വടകരയിലെ സംഘര്‍ഷം സി.പി.എം ആസൂത്രണം ചെയ്തതെന്ന് യു.ഡി.എഫ്
സോഷ്യലിസ്റ്റ് വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് കരുതി പ്രകോപനം സൃഷ്ടിക്കാനാണ് സംഘര്‍ഷമുണ്ടാക്കിയതെന്നും മുരളി പറഞ്ഞു
വടകര വില്യാപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെയുണ്ടായ സംഘര്‍ഷം സി.പി.എം ആസൂത്രണം ചെയ്തതെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. സോഷ്യലിസ്റ്റ് വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് കരുതി പ്രകോപനം സൃഷ്ടിക്കാനാണ് സംഘര്‍ഷമുണ്ടാക്കിയതെന്നും മുരളി പറഞ്ഞു. എന്നാല്‍ മണ്ഡലത്തില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ യു.ഡി.എഫ് ശ്രമിക്കുകയാണെന്ന് എല്‍.ഡി.എഫും ആരോപിച്ചു. വോട്ടെടുപ്പിന് ശേഷം വടകരയില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ട് നടന്ന തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടെ വില്ല്യാപ്പള്ളിയില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വലിയ സംഘര്‍ഷമാണ് അരങ്ങേറിയത്. ഈ സംഘര്‍ഷം ആസൂത്രിതമാണെന്നാണ് യു.ഡി.എഫ് ആരോപണം. സോഷ്യലിസ്റ്റുകള്‍ക്ക് ശക്തിയുള്ള മേഖലകളില്‍ സി.പി.എം മനപൂര്‍വം പ്രശ്നങ്ങളുണ്ടാക്കുകയാണെന്ന് മുരളീധരന്‍ ആരോപിച്ചു.
സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത യു.ഡി.എഫ് പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ വടകര ഡി.വൈ.എസ്.പി മോശമായി പെരുമാറിയെന്ന് കാണിച്ച് പാറക്കല്‍ അബ്ദുള്ള എം.എല്‍.എ സ്പീക്കര്‍ക്ക് പരാതി നല്‍കി. വില്ല്യാപ്പള്ളിയില്‍ യു.ഡി.എഫ് അക്രമം അഴിച്ചു വിടുകയായിരുന്നുവെന്നാണ് ഇടതു മുന്നണി ആരോപിക്കുന്നത്.
വടകരയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി നാളെ വൈകിട്ട് ആറു മണി മുതല്‍ മറ്റന്നാള്‍ രാത്രി 10 മണി വരെ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.
Adjust Story Font
16