Quantcast

സമ്പർക്ക രോഗികൾ വർധിക്കുന്നു; മലപ്പുറത്ത് ആശങ്ക, പൊന്നാനിയിൽ അതീവ ജാഗ്രത

സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനത്തോത് കൂടുതലായ സാഹചര്യത്തില്‍ പൊന്നാനി താലൂക്ക് പരിധിയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും.

MediaOne Logo

Web Desk

  • Published:

    9 July 2020 1:13 PM GMT

സമ്പർക്ക രോഗികൾ വർധിക്കുന്നു; മലപ്പുറത്ത് ആശങ്ക, പൊന്നാനിയിൽ അതീവ ജാഗ്രത
X

സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനത്തോത് കൂടുതലായ സാഹചര്യത്തില്‍ പൊന്നാനി താലൂക്ക് പരിധിയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും. ഇതിനു പുറമെ പൊന്നാനി നഗരസഭയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാനും ജില്ലാ ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചു. രോഗ ലക്ഷണങ്ങളില്ലാത്തവ രില്‍ നടത്തിയ സാമ്പിള്‍ സര്‍വേയില്‍ പോലും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നുണ്ട്.

ജൂണില്‍ നടത്തിയ സെന്റിനല്‍ സര്‍വൈലന്‍സ് പരിശോധനയില്‍ വട്ടം കുളം പഞ്ചായത്തില്‍ 10 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. പൊന്നാനിയിലും പരിസരങ്ങളിലുമായി മാത്രം ഇപ്പോള്‍ 50 പോസിറ്റീവ് കേസുകളുണ്ട്. ജൂലൈ ആറിന് വട്ടംകുളം പഞ്ചായത്തില്‍ 151 പേരുടെ സ്രവ പരിശോധന നടത്തിയതില്‍ ഒരാള്‍ക്കും ജൂലൈ എട്ടിന് കാലടിയില്‍ 152 പേരെ പരിശോധിച്ചതില്‍ ഒരാള്‍ക്കും ജൂലൈ ആറിന് ആലങ്കോട് പഞ്ചായത്തില്‍ 93 പേരെ പരിശോധിച്ചതില്‍ രണ്ട് പേര്‍ക്കും പൊന്നാനി നഗരസഭയില്‍ ജൂലൈ ആറിന് 107 പേരെ പരിശോധിച്ചതില്‍ രണ്ട് പേര്‍ക്കും ജൂലൈ ഏഴിന് 299 പേരെ പരിശോധിച്ചതില്‍ ആറ് പേര്‍ക്കും ജൂലൈ എട്ടിന് 310 പേരെ പരിശോധിച്ചതില്‍ 15 പേര്‍ക്കും പോസിറ്റീവാണെന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്നു.

മാറഞ്ചേരി പഞ്ചായത്തില്‍ 120 പേരെ സ്രവ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ ഒരാള്‍ക്കും പെരുമ്പടപ്പില്‍ 149 പേരെ പരിശോധിച്ചതില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മേഖലയില്‍ വെറും മൂന്ന് ദിവസം കൊണ്ട് 30 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. പത്ത് വയസിനും 60 വയസിനുമിടയിലുള്ളവരും വീടിന് പുറത്തിറങ്ങരുത്. ജീവിത ശൈലി രോഗങ്ങളോ മറ്റ് രോഗങ്ങളോ ഉള്ളവര്‍ ചികിത്സാര്‍ഥമല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല. രോഗപ്രതിരോധത്തിനായി മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണം.

സമ്പര്‍ക്കത്തിലൂടെ രോഗ വ്യാപനം കൂടുതലായ പൊന്നാനി നഗരസഭാ പരിധിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും. മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം എന്നീ അടിയന്തിര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ക്ക് നിരോധനമുണ്ട്. വിവാഹം, മരണാന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകള്‍ക്കേ ഒത്തു കൂടാന്‍ അനുമതിയുള്ളൂ. പാല്‍, പത്രം, മീഡിയ, മെഡിക്കല്‍ ലാബ് എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. പൊന്നാനി നഗരസഭാ പരിധിയില്‍ ഞായാറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണായിരിക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

പൊന്നാനി നഗരസഭാ പരിധിയില്‍ അവശ്യവസ്തുക്കള്‍ വാങ്ങുന്നതുള്‍പ്പടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്ന ആളുകള്‍ നിര്‍ബന്ധമായും റേഷന്‍ കാര്‍ഡ് കൈവശം വെക്കണം. റേഷന്‍ കാര്‍ഡില്ലാത്ത ആളുകള്‍ നഗരസഭ ഓഫീസില്‍ നിന്ന് പ്രത്യേക അനുമതി പത്രം വാങ്ങി കൈവശം വെക്കണം. കുട്ടികളും 65 വയസിന് മുകളില്‍ പ്രായമുള്ളവരുമല്ലാത്ത റേഷന്‍ കാര്‍ഡില്‍ പേരുള്ള ആളുകള്‍ മാത്രമേ പുറത്തിറങ്ങാവൂ. തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം ഒറ്റ അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്കും ചൊവ്വ, വ്യാഴം , ശനി എന്നീ ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം ഇരട്ട അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്കും അവശ്യവസ്തുക്കള്‍ വാങ്ങുന്നതിലേക്കായി മാത്രം യാത്ര അനുവദിക്കും. റേഷന്‍ കാര്‍ഡ് യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടുള്ളതല്ല.

TAGS :

Next Story