Quantcast

പുതിയതായി തുറന്ന കട രണ്ടാഴ്ച തികയും മുമ്പ് നൌഷാദ് അടച്ചു പൂട്ടുകയാണോ: സത്യാവസ്ഥയെന്ത്?

ഇക്കഴിഞ്ഞ പ്രളയത്തിന്, ദുരിതബാധിതര്‍ക്ക് വില്‍പ്പനയ്ക്കായി വാങ്ങി സൂക്ഷിച്ച വസ്ത്രങ്ങള്‍ ചാക്കില്‍ വാരി നിറച്ച് നല്‍കി മലയാളികളുടെയാകെ മനസ്സും കണ്ണും നിറച്ച നൌഷാദിന്‍റെ കടയാണിത്...

MediaOne Logo

Web Bureau

  • Published:

    2 Sep 2019 6:30 AM GMT

പുതിയതായി തുറന്ന കട രണ്ടാഴ്ച തികയും മുമ്പ് നൌഷാദ് അടച്ചു പൂട്ടുകയാണോ: സത്യാവസ്ഥയെന്ത്?
X

കൊച്ചി ബ്രോഡ്‍വേയില്‍, ‘നൌഷാദിക്കാന്‍റെ കട’ എന്ന പേരില്‍ ഒരു ഷോപ്പ് ഉദ്ഘാടനം ചെയ്യപ്പെട്ടിട്ട് രണ്ടാഴ്ചയായതേയുള്ളൂ.. ഇക്കഴിഞ്ഞ പ്രളയത്തിന്, വില്‍പ്പനയ്ക്കായി വാങ്ങി സൂക്ഷിച്ച വസ്ത്രങ്ങള്‍ ചാക്കില്‍ വാരി നിറച്ച് ദുരിതബാധിതര്‍ക്ക് നല്‍കി മലയാളികളുടെയാകെ മനസ്സും കണ്ണും നിറച്ച നൌഷാദിന്‍റെ കടയാണിത്. എറണാകുളം ജില്ലാ കലക്ടര്‍ എസ്. സുഹാസാണ് കടയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

സിനിമാ താരം രാജേഷ് ശര്‍മ്മയാണ് നൗഷാദിലെ നന്‍മയെ ഫേസ്ബുക്ക് ലൈവിലൂടെ ലോകത്തിന് കാണിച്ചു കൊടുത്തത്. വയനാട്, നിലമ്പൂർ എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് വസ്ത്രം ശേഖരിക്കാൻ ഇറങ്ങിയവരോട് ഒന്നെന്‍റെ കടയിലേക്ക് വരാമോ എന്ന് ചോദിച്ചു കൊണ്ടെത്തിയ നൗഷാദ് അടച്ച കട തുറന്ന് വസ്ത്രങ്ങള്‍ വിലയോ എണ്ണമോ നോക്കാതെ വാരിയെടുത്ത് നല്‍കുകയായിരുന്നു..

''ഇത് മതി നൗഷാദേ'' എന്ന് രാജേഷ് പറയുന്നുണ്ടെങ്കിലും '' നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? നാട്ടുകാരെ സഹായിക്കുന്നതാണ് എന്‍റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ..’ എന്നൊക്കെ പറഞ്ഞു കൊണ്ട് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വസ്ത്രങ്ങള്‍ ചാക്കുകണക്കിനാണ് നൗഷാദ് നല്‍കിയത്.

Posted by Rajesh Sharma on Sunday, August 11, 2019

തുടര്‍ന്ന് നൌഷാദിന്‍റെ നന്മയെ എത്ര വാഴ്ത്തിയിട്ടും മലയാളിക്ക് മതിയായിരുന്നില്ല... സോഷ്യല്‍ മീഡിയ നിറയെ നൌഷാദ് പറഞ്ഞ വാക്കുകള്‍ ഇന്നും പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ, ഇപ്പോള്‍ അതിനൊപ്പം മറ്റൊന്ന് കൂടി പ്രചരിക്കുന്നുണ്ട്.. ''നൌഷാദ് ഭായ് തന്‍റെ പുതിയ കട അടച്ചു പൂട്ടുന്നു'' -എന്നാണ് അത്.

