കള്ളവോട്ട് കണ്ടെത്തിയ നാല് ബൂത്തുകളില്‍ റീ പോളിങ്
നാല് ബൂത്തുകളിലും ഏപ്രിൽ 23ന് നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയിട്ടുണ്ട്. 19ആം തിയതി രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് റീപോളിങ്.
കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. കാസര്‍കോട്, കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ നാല് ബൂത്തുകളിലാണ് റീ പോളിങ് നടക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടമായ മെയ് 19ന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് റീപോളിങ്. സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിങ് നടക്കുന്നത്.
കാസർകോട്ടെ കല്യാശേരിയിലെ പിലാത്തറ ബൂത്ത് നമ്പർ 19, പുതിയങ്ങാടിയിലെ ബൂത്ത് നമ്പർ 69, 70 എന്നിവിടങ്ങളിലും കണ്ണൂർ തളിപ്പറമ്പ് ബൂത്ത് നമ്പർ 166ലുമാണ് റീ പോളിങ് നടത്തുന്നത്. നാല് ബൂത്തുകളിലും ഏപ്രിൽ 23ന് നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി. റിട്ടേണിംഗ് ഓഫീസർമാരുടെ റിപ്പോർട്ടുകളും ചീഫ് ഇലക്ട്രൽ ഓഫീസറുടെയും ജനറൽ ഒബ്‌സർവറുടെയും റിപ്പോർട്ടുകളും മറ്റു തെളിവുകളും വിശകലനം ചെയ്താണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തത്. ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷൻ 58 ഉപയോഗിച്ചാണ് കമ്മീഷന്റെ നടപടി.
തെരഞ്ഞെടുപ്പിന് ആവശ്യമായ ഒരുക്കങ്ങൾ നടത്താനും വിവരം രാഷ്ട്രീയ കക്ഷികളെ അറിയിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ റിട്ടേണിങ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി. പരസ്യപ്രചാരണത്തിന് നാളെ അനുമതി നല്‍കിയിട്ടുണ്ട്. കമ്മീഷന്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലെ പിലാത്തറ യുപി സ്കൂളിലെ ബൂത്തില്‍ നടന്ന കള്ളവോട്ടിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കൊണ്ട് കോണ്‍ഗ്രസാണ് കള്ളവോട്ട് വിവാദത്തിന് തുടക്കമിടുന്നത്. പിന്നീട് ഇടതുപക്ഷവും കള്ളവോട്ട് ആരോപണവുമായി മുന്നോട്ട് വരുകയായിരുന്നു. ഇതുവരെ 17 പേര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. വോട്ടിങ് മെഷീന്‍ കേടായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പലയിടങ്ങളിലും റിപോളിങ് നടന്നിട്ടുണ്ടെങ്കിലും കള്ളവോട്ട് കണ്ടെത്തിയതിനെ തുടര്‍ന്ന് റീ പോളിങ് നടക്കുന്നത് ഇതാദ്യമായിട്ടാണ്.
Adjust Story Font
16