കുന്നത്തുനാട് നിലം നികത്താനുള്ള ഉത്തരവ് മരവിപ്പിക്കാന്‍ തീരുമാനം
റവന്യു മന്ത്രി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
കുന്നത്തുനാട് നിലം നികത്താന്‍ അനുമതി നല്‍കിയ റവന്യു അഡീഷണല്‍ സെക്രട്ടറിയുടെ ഉത്തരവ് മരവിപ്പിക്കാന്‍ തീരുമാനം. റവന്യു മന്ത്രി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഉത്തരവ് റദ്ദ് ചെയ്യുന്നത് സംബന്ധിച്ച നിയമോപദേശം തേടാനും മന്ത്രി നിര്‍ദേശിച്ചു.
കുന്നത്തുനാട് 15 ഏക്കര്‍ നിലം നികത്തുന്നതിനുളള നീക്കം തടഞ്ഞ ജില്ലാ കലക്ടറുടെ ഉത്തരവ് മറികടന്ന് നിലം നികത്താന്‍ റവന്യു അഡീഷണല്‍ സെക്രട്ടറി നല്‍കിയ ഉത്തരവാണ് മരവിപ്പിച്ചത്. ഉത്തരവ് റദ്ദാക്കുന്നത് സംബന്ധിച്ച നിയമോപദേശം തേടാനും റവന്യു മന്ത്രി റവന്യു സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാകലക്ടറുടെ ഉത്തരവ് മറികടന്ന് റവന്യു അഡിഷണല്‍ സെക്രട്ടറിക്ക് ഉത്തരവിറക്കാന്‍ കഴിയുമോ എന്നും പരിശോധിക്കും.
എറണാകുളം ജില്ലയിലെ കുന്നത്തുനാട് വില്ലേജില്‍ 15 ഏക്കര്‍ നിലം നികത്തുന്നതിനുളള നീക്കം തടഞ്ഞ ജില്ലാ കലക്ടറുടെ ഉത്തരവ് മറികടന്ന് നിലം നികത്താന്‍ റവന്യു അഡീഷണല്‍ സെക്രട്ടറി ഉത്തരവിറക്കിയത് റവന്യു മന്ത്രി അറിയാതെയായിരുന്നു. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ചും അഡ്വക്കേറ്റ് ജനറലിന്‍രെ ഉപദേശം നിരാകരിച്ചുമുള്ള നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് റവന്യു മന്ത്രിയുടെ ഇടപെടല്‍.
ഇതിനിടെ എറണാകുളത്തെ ചൂര്‍ണിക്കരയില്‍ ഭൂമി തരം മാറ്റാന്‍ ലാന്‍ഡ് റവന്യു കമ്മീഷണറുടെ വ്യാജ ഉത്തരവ് ഹാജരാക്കിയ സംഭവത്തില്‍ ഇടനിലക്കാരന്‍ അബുവിന്‍റെ വീട് പൊലീസ് റെയ്ഡ് ചെയ്തു. ആലുവയിലെ അബുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ റവന്യു രേഖകള്‍ ഉള്‍പ്പെടെയുളളവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഭൂവുടമ ഹംസ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആലുവ സ്വദേശി അബുവിനായുളള അന്വേഷണം പൊലീസ് ആരംഭിച്ചത്. വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നയാളാണ് അബുവെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. സ്ഥലം തരം മാറ്റി നല്‍കിയതിന് അബു ഹംസയുടെ കയ്യില്‍ നിന്ന് പണവും കൈപ്പറ്റിയിരുന്നു.
Adjust Story Font
16