''മാധ്യമങ്ങളിലൂടെയും മറ്റും എന്നെ അറിയുന്ന മനുഷ്യര്‍ എന്‍റെ കട മാത്രം തേടി വരുന്നു. എന്നേക്കാള്‍ മുമ്പ് വലിയ വാടക കൊടുത്ത് ഇവിടെ കട നടത്തിയിരുന്നവരുടെ അവസ്ഥ ഞാന്‍ കാരണം വളരെ മോശമായിക്കൊണ്ടിരിക്കുന്നു. അതെനിക്ക് സമാധാനം തരുന്നതേയില്ല. എനിക്കിഷ്ടം ആ പഴയ ഫുട്‍പാത്ത് കച്ചവടം തന്നെ.''- ഇങ്ങനെയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

എന്നാല്‍ താന്‍ കട അടച്ചുപൂട്ടുന്നതിനെ കുറിച്ച് ആലോചിച്ചിട്ടേയില്ലെന്ന് നൌഷാദ് മീഡിയ വണ്‍ ഓണ്‍ലൈനിനോട് പറഞ്ഞു. ‘’തന്‍റെ ജ്യേഷ്ഠന് പ്രായമായി... ജ്യേഷ്ഠനാണ് ആ കടയിലിരിക്കുന്നത്... അതൊരു ചെറിയ കടയാണ്.. ഞാനത് എന്ത് ഒഴിയാനാണെ’’ന്ന് നൌഷാദ് ചോദിക്കുന്നു...

''ആ പ്രചാരണം ഫെയ്ക്ക് ആണ്... ആളുകള്‍ അങ്ങനൊക്കെ പ്രചരിപ്പിച്ചാല്‍ നമ്മളിപ്പോ എന്ത് ചെയ്യാനാണ്. അത് ഒരു ചെറിയ കടയാണ്. അത് തുടങ്ങിയിട്ടേയുള്ളൂ... പിന്നെ എങ്ങനെയാണ് അത് പൂട്ടുന്നത്. എന്തിനാണ് അങ്ങനെയൊക്കെ ആളുകള്‍ പ്രചരിപ്പിക്കുന്നത് എന്നറിയില്ല. അറിഞ്ഞിട്ട് സത്യമറിയാന്‍ ഒരുപാട് പേര്‍ വിളിക്കുന്നുണ്ട്. അതൊരു വ്യാജപ്രചാരണമാണ്.. ഞാനത് കാര്യമാക്കുന്നില്ല... പലരും അവര്‍ക്ക് തോന്നിയ രീതിയില്‍ പലതും പ്രചരിപ്പിക്കുകയാണ്.

കോര്‍പ്പറേഷന്‍ ബസാറില്‍ കുറച്ച് പാവപ്പെട്ട മനുഷ്യന്മാര്‍ പെട്ടിക്കട പോലെ വെച്ച് കച്ചവടം നടത്തുന്നുണ്ടായിരുന്നു. അതൊക്കെ കോര്‍പ്പറേഷന്‍ വന്ന് പൊളിച്ചുകൊണ്ടുപോയി. എന്‍റെ ജ്യേഷ്ഠന്‍റെ കടയൊക്കെ അവിടുന്ന് പൊളിച്ചുകൊണ്ടുപോയതാണ്.. ഈ കട ഞാനെന്‍റെ ജ്യേഷ്ഠന് വേണ്ടി എടുത്തതാണ്... അദ്ദേഹത്തിന് പ്രായമൊക്കെ ആയി വരുന്നു.. അദ്ദേഹത്തിന് ഒരു വരുമാനമാവുമല്ലോ, ആ കട. അങ്ങനെ ചെറിയൊരു കട എടുത്തു എന്നേയുള്ളൂ.. അത് ആകെ നൂറ് സ്ക്വയര്‍ ഫീറ്റുമാത്രമുള്ള കടയാണ്. ഞാനത് ഇപ്പോ എന്ത് ഒഴിയാനാണ്... അത് ഓരോരുത്തര് ഫെയ്ക്ക് ആയി ഇടുന്ന കാര്യങ്ങളാണ്... അതിനോട് പ്രതികരിച്ചിട്ട് കാര്യമില്ല...’’- എന്നായിരുന്നു നൌഷാദിന്‍റെ പ്രതികരണം..

TAGS :

Next Story