Quantcast

ഷാനിമോള്‍ ഉസ്മാന്‍; കേരള രാഷ്ട്രീയത്തിലെ ഫീനിക്സ്!

തോല്‍വിയുടെ ചാരത്തില്‍ നിന്നും ചരിത്രത്തിന്‍റെ താളുകളിലേക്ക്! ഇടതുകോട്ടയെ അട്ടിമറിച്ച് കന്നി വിജയം നേടിയ ഷാനിമോള്‍ ഉസ്മാന്‍ തിരുത്തിയത് 59 വര്‍ഷത്തെ ചരിത്രം.

MediaOne Logo
ഷാനിമോള്‍ ഉസ്മാന്‍; കേരള രാഷ്ട്രീയത്തിലെ ഫീനിക്സ്!
X

മത്സരിച്ച രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലും തോല്‍വി, നേരിട്ട ആദ്യ ലോക്സഭ തിരഞ്ഞെടുപ്പിലും ഭാഗ്യദേവത കനിയാത്ത രാഷ്ട്രീയ നിര്‍ഭാഗ്യത്തിന്‍റെ മുഖം.

ഷാനിമോള്‍ ഉസ്മാന്‍, കേരള രാഷ്ട്രീയ ചരിത്രത്തില്‍ തോറ്റവരുടെ കഥ പറയുമ്പോള്‍ ഇന്നലെ വരെ ഏറ്റവും കൂടുതല്‍ ചേര്‍ത്ത് വായിക്കപ്പെട്ട പേര്. 90കളില്‍ കെ.എസ്.യുവിന്‍റെ ഭാഗമായി വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നു വരവ്. അവിടെ നിന്ന് എന്‍.എസ്.യുവിലേക്ക്. ആലപ്പുഴയിലെ ജില്ലാപഞ്ചായത്തംഗമെന്ന നിലയില്‍ ജനസമ്മിതി. അവിടെ നിന്ന് ആലപ്പുഴ നഗരസഭ ചെയര്‍പേഴ്സണിലേക്ക്. ശേഷം മഹിള കോണ്‍ഗ്രസിന്‍റെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തു നിന്നും കെ.പി.സി.സി യിലേക്ക്‍. 2011ല്‍ കോണ്‍ഗ്രസിന്‍റെ അഖിലേന്ത്യ കമ്മിറ്റിയായ എ.ഐ.സി.സി സെക്രട്ടറിയായി കേരളത്തില്‍ നിന്നുള്ള ആദ്യ വനിത എന്ന പദവിയും.

ഷാനിമോള്‍ ഉസ്മാന്‍ എന്ന പൊതുപ്രവര്‍ത്തകയ്ക്ക് പാര്‍ട്ടിക്കുള്ളില്‍ ലഭിച്ച സ്വീകാര്യതക്ക് അടിവരയിടുന്നതാണ് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റില്‍ നിന്ന് പാര്‍ട്ടിയുടെ എ.ഐ.സി.സി ജനനറല്‍ സെക്രട്ടറിയിലേക്കുള്ള യാത്ര.

പക്ഷേ 90കളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ സജീവമായ ഷാനിമോളെ ജനപ്രതിനിധിയായി മത്സരിക്കാന്‍ കോണ്‍ഗ്രസ് അവസരമൊരുക്കുന്നത് 2006ലാണ്. ഇടതു ശക്തികേന്ദ്രങ്ങളിലൊന്നായ പെരുമ്പാവൂരില്‍ സാജു പോളിനെതിരയായിരുന്നു കന്നിയങ്കം. ആദ്യ അങ്കത്തില്‍ തന്നെ തോല്‍വി വഴങ്ങിയെങ്കിലും 42 ശതമാനം വോട്ടോടെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഷാനിമോള്‍ക്ക് സാധിച്ചു. അതിനു ശേഷം അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി സീറ്റ് നല്‍കയില്ല. തുടര്‍ന്ന് 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും അവസരം നല്‍കിയെങ്കിലും വീണ്ടും പരാജയപ്പെടുകയായിരുന്നു. ഇത്തവണ ഒറ്റപ്പാലത്ത് വെച്ച് പരാജയപ്പെട്ടത് ഇടതുപക്ഷ സ്ഥാനാര്‍ഥി പി.ഉണ്ണിയുടെ കൂടെയായിരുന്നു. ഇത്തവണയും മുന്നണി കൂടി തോറ്റതോടെ വ്യക്തിപരമായ തോല്‍വിയുടെ ആഘാതം കുറവായിരുന്നു.

രണ്ടു നിയമസഭ തോല്‍വികള്‍ക്കു ശേഷവും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഷാനിമോളെ തന്നെ പാര്‍ട്ടി നേതൃത്വം പരിഗണിക്കുകയായിരുന്നു. അഴിമതി രഹിത പ്രതിച്ഛായയും ജനങ്ങളുമായുള്ള ബന്ധവും പരിഗണിച്ച് ഹൈക്കമാന്‍ഡിലേക്കയച്ച ലോക്സഭ പ്രതിനിധി ലിസ്റ്റില്‍ ഏക വനിതയായി ഷാനിമോളും ഉള്‍പ്പെട്ടു.

