Quantcast

ഒരു വിഭാഗം വിശ്വാസികള്‍ എതിരായത് തിരിച്ചടിയായെന്ന് സി.പി.എം റിപ്പോര്‍ട്ട്

എന്നാല്‍ ശബരിമല കാരണമാണ് വോട്ട് ചോര്‍ന്നതെന്ന് റിപ്പോര്‍ട്ടില്‍ എവിടെയും പറയുന്നില്ല.

MediaOne Logo

Web Desk

  • Published:

    31 May 2019 11:09 AM GMT

ഒരു വിഭാഗം വിശ്വാസികള്‍ എതിരായത് തിരിച്ചടിയായെന്ന് സി.പി.എം റിപ്പോര്‍ട്ട്
X

വിശ്വാസികളില്‍ ഒരു വിഭാഗം എതിരായത് തെരഞ്ഞെടുപ്പ് തോല്‍വിയുടെ ആക്കം കൂട്ടിയെന്ന് സി.പി.എം റിപ്പോര്‍ട്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. എന്നാല്‍ ശബരിമല കാരണമാണ് വോട്ട് ചോര്‍ന്നതെന്ന് റിപ്പോര്‍ട്ടില്‍ എവിടെയും പറയുന്നില്ല.

20 മണ്ഡലം കമ്മിറ്റികളും തയ്യാറാക്കി നല്‍കിയ റിപ്പോര്‍ട്ട് ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഇതിന് ശേഷം സംസ്ഥാന സെക്രട്ടറിയേറ്റ് കൂട്ടായി ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ചത്. സംസ്ഥാനത്തെ മോദി വിരുദ്ധ വികാരം യു.ഡി.എഫിന് അനുകൂലമായതും വിശ്വാസികളില്‍ ഒരു വിഭാഗം എല്‍.ഡി.എഫിനെതിരെ വോട്ട് ചെയ്തതുമാണ് കനത്ത തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്നാണ് പാര്‍ട്ടി സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിശ്വാസികളില്‍ ഒരു വിഭാഗം എതിരായെന്ന് പറയുമ്പോഴും ശബരിമലയുടെ പേര് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ശബരിമലയുടെ പേരില്‍ അല്ലെങ്കില്‍ വിശ്വാസികളില്‍ ഒരു വിഭാഗം എങ്ങനെ എതിരായി എന്ന ചോദ്യവും ഇവിടെ ഉയര്‍ന്ന് വരുന്നുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കോടിയേരി അവതരിപ്പിച്ച റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയായിരിക്കും ഇന്നും നാളെയുമായി നടക്കുക. പാലക്കാട് തോല്‍വി അന്വേഷിക്കാന്‍ കമ്മീഷനെ വെയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

TAGS :

Next Story