നിഷ്പക്ഷ വോട്ടുകള്‍ സ്വന്തമാക്കാനുള്ള ഓട്ടത്തില്‍ പത്തനംതിട്ടയിലെ സ്ഥാനാര്‍ഥികള്‍
പ്രളയവും ശബരിമലയും പ്രധാന വിഷയമാക്കിയായിരുന്നു പത്തനംതിട്ടയിൽ മുന്നണികളുടെ പ്രചരണം.
കൊട്ടിക്കലാശത്തിനു ശേഷം നിശബ്ദ പ്രചാരണത്തിലേക്ക് നീങ്ങുമ്പോള്‍ വിജയം നിര്‍ണയിക്കുന്ന നിഷ്പക്ഷ വോട്ടുകള്‍ സ്വന്തമാക്കാനുള്ള ഓട്ടത്തിലാണ് പത്തനംതിട്ടയിലെ സ്ഥാനാര്‍ഥികളും മുന്നണികളും. സമുദായ സംഘടനകളേയും സഭാ നേതൃത്വങ്ങളെയും കണ്ട് വിജയം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. പ്രളയവും ശബരിമലയും പ്രധാന വിഷയമാക്കിയായിരുന്നു പത്തനംതിട്ടയിൽ മുന്നണികളുടെ പ്രചരണം.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന പത്തനംതിട്ടയില്‍ ഓരോ വോട്ടും വിജയപരാജയങ്ങളെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. പരമ്പരാഗത വോട്ടുകൾ കൊണ്ട് ഒരു മുന്നണിക്കും വിജയിക്കാൻ കഴിയില്ല. അതു കൊണ്ട് തന്നെ വിജയം തീരുമാനിക്കുന്ന നിഷ്പക്ഷ വോട്ടുകള്‍ ഉറപ്പിക്കാനാണ് നിശബ്ദ പ്രചാരണ ദിവസം മുന്നണികള്‍ ഉപയോഗിക്കുന്നത്. ഇതില്‍ പ്രധാനം സമുദായ സംഘടനാ നേതാക്കളും സഭാ നേതൃത്വവുമാണ്. ഇവരെ നേരില്‍കണ്ട് പിന്തുണ ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ മൂന്നു മുന്നണികളും കഴിഞ്ഞ ദിവസങ്ങളിലും നടത്തിയിരുന്നു. അതേ സമയം ഓര്‍ത്തഡോക്‌സ്, കാത്തോലിക്ക സഭകളും എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി സംഘടനകളും നിലപാട് പരസ്യപ്പെടുത്താത്തത് മുന്നണികളെ ആശങ്കയിലാക്കുന്നുണ്ട്. ഇവരുമായി ഒരു തവണ കൂടി ആശയവിനിമയം നടത്താനാണ് തീരുമാനം.
ശബരിമല വിഷയം മുന്‍നിര്‍ത്തി ഹിന്ദു വിശ്വാസികളുടെ ഏകീകരണമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. പ്രചരണത്തിലും ഈ തന്ത്രമാണ് അവർ ഉപയോഗിച്ചത്. ഓര്‍ത്തഡോക്‌സ് സഭയില്‍ ഇടഞ്ഞു നില്‍ക്കുന്നവരെ കൂടെ നിർത്താനാണ് ഇടതുപക്ഷത്തിന്റെ നീക്കം. ക്രൈസ്തവ വിശ്വാസികളില്‍ ഭൂരിപക്ഷമുള്ള ഓര്‍ത്തഡോക്‌സ് സഭയുടെ പരിപൂര്‍ണ പിന്തുണ ലഭിച്ചാല്‍ വിജയം എളുപ്പമാകുമെന്ന് ഇടതുമുന്നണി കണക്ക് കൂട്ടുന്നു. കത്തോലിക്ക സഭയുടെ പിന്തുണയുണ്ടെങ്കിലും കോണ്‍ഗ്രസിനുള്ളില്‍ നിന്നുള്ള പടല പിണക്കങ്ങളാണ് യു.ഡി.എഫിന് ആശങ്ക. മറ്റു വിഭാഗങ്ങളുടെ പിന്തുണ കൂടി നേടി വിജയം ഉറപ്പിക്കാനാണ് യു.ഡി.എഫ് ശ്രമം. വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ ഏതൊക്കെ ഘടകങ്ങൾ അനുകൂലമാവുന്ന വിലയിരുത്തലുകളും മുന്നണികൾ നടത്തുന്നുണ്ട്.
Adjust Story Font
16