടത്തും പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പടന്നയില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
കണ്ണൂര്‍ മട്ടന്നൂരിലും കലാശക്കൊട്ടിനിടെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ആറ് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ നഗരത്തില്‍ മുനീശ്വരന്‍ കോവിലിന് സമീപം ബി.ജെ.പി - യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് വാഹനം തകര്‍ത്തു. പഴയങ്ങാടിയില്‍ യു.ഡി.എഫ് - എല്‍.ഡി.എഫ് സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. കോഴിക്കോട് നഗരത്തിലും യു.ഡി.എഫ് - എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.
Adjust Story Font
16