ദേശീയരാഷ്ട്രീയം ഏറ്റവും നന്നായി പ്രതിഫലിച്ച തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലതു തരഗം ആഞ്ഞടിച്ചു. 20ല്‍ 19 സീറ്റും നേടി വലതു പക്ഷം വിജയം ആഘോഷിക്കുമ്പോള്‍ പരാജയപ്പെട്ട ഏക സീറ്റിലെ വലതു പ്രതിനിധിയായി ഷാനിമോള്‍ ഉസ്മാനും ഉണ്ടായിരുന്നു. മുമ്പ് രണ്ടു തവണ പരാജയപ്പെട്ടപ്പോഴും മുന്നണിയും തോല്‍വി വഴങ്ങിയിരുന്നതിനാല്‍ പരാജയത്തിന്‍റെ അമിതഭാരം ഇല്ലായിരുന്നു. എന്നാല്‍ ഇത്തവണ സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നായി വലതുപക്ഷം വിലയിരുത്തിയ തെരഞ്ഞെടുപ്പില്‍ മുന്നണിയില്‍ തോല്‍വി വഴങ്ങിയ ഏക പ്രതിനിധിയായി മാറുകയായിയിരുന്നു ഷാനിമോള്‍.

പരാജയഭാരം മാറുന്നതിനു മുമ്പ് തന്നെ ഷാനിമോള്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നറുക്ക് വീഴുകയായിരുന്നു. ആരിഫ് പാര്‍ലമെന്‍റിലേക്ക് പോയ ഒഴിവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഷാനിമോളെ പിന്നെയും കോണ്‍ഗ്രസ് നേതൃത്വം പരിഗണിച്ചു. ഉപതെരഞ്ഞെടുപ്പിന്‍റെ സ്ഥാനാര്‍ഥി പരിഗണനയില്‍ ഷാനിമോള്‍ക്ക് തുണയായത് ആരിഫിനെതിരെ അരൂര്‍ മണ്ഡലത്തില്‍ നേടിയ ലീഡിന്‍റെ പിന്‍ബലവും.

എന്നാല്‍ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം എതിര്‍ ചേരിയില്‍ നിന്നു വന്ന പരാമര്‍ശങ്ങള്‍ ഏറെ വിവാദമുണ്ടാക്കിയിരുന്നു.

എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന്‍ ആണ് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. ഷാനിമോള്‍ ഉസ്മാന്‍റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന്‍റെ പരാജയം ആണ് സൂചിപ്പിക്കുന്നതെന്നും കാന്തപുരം നിയോഗിച്ച സ്ഥാനാര്‍ഥിയാണോ ഷാനിമോള്‍ എന്ന ചര്‍ച്ച നടക്കുന്നുണ്ടെന്നും ആയിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനാണ് പിന്നീട് പരാമര്‍ശവുമായി വിവാദത്തിന് എണ്ണയൊഴിച്ചത്. പൂതനമാർക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നാണ് ജി സുധാകരൻ പറഞ്ഞത്. കള്ളം പറഞ്ഞും മുതലക്കണ്ണീർ ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാൻ ശ്രമിക്കുന്നതെന്നും ജി സുധാകരൻ ആരോപിച്ചു. സംഭവം വിവാദമായതോടെ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ ഉപദ്രവിക്കരുതെന്നും പറഞ്ഞ് സുധാകരന്‍ കൈമലര്‍ത്തുകയായിരുന്നു.

വികസനം കടലാസിലല്ല വേണ്ടതെന്നും, സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന ജനപ്രതിനിധിയാകാനാണ് അരൂരിൽ വോട്ട് തേടുന്നതെന്നുമാണ് ഷാനിമോള്‍ ഉസ്മാന്‍ അന്ന് ഇതിനോട് പ്രതികരിച്ചത്. സംഭവത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് ഷാനിമോള്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കുമെല്ലാം മറുപടിയുയായാണ് ഉപതെരഞ്ഞെടുപ്പ് വിജയവുമായി ഷാനിമോള്‍ കോണ്‍ഗ്രസിന് മധുരം സമ്മാനിച്ചത്. വട്ടിയൂര്‍ക്കാവിലും കോന്നിയിലും സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ട കോണ്‍ഗ്രസിന് അപ്രതീക്ഷിത വിജയമാണ് അരൂരില്‍ ഷാനിമോള്‍ നേടിക്കൊടുത്തത്. 1957 ൽ മണ്ഡലം രൂപീകരിച്ച ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ ആദ്യ രണ്ടു തെരഞ്ഞെടുപ്പില്‍ മാത്രമാണ് ഇതിനു മുമ്പ് കോണ്‍ഗ്രസിനു വിജയിക്കാനായത്. 65നു ശേഷം നടന്ന 10 തെരഞ്ഞെടുപ്പുകളിലും അരൂർ മണ്ഡലം ഇടതുപക്ഷത്തോടൊപ്പമായിരുന്നു. 59 വര്‍ഷം ഇടതിനൊപ്പം നിന്ന പൊന്നാപുരം കോട്ടയിലാണ് ഷാനിമോള്‍ ഉസ്മാന്‍ എന്ന പെണ്‍ കരുത്തിന്‍റെ ‘കൈപ്പത്തി’ പതിയുന്നത്.

തോല്‍വികളുടെ കഥ പറയുന്ന ചരിത്ര താളുകളില്‍ വിജയത്തിന്‍റെ പൊന്‍തൂവല്‍ തുന്നിച്ചേര്‍ത്തു കൊണ്ടാണ് ഷാനിമോള്‍ ഇത്തവണ ചിരിച്ചത്.

TAGS :

Next Story