Quantcast

ഓഡിറ്റിങ്ങിനെ കിയാല്‍ എതിര്‍ക്കാന്‍ കാരണം സി.പി.എം പരസ്യങ്ങള്‍ നിയമവിരുദ്ധമാണെന്ന സി.എ.ജി പരാമര്‍ശത്തെ തുടര്‍ന്നെന്ന് സൂചന

പിണറായി വിജയന്‍ നടത്തിയ നവകേരളാ മാര്‍ച്ച്, ഇ.പി ജയരാജന്റെ വികസന പ്രവര്‍ത്തനങ്ങള്‍, എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ എന്നിവക്കാണ് കിയാല്‍ പരസ്യം നല്‍കിയത്

MediaOne Logo

Web Desk 6

  • Published:

    18 Sep 2019 6:25 AM

ഓഡിറ്റിങ്ങിനെ കിയാല്‍ എതിര്‍ക്കാന്‍ കാരണം സി.പി.എം പരസ്യങ്ങള്‍ നിയമവിരുദ്ധമാണെന്ന സി.എ.ജി പരാമര്‍ശത്തെ തുടര്‍ന്നെന്ന് സൂചന
X

സി.എ.ജി ഓഡിറ്റിങ്ങിനെ കണ്ണൂര്‍ വിമാനത്താവള കമ്പനി എതിര്‍ക്കാന്‍ കാരണം സി.പി.എമ്മിനായി നല്‍കിയ പരസ്യങ്ങള്‍ നിയമവിരുദ്ധമാണെന്ന സി.എ.ജി പരാമര്‍ശത്തെ തുടര്‍ന്നെന്ന് സൂചന. പിണറായി വിജയന്‍ നടത്തിയ നവകേരളാ മാര്‍ച്ച്, ഇ.പി ജയരാജന്റെ വികസന പ്രവര്‍ത്തനങ്ങള്‍, എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ എന്നിവക്കാണ് കിയാല്‍ പരസ്യം നല്‍കിയത്. പരസ്യങ്ങള്‍ക്കെതിരായ പരാമര്‍ശമടങ്ങിയ സി എ ജി പരിശോധനാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

2015-16 വര്‍ഷത്തെ അക്കൌണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് ദേശാഭിമാനിക്ക് കിയാല്‍ നല്‍കിയ മൂന്ന് പരസ്യങ്ങള്‍ സി.എ.ജി യുടെ ശ്രദ്ധയില്‍പ്പെട്ടത്. 2016 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം പൊളിറ്റ് ബ്യൂറോ മെമ്പറായിരുന്ന പിണറായി വിജയന്‍ നടത്തി നവകേരളാ മാര്‍ച്ചിന്റെതാണ് ഒരു പരസ്യം. ഇ.പി ജയരാജന്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് മറ്റൊന്ന്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറയപ്പോള്‍ നല്‍കിയ പരസ്യമാണ് മൂന്നാമത്തേത്. മൂന്നിനുമായി ഒരു ലക്ഷം രൂപയും ദേശാഭിമാനിക്ക് നല്‍കിയിട്ടുണ്ട്. ഈ മൂന്ന് പരസ്യവും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് നല്‍കിയ സംഭാവനക്ക് തുല്യമാണെന്നാണ് സി.എ.ജിയുടെ കണ്ടെത്തല്‍.

ഗവണ്‍മെന്റ് കമ്പനികള്‍ രാഷ്ട്രീയപാര്‍ട്ടിക്ക് പരസ്യ നല്‍കുന്നത് കമ്പനി നിയമത്തിലെ 182 വകുപ്പ് പ്രകാരം നിയമവിരുദ്ധമാണെനനും സി.എ.ജി ചൂണ്ടിക്കാണിക്കുന്നു. കമ്പനിക്ക് പ്രചരണം ലഭിക്കുന്നതിനായാണ് നല്ല പ്രചാരമുള്ല പത്രത്തില്‍ പരസ്യം നല്‍കിയതെന്ന വിമാനത്താവള കമ്പനിയുടെ വാദം സി.എ.ജി തള്ളിക്കളയന്നുമുണ്ട്. എന്നാല്‍ ഈ സംഭവത്തിന് ശേഷം കണ്ണൂര്‍ വിമാനത്താവള കമ്പനിയുടെ ഓഡിറ്റിങ് സി.എ.ജി നടത്തേണ്ടതില്ലെന്ന നിലപാടിലേക്ക് കിയാല്‍ എത്തുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഓഹരി 50 ശതമാനത്തില്‍ താഴെയാണെന്ന വാദം ഉയര്‍ത്തിയായിരുന്നു കിയാല്‍ സി.എ.ജി ഓഡിറ്റ് അനുവദിക്കാത്തത്. എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടേതുള്‍പ്പെടെട 65 ശതമാനത്തോളും സര്‍ക്കാര്‍ ഓഹരിയുണ്ടെന്നും ഓഡിറ്റിങ് നിര്‍ബന്ധമാണെന്ന് സി.എ.ജിയും നിലപാടെടുത്തു.

പാര്‍ട്ടിക്കായി പത്രത്തില്‍ പരസ്യം നല്‍കിയത് ചോദ്യം ചെയ്തത് സി.എ.ജി ഓഡിറ്റിങ് വേണ്ടെന്ന നിലപാടെടുക്കാന്‍ കണ്ണൂര്‍ വിമാനത്താവള കമ്പനിയെ പ്രേരിപ്പിച്ചെന്ന സംശയിക്കേണ്ടി വരുന്ന സാഹചര്യമാണ് സി.എ.ജിയുടെ പരിശോധന റിപ്പോര്‍ട്ട് നല്‍കുന്നത്.

TAGS :

Next Story